ലോകത്ത് പെൺകുഞ്ഞുങ്ങളോടുകാട്ടുന്ന ക്രൂരത എത്രത്തോളമാണ്? ഓരോ ദിവസവും ശൈശവ വിവാഹത്തിന് അടിപ്പെടുന്നത് 12,000 പെൺകുട്ടികളാണെന്ന് പഠനറിപ്പോർട്ട്. ലൈംഗിക അടിമകളാക്കപ്പെടുന്ന ഇത്തരം കുട്ടികളെ കാത്തിരിക്കുന്നത് ക്രൂരമായ പീഡനവും പ്രസവസമയതത്തെ കുഴപ്പങ്ങളും മരണവുമൊക്കെയാണെന്നും സേവ് ദ ചിൽഡ്രൻ എന്ന ജീവകാരുണ്യ സംഘടനയുടെ പഠനത്തിൽ പറയുന്നു.

15 വയസ്സിൽത്താഴെ പ്രായമുള്ള 12,000 കുട്ടികൾ ഓരോ ദിവസവും ലോകത്താകമാനമായി നിർബന്ധിത വിവാഹത്തിന് വഴങ്ങേണ്ടിവരുന്നു. ഇക്കൊല്ലം ചെറുപ്രായത്തിൽ വിവാഹിതരാകേണ്ടിവരുന്നവരെ എണ്ണം ഒന്നരക്കോടിയിലേറെ വരുമെന്നും സംഘടന കണക്കാക്കുന്നു. യുദ്ധവും ദാരിദ്ര്യവുമാണ് ശൈശവ വിവാഹങ്ങളുടെ അടിസ്ഥാനകാരണമായി സംഘടന വിലയിരുത്തുന്നത്. പെൺകുട്ടികൾക്കെതിരായ ക്രൂരത കൂടുതലും ഇത്തരം കലാപ മേഖലകളിലാണെന്നും വിലയിരുത്തപ്പെടുന്നു.

പെൺകുട്ടികളെ സംരക്ഷിക്കാനോ അവരെ പരിപാലിക്കാനോ ഉള്ള ശേഷിയിലാതെ വരുമ്പോൾ, രക്ഷിതാക്കൾ കണ്ടെത്തുന്ന എളുപ്പമാർഗമായി ശൈശവ വിവാഹങ്ങൾ മാറുന്നുണ്ട്. ഇസ്ലാമിക ഭീകരരും മറ്റും ലൈംഗിക അടിമകളാക്കുന്നതിന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും ഇവിടങ്ങളിൽ പതിവാണ്. നൈജീരിയയിലെ ചിൽബോക്കിൽനിന്ന് ബോക്കോ ഹാറം ഭീകരർ 200-ഓളം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയത് ഉദാഹരണം.

ഇത്തരത്തിൽ വിവാഹിതരാകുന്ന പെൺകുട്ടികൾക്കുനേരെ കടുത്ത ഗാർഹിക പീഡനങ്ങൾ അരങ്ങേറുന്നതായും സംഘടന കണ്ടെത്തി. ചരക്കുകളെപ്പോലെ പെൺകുട്ടികൾ കച്ചവടം ചെയ്യപ്പെടുകയും ചെയ്യുന്നു. അഫ്ഗാനിസ്താനിൽ ചെറിയ പെൺകുട്ടികളെ തർക്കം പരിഹരിക്കുന്നതിനുള്ള ഉപാധികളാക്കി ഉപയോഗിക്കാറുണ്ട്. ആടിനുപകരം ആറുവയസ്സുകാരിയെ 40-കാരന് വിറ്റതും അഫ്ഗാനിസ്താനിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വിവാഹരാത്രിയുണ്ടായ ആന്തരിക രക്തസ്രാവത്തെത്തുടർന്ന് യെമനിൽ എട്ടുവയസ്സുകാരി മരിച്ചതും അടുത്തിടെയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജർ, ചാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, മാലി, സോമാലിയ തുടങ്ങിയിടങ്ങളിലാണ് ശൈശവ വിവാഹം ഏറ്റവും കൂടുതലായി നടക്കുന്നത്. ശൈശവ വിവാഹം തീരെ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ സ്വീഡൻ, ഫിൻലൻഡ്, നോർവെ, ഹോളണ്ട്, ബെൽജിയം തുടങ്ങിയവയുണ്ട്.

2030-ഓടെ ശൈശവ വിവാഹം പൂർണമായും ഇല്ലാതാക്കാൻ യത്‌നിക്കുമെന്നാണ് ആഗോള തലത്തിലുള്ള ധാരണ. എന്നാൽ, സംഘർഷഭൂമികളിലും ദരിദ്ര രാജ്യങ്ങളിലും ഇതൊരു അസ്വാഭാവിക കാര്യമല്ലാതായാണ് പരിഗണിക്കപ്പെടുന്നത്. യെമനിൽ 15 വയസ്സിൽത്താഴെ പ്രായമുള്ള നാലിലൊന്ന് പെൺകുട്ടികളും വിവാഹിതരാകുന്നുണ്ട്. ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചാൽ പെൺകുട്ടികൾ അനുസരണയുള്ള ഭാര്യമാരാകുമെന്ന ധാരണയും അവിടുത്തുകാർക്കിടയിലുണ്ട്. സൂഡാനിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പെൺകുട്ടികളെക്കാൾ കൂടുതൽ പേർ പ്രസവ സമയത്തെ കുഴപ്പങ്ങൾകൊണ്ട് മരിക്കുന്നുുവെന്നും സേവ് ദ ചിൽഡ്രൻ കണ്ടെത്തുന്നു.