കൊച്ചി: സലാലയിൽ മലയാളി നഴ്‌സ് ചിക്കു റോബർട്ട് കുത്തേറ്റു മരിച്ച കേസ് അന്വേഷണത്തിൽ വ്യക്തത വരുത്താൻ ഒമാൻ പൊലീസ് തയ്യാറല്ല. ചിക്കുവിന്റെ ഭർത്താവിനെ കുറ്റക്കാരനെന്ന് കണ്ട് ഒമാൻ കോടതി റിമാൻഡ് ചെയ്തുവെന്ന വാർത്തകൾ സ്ഥിരീകരിക്കാൻ ഇന്ത്യൻ എംബസിക്ക് കഴിയുന്നില്ല. അതിനിടെ മകളുടെ ഭർത്താവിനെ കുറ്റക്കാരനെന്ന് കണ്ട് റിമാൻഡ് ചെയ്‌തെന്ന പ്രചരണം തെറ്റാണെന്ന് ചിക്കുവിന്റെ അച്ഛൻ റോബർട്ട് മറുനാടൻ മലയാളിയോട് പറഞ്ഞു.

ചിക്കു മരിച്ചപ്പോൾ തന്നെ റോബർട്ടിനെ ഒമാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ മരുമകൻ കുറ്റം ചെയ്തില്ലെന്നായിരുന്നു ചിക്കുവിന്റെ അച്ഛൻ റോബർട്ട് പറഞ്ഞിരുന്നത്. ഈ നിലപാടിൽ അദ്ദേഹം ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നാണ് സൂചന. റോബർട്ടിനെ കേസിൽ പ്രതിയാക്കി റിമാൻഡ് ചെയ്തുവെന്ന വാർത്ത തന്റേയും ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് മസ്‌ക്കറ്റിലെ ബന്ധുവുമായി ബന്ധപ്പെട്ടു. ശശിയെന്ന അടുത്ത ബന്ധുകാര്യങ്ങൾ തിരക്കിയതിൽ നിന്ന് അറസ്റ്റ് എന്നത് ശരിയല്ലെന്ന് മനസ്സിലായി. ലിൻസൺ ഇപ്പോഴും ഒമാൻ പൊലീസിന്റെ കരുതൽ തടങ്കലിലാണെന്ന് തന്നെ ബന്ധു അറിയിച്ചെന്നും റോബർട്ട് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്ത്യൻ എംബസിക്കും ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല.

ഒമാനിലെ ഇന്ത്യൻ എംബസി വൃത്തങ്ങളെ മറുനാടൻ മലയാളിയും ബന്ധപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഒരുവിവരവും ഒമാൻ പൊലീസ് പങ്കുവയ്ക്കുന്നില്ലെന്നാണ് അവർ നൽകുന്ന സൂചന. ലിൻസൺ കരുതൽ തടങ്കലിലാണെന്ന് മാത്രമാണ് ഔദ്യോഗികമായുള്ള വിവരം. ഇതും ആഴ്ചകൾക്ക് മുമ്പ് കിട്ടിയ വിവരമാണ്. ലിൻസണെ ഒന്നരമാസമായി കരുതൽ തടങ്കലിൽ വയ്ക്കുന്നതിൽ എംബസിക്കും യോജിപ്പില്ല. എന്നാൽ ഒമാനിലെ നിയമസംവിധാനത്തിൽ ഇതെല്ലാം സർവ്വസാധാരണമാണെന്ന് എംബസിയിലെ ഉദ്യോഗസ്ഥരും പറയുന്നു. ഇതോടെ ചിക്കുവിന്റേയും ലിൻസണിന്റേയും ബന്ധുക്കൾ തീർത്തും നിരാശരുമാണ്. ആർക്കും ഒരു വിവരവുമില്ലാത്ത അവസ്ഥ. ഒന്നരമാസമായി എന്തുകൊണ്ട് ലിൻസണെ പൊലീസ് തടങ്കലിൽ വച്ചിരിക്കുന്നുവെന്നതാണ് ഇതിന് കാരണം.

അതിനിടെ കേസിൽ ലിൻസണെ വിശദമായി ചോദ്യം ചെയ്യാൻ ഒമാൻ പൊലീസ് തീരുമാനിച്ചു എന്നാണ് സൂചന. ചിക്കുവിനെ കൊന്നത് ഭർത്താവ് തന്നെയാണെന്ന് ഒമാൻ പൊലീസ് സൂചന നൽകുന്നു. വ്യക്തമായ സൂചനകൾ ഉള്ള സാഹചര്യത്തിലാണ് ലിൻസണെ കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത് എന്നാണഅ ഒമാൻ പൊലീസ് പറയുന്നത്. സാഹചര്യ തെളിവുകളാണ് ഇതിന് കാരണം. ചിക്കുവിന്റെ ശരീരത്തിൽ കാണപ്പെട്ടത് ലിൻസന്റെ വിരലടയാളം മാത്രമായിരുന്നു. മറ്റാരുടെയും വിരലടയാളം ഒമാൻ പൊലീസിന് ലഭിച്ചില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ലിൻസനെ പ്രതിയാക്കാൻ തന്നെയാണ് തീരുമാനം.

കൊലപാതകവുമായി ബന്ധപ്പെട്ട് നാലായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിയെക്കുറിച്ചോ കൊലപാതകത്തിലേക്ക് നയിച്ച കാര്യത്തെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭ്യമായില്ല. എന്നാൽ ഇതിലെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചെന്നാണ് ഒമാൻ പൊലീസ് പറയുന്നത്. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി ലിൻസനെ പൊലീസ് കസ്റ്റഡിലെടുത്തത്. ചില പാക്കിസ്ഥാൻ സ്വദേശികളേയും കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇവരെ അടുത്ത ദിവസങ്ങളിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇതോടെ ലിൻസൺ നിരപരാധിയാണെന്ന് ചിക്കുവിന്റെ ബന്ധുക്കൾ തന്നെ വിശദീകരിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയും ഇടപടൽ നടത്തി. എന്നാൽ ലിൻസണെ കുറ്റവിമുക്തനാക്കാൻ ഇനിയും ഒമാൻ പൊലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ഏപ്രിൽ 20നാണ് താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരൻ വീട്ടിൽ റോബർട്ടിന്റെ മകൾ ചിക്കു(27)നെ കൊല്ലപ്പെട്ട നിലയിൽ ഒമാനിലെ ഫ്‌ലാറ്റിൽ കണ്ടെത്തിയത്. ഭർത്താവ് ലിൻസൺ സംഭവ സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. കൊലപാതകത്തിന്നു ശേഷം ചിക്കുവിന്റെ കാതിലെ കമ്മൽ അടക്കം 12 ഓളം പവൻ സ്വർണവും അപഹരിക്കപ്പെട്ടിരുന്നു. പുറമേനിന്നും ആരും ഫ്‌ലാറ്റിൽ എത്തിയില്ലെന്ന് വ്യക്തമായതടെയാണ് പൊലീസ് ലിൻസനിലേക്ക് കൂടുതൽ അന്വേഷണം വ്യാപിപ്പിച്ചത്. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. കൊലപാതകം നടന്ന ദിവസം ചിക്കു ജോലിക്ക് എത്തേണ്ട സമയമായിട്ടും എത്താത്തതിനെ തുടർന്ന് ഫ്ളാറ്റിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ നിലപാട്.

സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായിരുന്നു ചിക്കു റോബർട്ട്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്ളാറ്റിലേക്കു മാറിയത്. ഫ്ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് കൊലയാളി ഉള്ളിൽ കടന്നത്. ലിൻസണിന് രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല.

തുടർന്ന് ലിൻസൻ ഫ്ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും. താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്യുന്ന ആശുപത്രി.