കൊച്ചി:ആഡംബര ഫ്ളാറ്റുകളിലേക്ക് ബാലവേല സജീവമെന്ന് പരാതികളിൽ ചൈൽഡ്‌ലൈൻ നടപടിക്ക്. ബാലവേലയ്ക്ക് പെൺകുട്ടികളെ എത്തിക്കുന്ന ഇതരസംസ്ഥാന മാഫിയ സജീവമെന്ന് പ്രാഥമിക അന്വേഷണത്തിൽ ചൈൽഡ് ലൈന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസും പ്രാഥമിക അന്വേഷണം തുടങ്ങി. 60,000-80,000 രൂപവരെ ഏജന്റുമാർക്കു കമ്മിഷൻ നൽകിയാണ് ആവശ്യക്കാർ കുട്ടികളെ വാങ്ങുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം.

വീട്ടു ജോലിക്ക് ആളെ കിട്ടാത്ത സാഹചര്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ആഡംബര ഫ്ളാറ്റുകളിലും വീടുകളിലും അടിമകളെപോലെ പണിയെടുക്കുന്ന ഇത്തരം പെൺകുട്ടികൾക്ക് കൂലി പോലും നൽകാതെ പീഡിപ്പിക്കുകയാണെന്നും പരാതിയുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്കെതിരായ പരാതി സജീവമായതിനാൽ അവർക്കെതിരെ പൊലീസ് നടപടി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബാലവേലയ്ക്ക് ഉപയോഗിക്കുന്ന അന്യസംസ്ഥന തൊഴിലാളികളെ കണ്ടെത്താനുള്ള നീക്കം.

ഇത്തരം കേസുകൾക്ക് വലിയ ശിക്ഷകൾ ലഭിക്കുന്നില്ലെന്നും മാഫിയകൾക്ക് തുണയാകുന്നു. അഞ്ചു വർഷത്തിനിടെ ബാലവേല കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ലഭിച്ച വലിയ ശിക്ഷ 10,000 രൂപ പിഴയാണ്. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് വീട്ടുജോലിക്കും മറ്റുമായി കേരളത്തിൽ എത്തിക്കുന്നത്. നാട്ടുകാർ ഇടപെടുന്നതുകൊണ്ടു മാത്രമാണ് ഇത്തരം സംഭവങ്ങൾ അപൂർവമായെങ്കിലും പുറത്തുവരുന്നത്. ശിശുക്ഷേമ സമിതി, തൊഴിൽ വകുപ്പ്, സാമൂഹികക്ഷേമ വകുപ്പ്, പൊലീസ് എന്നിവരുടെ ഇടപെടലുകൾ കാര്യക്ഷമമാകാത്തത് ഏജന്റുമാർക്ക് തുണയാണ്.

പൊലീസ് റിപ്പോർട്ട് പ്രകാരം അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് എട്ടു ബാലവേല കേസുകളാണ്. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ കണക്കുകളിൽ കേസുകളുടെ എണ്ണം ഇതിന്റെ നൂറിരട്ടിവരും. ബാഗാളിലേയും മറ്റും ദാരിദ്രമാണ് ഇതിന് കാരണം. കൊച്ചിയിലെ വ്യവസായിയുടെ വീട്ടിൽ 12വയസുകാരിയെ ജോലിക്ക് നിർത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തി. കുട്ടി പ്രായപൂർത്തിയായെന്നായിരുന്നു വീട്ടുകാരുടെ വാദം. പരിശോധനയിൽ പ്രായം പതിനാലിൽ താഴെയെന്ന് തെളിഞ്ഞു. അവരെ തൽക്കാലം ശിശുഭവനിലേക്കു മാറ്റി ബംഗാളിലുള്ള രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കൾ എത്തിയപ്പോൾ അവർക്ക് കുട്ടികളെ കൊണ്ടുപോകേണ്ട. ഇവിടെ തന്നെ നിർത്തിയാൽമതി. നേരത്തിന് ഭക്ഷണവും അത്ര മോശമല്ലാത്ത തുകയും കിട്ടും. പിന്നെന്ത് പ്രശ്‌നം എന്നാണ് ചോദ്യം. കുട്ടികൾ പഠിക്കേണ്ട പ്രായമല്ലേ എന്ന ചോദ്യം അവർ അത്ഭുതത്തോടെയാണ് കേട്ടതെന്നും പൊലീസ് പറയുന്നു.

എന്നാൽ ബഹുഭൂരിഭാഗം കേസുകളിലും പീഡനമാണ് നടക്കുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ പീഡിപ്പിക്കുകയാണ്. ശമ്പളവും നൽകുന്നില്ല. ഇതര സംസ്ഥാനങ്ങളിലുള്ള ഇവരുടെ മാതാപിതാക്കൾക്ക് ബാങ്ക് വഴി പണം നൽകുന്നുണ്ടെന്നാണ് ഇവരെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. എന്നാൽ പരാതികളിൽ അന്വേഷണം നടത്താൻ ഇത്തരം ഫ്ളാറ്റുകളിൽ എത്തിയാൽ പ്രയോജനമൊന്നും ഉണ്ടാകാറില്ല. ഫ്ളാറ്റ്ഉടമകൾ പുറത്തുപോകുമ്പോൾ വേലയ്ക്കുനിൽക്കുന്ന കുട്ടികളെ പൂട്ടിയിടും. അല്ലെങ്കിൽ ബന്ധുവെന്നു കളവുപറയും. ചിലപ്പോൾ കുളിമുറിയിലും മറ്റും ഒളിപ്പിക്കും. കുട്ടികളെ രക്ഷിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയാലും കാര്യമില്ലെന്ന് പൊലീസ് പറയുന്നു.

ചൈൽഡ് ലൈനിന്റെ കണക്ക് പ്രകാരം കഴിഞ്ഞവർഷം കൊച്ചിയിൽ മാത്രം അമ്പതിലേറെ പരാതികളുണ്ടായി. പൊലീസിന്റെ കണക്കിൽ അഞ്ചു വർഷത്തിനിടെ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത് മൂന്നു കേസുകളാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഓരോ കേസ് വീതമാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്.