മസ്‌കറ്റ്/കൊച്ചി: നോമ്പുകാലം കഴിഞ്ഞാൽ ലിൻസണെ ഓമാൻ പൊലീസ് മോചിപ്പിക്കുമെന്ന പ്രതീക്ഷയിൽ ബന്ധുക്കൾ. സലാലയിൽ മലയാളി നഴ്‌സ് ചിക്കു കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവൊന്നും ഒമാൻ പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നോമ്പ് കഴിഞ്ഞാൽ ചിക്കുവിന്റെ ഭർത്താവ് ലിൻസനെ ഒമാൻ പൊലീസ് വിട്ടയയ്ക്കുമെന്നാണ് ഇന്ത്യൻ എംബസിയും നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്നുമില്ല.

കഴിഞ്ഞ ഏപ്രിൽ 20നാണ് എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശിനി ചിക്കു റോബർട്ടിനെ സലാലയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തെിയത്. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ചോദ്യംചെയ്യാനായിട്ടാണ് ലിൻസനെ പൊലീസ് വിളിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും തെളിവെടുപ്പിന്റെ ഭാഗമായാണ് ലിൻസനെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരു വിവരവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ചിക്കുവിന്റെ മൃതദേഹത്തിൽ ലിൻസന്റെ വിരലടയാളം ഉണ്ടായിരുന്നു. ഇതാണ് ലിൻസന് വിനയായത്. ഇതിനപ്പുറം ഒരു തെളിവും പൊലീസിന് കിട്ടിയതുമില്ല. അതിനാൽ ലിൻസനെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയായിരുന്നു.

ദമ്പതിമാരുമായി പരിചയമുള്ളവരിൽ നിന്നും കൂട്ടുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും റോയൽ ഒമാൻ പൊലീസ് ഇതിനകം വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. എന്നാൽ ലിൻസനിനെതിരെ പൊലീസിന് മൊഴിയൊന്നും കിട്ടിയില്ല. വിരലടയാളം മാത്രം തെളിവായെടുത്ത് ലിൻസനെ കസ്റ്റഡിയിൽ വയ്ക്കുന്നതിനെതിരെ പ്രതിഷേധവും ഉയർന്നു. ഈ സാഹചര്യത്തിൽ നോമ്പുകാലം കഴിഞ്ഞാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മോചിപ്പിക്കുമെന്നാണ് സൂചന. എങ്കിലും കേസ് അന്വേഷണം തീരും വരെ ലിൻസന് ഒമാനിൽ തന്നെ തുടരേണ്ടി വരുമെന്നും സൂചനയുണ്ട്. ആസൂത്രിത കൊലപാതകമെന്ന് പൊലീസ് വിലയിരുത്തുന്ന കേസിൽ ഇതുവരെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ലിൻസണിന്റെ കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇടപെടുകയും ചെയ്തു. എന്നിട്ടും മോചനം സാധ്യമായില്ല.

ചിക്കുവിനു അപായം സംഭവിക്കുന്ന സമയത്തു ലിൻസൺ ഓഫീസിൽ ഉണ്ടായിരുന്നു അത് അവിടുത്തെ സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്, ലിൻസന്റെ കൂടെ ജോലി ചെയ്യുന്നവരുടെ മൊഴികൾ പൊലീസ് എടുത്തിട്ടും ലിൻസൺ എന്തുകൊണ്ട് ഇപ്പോഴും കസ്റ്റഡിയിൽ തന്നെ ഇരിക്കുന്നു എന്നത് വ്യക്തമാക്കുന്നില്ല എന്നും ചിക്കുവിന്റെ പിതാവ് റോബർട്ടും പറയുന്നു. മകൾ പോയി, ഇനി ലിൻസന്റെ മോചനമാണ് തന്റെയും ഇരു വീട്ടുകാരുടെയും ലക്ഷ്യമെന്നു ചിക്കുവിന്റെ പിതാവ് റോബർട്ട് പറയുന്നു. ഇന്ത്യൻ എംബസി കൃത്യമായി പ്രവർത്തിച്ചാൽ ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു വരുമെന്നും ഒപ്പം ലിൻസന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കുമെന്നും ഇവരുടെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നു. നോമ്പുകാലമായതിനാൽ ഓമനിൽ പല ഓഫീസുകളും പൂർണ്ണ തോതിൽ പ്രവർത്തിക്കുന്നില്ല. ഇതും ലിൻസനിന്റെ മോചന ശ്രമങ്ങളെ ബാധിച്ചിട്ടുണ്ട്.

അതിനിടെ, കൊലപാതക കേസിൽ സാഹചര്യത്തെളിവുകൾ ഭർത്താവിനെതിരാണെന്നും ലിൻസനെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായും സൂചന പുറത്തുവന്നു. എന്നാൽ ഈ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് സലാലയിലെ ഇന്ത്യൻ എംബസി പ്രതിനിധി മൻപ്രീത് സിങ്ങും ലിൻസന്റെ ബന്ധു ജയ്‌സണും അറിയിച്ചു. ഇതിനിടെ ലിൻസനെ സന്ദർശിക്കാൻ ജയ്‌സണെ പൊലീസ് അനുവദിക്കുകയും ചെയ്തു. പൊലീസിന്റെ സാന്നിധ്യത്തിൽ നാട്ടിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. താമസസ്ഥലത്ത് കുത്തേറ്റുമരിച്ച നിലയിലായിരുന്നു ചിക്കുവിന്റെ മൃതദേഹം കണ്ടത്തെിയത്. ചെവി അറുത്ത് ആഭരണങ്ങൾ കവർന്നിരുന്നു. ലിൻസനൊപ്പം ചോദ്യം ചെയ്യാൻ വിളിപ്പിച്ച പാക്കിസ്ഥാൻ സ്വദേശിയെ കുറച്ചുദിവസത്തിനുശേഷം പൊലീസ് വിട്ടയച്ചിരുന്നു. അങ്കമാലി കറുകുറ്റി അസീസി നഗറിൽ തെക്കേതിൽ അയിരുക്കാരൻ റോബർട്ട്-സാബി ദമ്പതിമാരുടെ മകളാണ് ചിക്കു. ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിയാണ് ലിൻസൻ.

ഏപ്രിൽ 20നാണ് താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരൻ വീട്ടിൽ റോബർട്ടിന്റെ മകൾ ചിക്കു(27)നെ കൊല്ലപ്പെട്ട നിലയിൽ ഒമാനിലെ ഫ്‌ലാറ്റിൽ കണ്ടെത്തിയത്. ഭർത്താവ് ലിൻസൺ സംഭവ സമയത്ത് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. കൊലപാതകത്തിന്നു ശേഷം ചിക്കുവിന്റെ കാതിലെ കമ്മൽ അടക്കം 12 ഓളം പവൻ സ്വർണവും അപഹരിക്കപ്പെട്ടിരുന്നു. പുറമേനിന്നും ആരും ഫ്‌ലാറ്റിൽ എത്തിയില്ലെന്ന് വ്യക്തമായതടെയാണ് പൊലീസ് ലിൻസനിലേക്ക് കൂടുതൽ അന്വേഷണം വ്യാപിപ്പിച്ചത്. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. കൊലപാതകം നടന്ന ദിവസം ചിക്കു ജോലിക്ക് എത്തേണ്ട സമയമായിട്ടും എത്താത്തതിനെ തുടർന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ നിലപാട്.

സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായിരുന്നു ചിക്കു റോബർട്ട്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് കൊലയാളി ഉള്ളിൽ കടന്നത്. ലിൻസണിന് രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല.

തുടർന്ന് ലിൻസൻ ഫ്‌ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്. പഠിക്കാൻ മിടുക്കിയായിരുന്നു ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ചിക്കു. ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ നഴ്‌സിങ് പഠിച്ചയുടൻ ഒമാനിലെ സലാലയിൽ ജോലി കിട്ടി. അവിടെ ബദർ അൽ സമ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണു സഹപ്രവർത്തകൻ ലിൻസനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബർ 24ന് ഇരുവരും വിവാഹിതരായതും. താമസിക്കുന്ന ഫ്‌ലാറ്റിനോടു ചേർന്നുള്ള റോഡിന് അപ്പുറത്താണ് ഇവർ ജോലി ചെയ്യുന്ന ആശുപത്രി.