പെൺകുഞ്ഞുങ്ങളെ വളർത്തുന്ന കാര്യത്തിൽ ഇന്ത്യയിലെ വിവിധ മതങ്ങളുടെ വിവേചനം തുടരുന്നതായി 2011-ലെ സെൻസസും വ്യക്തമാക്കുന്നു. സിഖ്, ജൈന മതങ്ങളിലൊഴികെ, മറ്റെല്ലാ മതത്തിലും ആൺ-പെൺ ശരാശരിയിൽ പെൺകുട്ടികളുടെ എണ്ണത്തിൽ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിലേറ്റവും കൂടുതൽ ഹിന്ദുമതത്തിലാണ്.

ആറുവയസ്സുവരെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ശിശുനിരക്ക് നിശ്ചയിക്കുന്നത്. 1000 ആൺകുട്ടികൾക്ക് ഇത്ര പെൺകുട്ടികൾ എന്ന രീതിയിലാണ് ഇത് കണക്കാക്കുന്നത്. ഇതനുസരിച്ചുള്ള ദേശീയ ശരാശരി 1000 ആൺകുട്ടികൾക്ക് 918 പെൺകുട്ടികൾ എന്നതാണ്. 2001-ലെ സെൻസസ് അനുസരിച്ച് അത് 927 പെൺകുട്ടികളായിരുന്നു.

ഇന്ത്യൻ ജനസംഖ്യയുടെ 80 ശതമാനത്തോളം പേറുന്ന ഹിന്ദു സമൂഹത്തിൽ 1000 ആൺകുട്ടികൾക്ക് 913 പെൺകുട്ടികളേ ഉള്ളൂ. ദേശീയ ശരാശരിയിലും താഴെയാണത്. 2001-ൽ 925 പെൺകുട്ടികളായിരുന്നു ഹിന്ദുസമൂഹത്തിലെ കണക്ക്. പെൺകുട്ടികളുടെ എണ്ണത്തിൽ ഇത്രയേറെ കുറവ് മറ്റൊരു സമൂഹത്തിലും വന്നിട്ടില്ല.

മുസ്ലിം സമുദായത്തിൽ 1000 ആൺകുട്ടികൾക്ക് 943 പെൺകുട്ടികളുണ്ട്. എന്നാൽ ഇതും 2001-ലെ കണക്കിനെക്കാൾ കുറവാണ്. അന്ന് 950 ആയിരുന്നു പെൺകുട്ടികളുടെ എണ്ണം. ക്രൈസ്തവർക്കിടയിൽ 958 ആണ് നിലവിലെ ശിശുനിരക്ക്. 2001-ൽ ഇത് 964 ആയിരുന്നു. ബുദ്ധമതത്തിൽ 942 ആയിരുന്നത് 933 ആയി കുറഞ്ഞു.

എന്നാൽ, സിഖുമതത്തിലും ജൈന മതത്തിലും പെൺകുട്ടികളുടെ എണ്ണത്തിൽ കാര്യമായ മുന്നേറ്റമുണ്ടായി. 2001-ൽ സിഖുകാർക്കിടയിൽ 1000 ആൺകുട്ടികൾക്ക് 786 പെൺകുട്ടികളായിരുന്നുവെങ്കിൽ ഇപ്പോളത് 828 ആയി വർധിച്ചു. ജൈനമതത്തിൽ പെൺകുട്ടികളുടെ എണ്ണം 870-ൽനിന്ന് 889 ആയും ഉയർന്നു. ഈ രണ്ട് സമൂഹങ്ങളിലും പെൺകുട്ടികളുടെ എണ്ണത്തിലുണ്ടായിരുന്ന വലിയ കുറവാകാം ഈ മാറ്റത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു.