കൊച്ചി: പ്രായപൂർത്തിയാകാത്ത പന്ത്രണ്ടുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ ബ്ലെയ്ഡ് മാഫിയാ തലവൻ വിദേശത്തേക്കു കടന്നു. കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിനു പുറകിൽ ഐ. എം എ ഹൗസിനു സമീപവും, പാറക്കൽ പുത്തൻപുരക്കൻ വീട്ടിൽ ഷാജി എന്നു വിളിക്കുന്ന പി. എം ഇബ്രാഹിം (45) ആണ് വിദേശത്തേക്കു കടന്നത്. വിവാഹിതരായ പെൺകുട്ടികളടക്കം മൂന്നു മക്കളുടെ പിതാവാണ് ഷാജി. ഷാജിയുടെ ഫ്‌ളാറ്റിലെ പണികൾക്കും മറ്റ് ആവശ്യത്തിനുമായി നാലുവർഷം മുൻപ് കോഴിക്കോട് സ്വദേശിനിയായ യുവതിയെ കൊണ്ടുവന്നിരുന്നു. കലൂരിലെ വാടകവീട്ടിൽ താമസിക്കുന്ന ഇവരുടെ രണ്ടാമത്തെ പെൺകുട്ടി പുല്ലേപ്പടിയിലുള്ള സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.

ഷാജിയുടെ കടവന്ത്രയിലുള്ള ഫ്‌ളാറ്റിൽവച്ചാണ് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ക്ലീനിങ് ജോലിക്കായി കുട്ടിയെ നിർബന്ധപൂർവ്വം വിളിച്ചുവരുത്തിയാണ് കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതെന്ന് പറയുന്നു. ഇതിനിടെ സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂളിലെ അദ്ധ്യാപകരാണ് പീഡനവിവരം ആദ്യമായി അറിയുന്നത്. അതിനുശേഷം ചൈൽഡ് ലൈൻ അധികൃതരുടെ നേതൃത്വത്തിൽ കുട്ടിയുടെ മാതാവിനെ വിവരമറിയിച്ചു. തുടർന്ന് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

എറണാകുളം ജനറൽ ആശുപത്രിയിൽ പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി. പരാതി നൽകിയിട്ടും പീഡനവിവരം പുറത്തറിഞ്ഞിട്ടും കേസ് അന്വേഷണത്തിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എറണാകുളം നോർത്ത് സി. ഐ. ഷിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിക്ക് വിദേശത്തേക്ക് കടക്കാനുള്ള സാഹചര്യം പൊലീസ് ഒരുക്കിയെന്നും ആരോപണമുണ്ട്.

കോതമംഗലം സ്വദേശിയായ ഷാജി എന്നുവിളിക്കുന്ന ഇബ്രാഹിം എറണാകുളം നഗരത്തിലെത്തിയിട്ട് പത്തുവർഷമേ ആകുന്നുള്ളു. വഹന ബ്രോക്കറായി രംഗത്തെത്തിയ ഇയാൾ ചുരുങ്ങിയ കാലംകൊണ്ട് കോടികളാണ് വാരിക്കൂട്ടിയത്. കലൂരിലെ ഇയാളുടെ പേരിലുള്ള അപ്പാർട്ടുമെന്റുകൾ, കൊച്ചി, കടവന്ത്രയിലെ ഫ്‌ളാറ്റുകൾ, വിദേശ ആഡംബരകാറുകൾ, വാഗമൺ, കുമരകം, കോതമംഗലം എന്നിവിടങ്ങളിൽ ഏക്കറുകണക്കിനു സ്ഥലങ്ങളും ഇയാൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

ചുരുങ്ങിയ കാലംകൊണ്ട് ബ്ലെയ്ഡ് പലിശക്കു പണം നൽകി വാരിക്കൂട്ടിയതാണ് സമ്പാദ്യമത്രയും. വ്യാജ ആർ സി ബുക്ക് നൽകി പണയം വച്ച് പണം തട്ടിയ കേസിലും, കുബേര കേസിലും പ്രതികൂടിയാണ് ഇയാൾ. പീഡനവിവരം പുറത്തായതോടെ സംഭവം ഒതുക്കിത്തീർക്കാൻ പെൺകുട്ടിക്കും കുടുംബത്തിനും ഇയാൾ വൻതുക വാഗ്ദാനം ചെയ്തതും ഇതിനോടകം പുറത്തായിട്ടുണ്ട്.