തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. അതീവ രഹസ്യമായി ശനിയാഴ്ച രാവിലെ 6.10 നുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്.

ഉച്ചയോടെ ആന്ധ്രയിലെത്തുന്ന സംഘം കുഞ്ഞുമായി തിരിച്ച് എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തിരികെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ നാളെയായിരിക്കും സംഘം മടങ്ങുക.

പുലർച്ചെ 4.15 ഓടെ മൂന്നംഗ പൊലീസുദ്യോഗസ്ഥ സംഘം സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയായിരുന്നു. പിന്നാലെ ശിശുക്ഷേമ സമിതിയിലെ ജീവനക്കാരിയുമെത്തി. ഔഗ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു നാലുപേരും എത്തിയത്. തിരിച്ചറിയാതിരിക്കാൻ നാലുപേരും വെവ്വേറെയായാണ് ടിക്കറ്റെടുത്ത്.

മടങ്ങി വരവിനുള്ള ടിക്കറ്റ് ആന്ധ്രാപ്രദേശ് ദമ്പതികളുടെ വീട്ടിലെ സാഹചര്യം കൂടി നോക്കിയായിരിക്കും ബുക്ക് ചെയ്യുക. കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ ദമ്പതികളെ അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിൽ നാളെ കുഞ്ഞിനെയും കൊണ്ട് ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തിയേക്കും.

കുഞ്ഞ് തിരുവനന്തപുരത്ത് എത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കാണ് സംരക്ഷണ ചുമതല. വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎൻഎ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിൽ ഫലം വരും. ഫലം പോസിറ്റീവായാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പൊലീസും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് സുരക്ഷ നൽകും.

അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനൽകിയ കേസ് ഇന്ന് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയ റിപ്പോർട്ട് നൽകാൻ സി ഡബ്ല്യൂ സിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ദത്തെടുത്ത ദമ്പതികളിൽ നിന്നും കുഞ്ഞിനെ തിരികെയത്തിക്കാൻ നടപടി സ്വീകരിച്ചുവെന്ന് ചൈൽഡ് വെൽഫർ കമ്മിറ്റി ഇന്ന് കോടതിയെ അറിയിക്കും.

അതേസമയം കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ എങ്ങനെയെത്തി, ദത്തടുക്കൽ നിയമപ്രകാരമായിരുന്നോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സി ഡബ്ല്യൂ സി എന്ത് റിപ്പോർട്ടാകും കോടതിയിൽ നൽകുകയെന്നതാകും നിർണായകമാണ്. കുഞ്ഞിനെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകിച്ചുവരുന്നുവെന്ന നിലപാടാകും ശിശുക്ഷേമ സമിതിയും കോടതിയെ അറിയിക്കുക. സി ഡബ്യൂ സിയും ശിശുക്ഷേമ സമിതിയും ചേർന്ന് കുഞ്ഞിനെ വ്യാജരേഖകൾ ചമച്ച് ദത്തുനൽകിയെന്നാണ് അമ്മ അനുപമയുടെ ആരോപണം.

കുട്ടിയെ തിരിച്ചുകൊണ്ടുവരാൻ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതിൽ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടി. കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നൽകി തന്റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.