തിരുവനന്തപുരം: വീടു വിട്ടും നാട് വിട്ടും ഓടുന്ന കുട്ടികൾക്കുള്ള മറ്റൊരു പാഠമാണ് തമ്പാനൂരിൽ നടന്ന പ്രകൃതി വിരുദ്ധ പീഡന കഥ. ആവശ്യത്തിനും അനാവശ്യത്തിനും പണം ഇത് പതിനാറുകാരന്റെ ജീവിതം ആഘോഷരാവുകളാക്കി.

ഉപ്പ വിദേശത്ത് ആയതും വീട്ടിൽ ഉമ്മ മാത്രം ആയതുകൊണ്ടും പയ്യൻ കൈവിട്ട കളികളായിരുന്നു നടത്തിയത്. കൗമാരക്കാരന്റെ പോക്ക് കണ്ടതോടെ വീട്ടുകാരും നാട്ടുകാരും ആശങ്കയിലായി. ഇവനെ എങ്ങനെ നന്നാക്കാം എന്നതായി കുടുംബക്കാരുടെ ആലോചന. ഉപദേശിച്ചും പറഞ്ഞും കുടുംബക്കാർ മടുത്തു. ഒടുവിൽ പയ്യൻ നിയന്ത്രണങ്ങൾ അപ്പുറം എത്തിയതോടെ ഏതെങ്കിലും നല്ല സ്ഥാപനത്തിൽ കൊണ്ടാക്കാനായിരുന്നു ശ്രമം. ഒടുവിൽ ഉപ്പ നാട്ടിൽ എത്തിയതോടെ പതിനാറുകാരനെ തൃശ്ശൂരിലുള്ള ചൈൽഡ് കെയർ ഹോമിൽ ആക്കി.

എന്നാൽ അവിടെയും അസ്വസ്ഥത കാണിച്ച പയ്യൻ താൻ ബീമാപള്ളിയിൽ പോകുകയാണെന്ന് പറഞ്ഞ് ചൈൽഡ് കെയർ ഹോമിൽ നിന്ന് ഇറങ്ങി. പല സ്ഥലങ്ങളിലും കറങ്ങി നടന്നതിന് ശേഷം പയ്യൻ തമ്പാനൂർ എത്തിയപ്പോഴാണ് നാടകത്തിലും സ്‌കൂൾ യുവജനോൽസവങ്ങളിലുമെല്ലാം മേക്കപ്പ് ചെയ്യുന്ന മുസ്തഫയുടെയും നസീറിന്റേയും മുന്നിൽ എത്തുന്നത്. ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ പയ്യനെ പരിചയപ്പെട്ട് കമ്പനിയാക്കി എടുത്ത് മുസ്തഫയും നസീറും പയ്യനെ ഒരു ലോഡ്ജിലേക്ക് കൊണ്ട് പോവുകയായിരുന്നു. അവിടെ വെച്ച് പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഇരുവരും കുട്ടിക്ക് ആവിശ്യത്തിന് പണം നൽകി മടക്കി അയക്കുകയും ചെയ്തു.

പിന്നീട് ചൈൽഡ് ഹോമിൽ തിരിച്ചെത്തിയ കുട്ടിക്ക് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അണുബാധ ആവുകയായിരുന്നു. ഇതേ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ആശുപത്രിയിൽ ആക്കി. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി തനിക്ക് ഉണ്ടായ ദുരനുഭവം പങ്ക് വെച്ചത്. ഉടൻ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ വിയ്യൂർ പൊലീസിനെ ബന്ധപ്പെടുകയും പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിയ്യൂർ പൊലീസ് ഉടൻ തന്നെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം ആയതിനാൽ അവർ കേസെടുത്തു.

വീട്ടിൽനിന്നു പിണങ്ങിയിറങ്ങി വഴിതെറ്റി തമ്പാനൂരിലെത്തിയ കുട്ടിയെ വസ്ത്രാലങ്കാരജോലി ചെയ്യുന്ന നസീർ വശീകരിച്ച് കൂടെക്കൂട്ടുകയായിരുന്നുവെന്ന് തമ്പാനൂർ പൊലീസ് മറുനാടനോട് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ ഒന്നാം പ്രതിയായ മുസ്തഫയെ പൊലീസ് അറസ്റ്റ്് ചെയ്തു. രണ്ടാം പ്രതിയായ നസീറിനെ കുടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഇന്നലെയാണ് രണ്ടാം പ്രതി നസീറിനെ പൊലീസ് കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്തത് . കണ്ണൂർ പാനൂർ സ്വദേശിയാണ് നസീർ ഒന്നാം പ്രതി മുസ്തഫ തലശ്ശേരി സ്വദേശിയാണ്.