തിരുവനന്തപുരം: വിദ്യാസമ്പന്നമെന്നു വിശ്വസിക്കുന്ന നമ്മുടെ നാട്ടിൽ പ്രതിവർഷം ആയിരക്കണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ശൈശവവിവാഹത്തിനു വിധേയരാകുന്നുവെന്ന് രേഖകൾ. 2013-14 വർഷത്തിനിടയിൽ കേരളത്തിലെ 860 പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ശൈശവ വിവാഹങ്ങളുടെ ഔദ്യോഗികമായ കണക്കാണിത്. രജിസ്റ്റർ ചെയ്യാത്തവയുടെ കണക്ക് ഇതിലും എത്രയോ വലുതാണ്.

2013-14 കാലയളവിൽ മാത്രം 2578 ശൈശവ വിവാഹങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്തവയുടെ കണക്ക് ഇതിലും വലുതായിരിക്കും. മുസ്‌ളീം മതത്തിലാണ് കൂടുതൽ ശൈശവവിവാഹങ്ങൾ നടന്നത്-2497 എണ്ണം ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിന്ദുമത്തിൽ 69, ക്രിസ്ത്യന്മതത്തിൽ രണ്ട് വിവാഹവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

908 ശൈശവ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറമാണ് മുന്നിൽ. പാലക്കാട് 574, കണ്ണൂർ 292, കോഴിക്കോട് 233, തൃശൂർ 176, കാസർകോഡ് 168, കൊല്ലം 61, വയനാട്49, തിരുവനന്തപുരം 49, ആലപ്പുഴ 28, കോട്ടയം 14, എറണാകുളം 14, പത്തംനംതിട്ട ആറ്, ഇടുക്കി ആറ് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

1043 പഞ്ചായത്തുകളിൽ വിവരാവകാശപ്രകാരം കണക്കുകൾആവശ്യപ്പെട്ടിരുന്നെങ്കിലും 860 പഞ്ചായത്തുകളാണ് പ്രതികരിച്ചത്. 2013 ജൂലൈ 16 നു സംസ്ഥാന സർക്കാരിന്റെ ഉത്തരവുപ്രകാരം അതുവരെ നടന്ന ബാലവിവാഹങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അനുവാദം നൽകിയിരുന്നു. 12 -16 വയസിനിടയിലുള്ള പെൺകുട്ടികളാണ് കൂടുതലും പ്രായപൂർത്തിയാകാത്ത വിവാഹത്തിനു വിധിക്കപ്പെടുന്നത്.

അട്ടപ്പാടി, വയനാട് തുടങ്ങിയ ആദിവാസി മേഖലകളിൽ നടക്കുന്ന ബാലവിവാഹങ്ങളുടെ കണക്ക് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് മറ്റൊരത്ഭുതം. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശൈശവവിവാഹം 1929-ൽ നിർത്തലാക്കിയത് ഇന്ത്യൻ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്. 2006-ൽ വീണ്ടും ഈ നിയമം കൊണ്ടുവന്നു. യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 47ശതമാനം ശൈശവവിവാഹങ്ങൾ നടക്കുന്നുവെന്നാണ് കണക്ക്.