പ്രാമിൽ ഉറങ്ങിക്കിടന്ന അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ച 64-കാരന് കോടതി വിധിച്ചത് 9 ലക്ഷം രൂപ ശിക്ഷ മാത്രം. മാഞ്ചസ്റ്ററിലെ ബഗൂലെയിലുള്ള ഷോറൂമിൽവച്ചാണ് സംഭവം. ഡേവിഡ് ഹാർഡിയെന്നയാളാണ് എൽസി ടെംപിളെന്ന കുഞ്ഞിന്റെ മുഖത്തടിച്ചത്. അമ്മ ആമി ഡക്കേഴ്‌സ് കുഞ്ഞിനെ ബോബി കോട്ടിൽ തള്ളിക്കൊണ്ടുവരവെയാണ് ഹാർഡിയുടെ അപ്രതീക്ഷിത നടപടി.

വേദനകൊണ്ട് പുളഞ്ഞ കുഞ്ഞ് ഉടനെ കരയാൻ തുടങ്ങി. കുഞ്ഞിന്റെ തലയിൽ മുട്ടയുടെ വലിപ്പത്തിൽ മുഴച്ചുവരികയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഏഴുവയസ്സുകാരി സഹോദരി ലിബ്ബി ഇതുകണ്ട് ഉറക്കകരയുകയും കണ്ടുനിന്നവരൊക്കെ ഓടിക്കൂടുകയും ചെയ്തു. ഇതേത്തുടർന്നാണ് ഹാർഡിക്കെതിരെ പൊലീസ് കേസ്സെടുത്തത്.

എന്നാൽ, കേസ് പരിഗണിച്ച മാഞ്ചസ്റ്റർ ജില്ലാ കോടതി ഹാർഡിയെ വധശ്രമത്തിന് ശിക്ഷിക്കാൻ വിസമ്മതിച്ചു. 900 പൗണ്ട് പിഴയടക്കാൻ ഉത്തരവി്ട്ട കോടതി, 100 പൗണ്ട് എൽസിയുടെ കുടുംബത്തിന് നൽകാനും 500 പൗണ്ട് കോടതിച്ചെലവ് നൽകാനും ആവശ്യപ്പെട്ടു. എന്നാൽ, കോടതി വിധി എൽസിയുടെ കുടുംബത്തെ ഞെട്ടിച്ചു. അഞ്ചുദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഇടിച്ച് മൃതപ്രായനാക്കിയ ഒരാൾക്ക് ഇത്ര കുറഞ്ഞ ശിക്ഷ നൽകിയത് നീതി നിഷേധമാണെന്ന് കുടുംബം ആരോപിച്ചു.

കോടതി വിധി തന്റെ ഉറക്കം കെടുത്തുന്നതാണെന്ന് കുഞ്ഞിന്റെ അമ്മ ആമി പറഞ്ഞു. അതൊരു കുഞ്ഞാണെന്നും അത് ഉറങ്ങുകയാണെന്നും ഹാർഡിക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും അയാൾ കുഞ്ഞിന്റെ മുഖത്തിടിക്കുകതന്നെ ചെയ്തു. ഇത്രയു ഗുരുതരമായ കുറ്റം ചെയ്തയാൾക്ക് വെറും 900 പൗണ്ട് ശിക്ഷ നൽകിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ആമി പറഞ്ഞു.

ഹാർഡി ചെയ്തത് തെറ്റാണെന്ന് അംഗീകരിച്ച കോടതി അത് വധശ്രമത്തിന്റെ പരിധിയിയിൽ വരില്ലെന്ന് നിരീക്ഷിച്ചു. എൽസി ഒരു കുഞ്ഞാണെന്ന് ഹാർഡി കരുതിയില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഹാർഡിക്ക് ആറുമാസം ശിക്ഷ നൽകണമെന്ന വാദിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.