മാനന്തവാടി: വയനാട് പനമരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തിൽ കത്തോലിക്കാ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതാവ് അറസ്റ്റിൽ. കെസിവൈഎമ്മിന്റെ മാനന്തവാടി രൂപതാ മുൻ കോർഡിനേറ്റർ സിജോ ജോർജ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടി ഡിസംബർ 28ന് പ്രസവിച്ചിരുന്നു. കുഞ്ഞിനെ സിജോ കോഴിക്കോട്ടുള്ള ഒരു അനാഥലയത്തിലാക്കുകയായിരുന്നു. പത്താക്ലാസിൽ മികച്ച വിജയം നേടിയ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് സൗഹൃദം ആരംഭിക്കുകയും പിന്നീട് പ്രണയത്തിൽ വീഴിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

17 വയസുള്ള പെൺകുട്ടിയാണ് കെസിവൈഎം നേതാവിന്റെ പീഡനത്തിന് ഇരയായത്. സംഭവം പുറത്താകുമെന്ന സാഹചര്യത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം ചെയ്തുകൊള്ളാമെന്ന് സിജോ വാഗ്ദാനം നല്കിയിരുന്നു. എന്നാൽ സിജോയുടെ വീട്ടുകാർ ഈ വിവാഹത്തിന് എതിരുനിന്നു. ഇതിനെത്തുടർന്ന് സിജോ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പത്താംക്ലാസിൽ ഒൻപത് വിഷയങ്ങളിൽ എ പ്ലസ് നേടിയ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയാക്കിയ ശേഷം ഇതു മറച്ചുവയ്ക്കുകയും കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രസവം നടത്തുകയുമായിരുന്നു. ഇതിനെല്ലാം പ്രതി തന്നെയാണ് മുൻകൈ എടുത്തത്. അതിനുശേഷം പ്രതി ഇടപെട്ട് കുഞ്ഞിനെ കോഴിക്കോടുള്ള ഒരു അനാഥാലയത്തിൽ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പനമരം പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതി.

സംഭവം പുറത്തറിയുമെന്ന് ഉറപ്പായതോടെ ഈ മാസം മൂന്നിനാണ് കെസിവൈഎമ്മിന്റെ കോ ഓഡിനേറ്റർ സ്ഥാനം സിജോ രാജിവച്ചത്. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായാൽ വിവാഹം ചെയ്യാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതേതുടർന്നാണ് വീട്ടുകാർ പീഡനവിവരം മറച്ചു വച്ചത്. പക്ഷേ, സിജോയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ ഇയാൾ ആത്മഹത്യ ചെയ്യാൻ ഒരുങ്ങി. ഈ വിവരം പൊലീസ് സ്‌പെഷൽ ബ്രാഞ്ച് അറിയുകയും പ്രതിയെ വീട്ടിൽ ചെന്ന് പിടികൂടുകയുമായിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തി.

മാനന്തവാടി രൂപതയിലെ ഫാ. റോബിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ച കേസ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നല്കിയിരുന്നു. അതേസമയം ഫാ. റോബിന്റെ കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് തുടക്കം മുതൽ സഭാ നേതൃത്വത്തിൽനിന്ന് ഉണ്ടായത്.