മലപ്പുറം: പീഡന കേസിൽ വിചാരണ നേരിടുന്ന സ്വാമി സ്വന്തം പെൺമക്കളെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കൽ ഹോബിയാക്കിയ സ്വാമിയാണ് എടക്കര പോത്തുകല്ല് പൊലീസിന്റെ പിടിയിലായത്. 13ഉം 11ഉം പ്രായമുള്ള സ്വന്തം പെൺമക്കളെയാണ് ഇയാൾ തന്റെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയിരിക്കുന്നത്. ഈ കുട്ടികളെ പീഡിപ്പിച്ച മൂന്ന് കൗമാരക്കാരായ ആൺകുട്ടികളെയും ഇയാളൊടൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

സഹോദരിമാർ രണ്ട് പേരും സ്‌കൂളിൽ എത്താതിരുന്നത് പതിവായതോടെ അദ്ധ്യാപകർ കാരണം ചോദിച്ചറിയുകയായിരുന്നു. കുട്ടികളുടെ സംസാരത്തിൽ വൈരുദ്ധ്യം വന്നത് സംശയത്തിന് കാരണമായി. ഇതോടെ അദ്ധ്യാപകർ അച്ഛനെ വിളിച്ച് കുട്ടികൾ ക്ലാസിൽ വരാറില്ലെന്ന് പറഞ്ഞു. കുട്ടികൾക്ക് ആൺകുട്ടികളുമായുള്ള കറക്കം കൂടുതലാണെന്നും ശ്രദ്ധിക്കണമെന്നും അച്ഛൻ അദ്ധ്യാപകരോടും പറഞ്ഞു. എന്നാൽ കുട്ടികളെ അദ്ധ്യാപകർ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇവർ 16ഉം 17ഉം വയസുള്ള ആൺകുട്ടികളോടൊപ്പം കറങ്ങി നടക്കാറുണ്ടെന്നും ഇവർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും മനസിലായത്. മറ്റാരെങ്കിലും കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അച്ഛൻ സ്ഥിരമായി തങ്ങളെ ലൈംഗികമായി ഉപയോഗിക്കാറുണ്ടെന്ന് കുട്ടികൾ വെളിപ്പെടുത്തിയത്. ഇതോടെ അദ്ധ്യാപകരും ഞെട്ടിത്തരിച്ചു.

അദ്ധ്യാപകൻ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. . തുടർന്ന് പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിച്ചു. സ്‌കൂളിലെത്തിയ ചൈൽഡ് ലൈൻ പെൺകുട്ടികളെ വിശദമായ കൗൺസിലിംഗിനു വിധേയമാക്കി. അപ്പോഴാണ് സംഭവത്തിന്റെ ആഴം വ്യക്തമാകുന്നത്. ചൈൽഡ് ലൈൻ കുട്ടികളുടെ മൊഴികളുടെ റിപ്പോർട്ട് പൊലീസിനു കൈമാറി. ആൺകുട്ടികൾ പല സ്ഥലങ്ങളിൽ പോയിട്ടുണ്ടെന്നും ലൈംഗികാതിക്രമം നേരിട്ടെന്നും പിതാവ് വീട്ടിൽ വെച്ച് സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

പെൺകുട്ടിയെയും ഇളയ സഹോദരിയെയും അച്ഛനായ സ്വാമിയും മൂന്ന് കൗമാരക്കാരും ലൈംഗികാതിക്രമം നടത്തിയതിനാണ് കേസ്. വിവിധ പീഡന സംഭവങ്ങളിലായി അഞ്ച് കേസുകൾ ഇവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തു. ആൺകുട്ടികളോടൊപ്പം കുട്ടികൾ പോയിരുന്നത് അച്ഛന്റെ അറിവോടെയാണ്. സ്വാമി വേറെയും പീഡന സംഭവങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ബത്തേരിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ കൽപറ്റ കോടതിയിൽ സ്വാമി വിചാരണ നേരിടുന്നയാളാണ്. കൗമാരക്കാരായ പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും. പോക്സോ പ്രകാരമുള്ള കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ് പെൺകുട്ടികളെയും നിർഭയ ഹോമിലേക്ക് ചൈൽഡ് ലൈൻ മാറ്റി.

എടക്കര സി.ഐ പി അബ്ദുൽ ബഷീർ, പോത്തുകല്ല് സി.ഐ ദിജേഷ്, വനിതാ സീനിയർ സി.പി.ഒ സിനി ജോസഫ്, വനിതാ സി.പി.ഒ ജോബിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവർ കാരക്കാടന്റെ നേതൃത്വത്തിലുള്ള ബിനു മേലേവളപ്പിൽ, രാജുകൃഷ്ണൻ, റാഷിദ് എന്നിവർ കൗൺസിലിംഗിനു നേതൃത്വം നൽകി. പെൺകുട്ടികളുടെ വിവരങ്ങൾ രഹസ്യമാക്കാനാണ് പ്രതിയായ അച്ഛന്റെ പേര് പുറത്തുവിടാത്തത്.