തിരുവനന്തപുരം: മന്ത്രി രാജീവിന്റെ കോപത്തിൽ സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥന് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള മെഡൽ പ്രഖ്യാപനത്തിലാണ് സസ്‌പെൻഷനിലായ ഉദോഗസ്ഥനും ഉൾപ്പെട്ടത്. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ചായിരുന്നു സസ്‌പെൻഷൻ. ഗ്രേഡ് എസ് ഐ എസ് എസ് സാബു രാജനാണ് മെഡലിന് അർഹനായത്.

സസ്‌പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. പൊലീസ് സേനക്കുള്ളിൽ ഈ നടപടിക്കെതിരെ കടുത്ത അതൃപ്തി ഉടലെടുത്തിരുന്നു. മന്ത്രി പി രാജീവിന് പൈലറ്റു പോയ എസ് ഐയെ ഇന്നലെയാണ് കമ്മീഷണർ സസ്‌പെൻസ് ചെയ്തത്. മന്ത്രി നീരസം അറിയിച്ചതുകൊണ്ട് സസ്‌പെൻഡ് ചെയ്തുവെന്നായിരുന്നു വിശദീകരണം.

തിരിക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. ഈ സ്ഥലം മാറ്റം മന്ത്രിക്ക് ഇഷ്ടമായിരുന്നില്ല. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ് ഐയെയും ഒരു പൊലീസുകാരനെയുമാണ് സസ്‌പെൻഡ് ചെയ്തത്. പള്ളിച്ചൽ മുതൽ വെട്ട്‌റോഡ് വരെ മന്ത്രിക്ക് എസ്‌കോർട്ട് പോയ ജീപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് ഇന്നലെ സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗതാഗതകുരുക്ക് ഒഴിവാക്കാൻ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ പതിവ് റൂട്ട് മാറ്റിയതിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് മന്ത്രി പരാതി അറിയിച്ചു. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവുമുണ്ടാക്കിയെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥരെ കമ്മീഷണർ ജി സ്പർജൻ കുമാർ സസ്‌പെൻഡ് ചെയ്ത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി പി രാജീവിന്റെ ഓഫീസ് രംഗത്തെത്തി. പൊലീസുകാർക്കെതിരെ നടപടിക്ക് മന്ത്രി ആവശ്യപ്പെട്ടില്ലെന്നാണ് പി രാജീവിന്റെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. മന്ത്രിയുടെ ഗൺമാന്റെ പരാതിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ്. പി രാജീവിന്റെ ഗൺമാൻ സാബുവാണ് പരാതി അറിയിച്ചത്. കൺട്രോൾ റൂമിലും ഒരു എഡിജിപിയെയും വിളിച്ചത് സാബുവാണ്. കമ്മീഷണറുടെ നടപടിയുണ്ടായത് ഗൺമാന്റെ പരാതിയിലാണെന്നും പി രാജീവിന്റെ ഓഫീസ് വിശദീകരിക്കുന്നു.