മസ്‌ക്കറ്റ്: സലാലയിലെ ഫ്‌ലാറ്റിൽ മലയാളിയായ ചിക്കു കൊല്ലപ്പെട്ട കേസിലെ കുറ്റവാളിയെ ഇനിയും ഒമാൻ പൊലീസിന് കണ്ടെത്താനായിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമാൻ റോയൽ പൊലീസ് പലരേയും ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ യഥാർഥ കുറ്റവാളിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ചിക്കുവിന്റെ ഭർത്താവ് ലിൻസൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഭാര്യയെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ചെയ്ത കാര്യങ്ങളാണ് ലിൻസണെ സംശയ നിഴലിൽ ആക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ വിരലടയാളങ്ങൾ കൊലപാതകം നടന്ന മുറിയിൽ പതിഞ്ഞിരുന്നു. ഇതുകൊണ്ട് കൂടിയാണ് ലിൻസണെ ഒമാൻ പൊലീസ് വിട്ടയയ്ക്കാത്തത്. അതിനിടെ ലിൻസനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നാളെ പൂർത്തിയാകുമെന്നാണ് വിവരം ലഭിച്ചതെന്നും നടപടിക്രമങ്ങൾ പൂർത്തിയായാൽ ലിൻസനെ നാട്ടിലെത്തിക്കാനാകുമെന്നും ബാദർ അൽ സാ മാ ഗ്രൂപ്പ് ഓഫ് ഹോസ്പ്പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റിവ് ഡയറക്ടറുടെ സെക്രട്ടറി ജെയ്‌സൺ പറഞ്ഞു.

ചിക്കുവിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയ ജെയ്‌സണ് അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. റോയൽ ഒമാൻ പൊലീസ് ഇന്ത്യൻ എംബസിയുമായി മാത്രമേ കൂടുതൽ അന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുകയുള്ളൂ. ആശുപത്രിയിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയതായി ജെയ്‌സൺ പറഞ്ഞു. ഡോഗ് സ്‌ക്വാഡെത്തി ഫ്‌ലാറ്റിൽ പരിശോധന നടത്തി. ഫ്‌ലാറ്റിന്റെ കെയർടേക്കറായ പാക്കിസ്ഥാൻ സ്വദേശി ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതെന്നും ജെയ്‌സൺ പറഞ്ഞു.

കാര്യങ്ങൾ ജെയ്‌സൺ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒരേ ആശുപത്രിയിലെ ജീവനക്കാരായ ചിക്കുവും ഭർത്താവ് ചങ്ങനാശേരി മാടപ്പിള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പിൽ ലിൻസനും താമസിക്കുന്ന ഫ്‌ലാറ്റ് ആശുപത്രിയുടെ എതിർവശത്താണ്. മൂന്നു നിലയുള്ള ഫ്‌ലാറ്റിലെ ഒന്നാം നിലയിലാണ് ഇവരുടെ താമസം. രാത്രി 10 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട ചിക്കു ആശുപത്രിയിൽ എത്താതിരുന്നതിനെത്തുടർന്ന് ആശുപത്രിയിൽനിന്നുx ലിൻസൺ ഫ്‌ലാറ്റിൽ അന്വേഷിച്ചു ചെന്നു. സാധാരണ 9.55ന് ആശുപത്രിയിലെത്തി പഞ്ച് ചെയ്യേണ്ടതുണ്ട്. ഫ്‌ലാറ്റിന്റെ വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. ചിക്കുവിന്റെയും ലിൻസന്റെയും കയ്യിൽ ഓരോ താക്കോൽ വീതം സൂക്ഷിച്ചിട്ടുണ്ട്. ലിൻസൺ താക്കോലിട്ട് വാതിൽ തുറന്നു. ബെഡ്‌റൂമിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. കട്ടിലിൽ പുതപ്പിട്ട് മൂടിയ നിലയിലായിരുന്നു ചിക്കു. ഉറങ്ങുകയാണെന്നു കരുതി തട്ടിവിളിച്ചെങ്കിലും എഴുന്നേറ്റില്ല. പുതപ്പുമാറ്റി നോക്കിയപ്പോൾ രക്തം കണ്ടു. ഇതോടെ വെപ്രാളത്തിലായി ലിൻസൺ. ഭാര്യയെ രക്ഷിക്കുക എന്നതിനാൽ ആദ്യ പരിഗണന നല്കിയ ലിൻസൻ ഉടൻ തന്നെ ആശുപത്രിയിൽ വിളിച്ച് ആംബുലൻ വിളിച്ചുവരുത്തി.

ഗർഭിണി ആയതിനാൽ അത്തരത്തിലുള്ള അപകടസാധ്യതകൾ ഉണ്ടായിരിക്കാമെന്ന കണക്കുകൂട്ടലിൽ ആശുപത്രിയിൽ നിന്നു ജീവൻരക്ഷാ സംവിധാനങ്ങളുമായി ഡോക്ടർമാരും നഴ്‌സുമാരും എത്തി. ഡോക്ടറുടെ പരിശോധനയിൽ പൾസ് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ആംബുലൻസിൽ സലാലയിലെ സുൽത്താൻ കാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചിക്കുവിന്റെ ദേഹത്തുണ്ടായിരുന്ന 12 പവനിലേറെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. കാതുകൾ അറുത്തെടുത്ത നിലയിലാണ് കാണപ്പെട്ടത്. ദേഹമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കൊലയാളിയുടെ കുത്ത് തടുത്തതുപോലെയുള്ള പാടുകൾ ഇരുകൈകളിലുമുണ്ട്. കിടപ്പുമുറിയുടെ ജനൽ തുറന്നുകിടക്കുകയായിരുന്നു. മുറിക്കുള്ളിൽ കടക്കാവുന്ന വിധത്തിൽ വിസ്താരമുള്ള ജനലുകളാണ്. പരിശോധനയ്‌ക്കെത്തിയ നായ ജനലിന് ഉള്ളിലൂടെ പുറത്തേക്കു ചാടി സമീപത്തെ മതിൽ വരെ ഓടി. ചിക്കു ഉപയോഗിച്ചിരുന്ന താക്കോൽ കിടപ്പുമുറിയിൽ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം അക്രമി ചിക്കു കിടന്ന മുറിയുടെ വാതിലും വീടും പുറത്തുനിന്നും പൂട്ടിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഭർത്താവ് ലിൻസൺ വന്നപോൾ അടച്ചു പൂട്ടിയ മുറിയാണ് കണ്ടത്. ചിക്കു ജോലിചെയ്യുന്ന ആശുപത്രി സ്റ്റാഫ് വന്നപ്പോഴും പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് അനുജൻ ലിജുവും വെളിപ്പെടുത്തി. അതേ സമയം കസ്റ്റഡിയിലുള്ള ലിൻസൻ നിരപരാധിയാണെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വിദേശ്യകാര്യ വകുപ്പിനും ഇന്ത്യൻ അധികൃതർക്കും ലഭ്യമായ സൂചകൾ പ്രകാരമാണ് മുഖ്യമന്ത്രി ഇതു പറഞ്ഞതെന്നും കരുതുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ലിൻസന്റെ കുടുംബത്തിനും ചിക്കുവിന്റെ വീട്ടുകാർക്കും ആശ്വാസമായി.

കഴിഞ്ഞ 20 നാണ് കറുകുറ്റി തെക്കേൽ അയിരൂക്കാരൻ റോബർട്ടിന്റെ മകൾ ചിക്കു (27) നെ താമസസ്ഥലത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്നു രാവിലെ 6.30 ഓടെ ഒമാൻ എയർവേയ്‌സ് വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടന്നു.