ക്കളോടുള്ള സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്തവരാണ് മാതാപിതാക്കൾ. എന്നാൽ, ബ്രിട്ടനിലെ മാതാപിതാക്കൾക്ക് വിനയായതും അതുതന്നെ. അമ്മയോടൊപ്പം ഉറങ്ങുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് നാലുവയസ്സിൽത്താഴെ പ്രായമുള്ള രണ്ട് ആൺകുട്ടികളെ സോഷ്യൽ സർവീസ് ഏറ്റെടുത്തു. രണ്ടുകുട്ടികളെയും ദത്തുനൽകുന്നതിന് കുടുംബ കോടതി അനുമതി നൽകുകയും ചെയ്തു.

കുട്ടികളോട് തെല്ലും സ്‌നേഹക്കുറവില്ലെങ്കിലും ഈ മാതാപിതാക്കൾക്ക് അവരെ നഷ്ടപ്പെടുകയായിരുന്നു. കുട്ടികളിലൊരാളുടെ കാലിലെ പാട് അച്ഛൻ ശക്തിയെടുത്ത് അടിച്ചതുകൊണ്ടാണെന്ന് സോഷ്യൽ സർവീസ് പ്രവർത്തകർ കോടതിയിൽ അറിയിച്ചു. ഒരുമിച്ചുറങ്ങരുതെന്ന നിർദ്ദേശം അവഗണിച്ചുകൊണ്ട് മക്കൾക്കൊപ്പം ഉറങ്ങിയത് അമ്മയ്ക്കും വിനയായി.

ഇതേത്തുടർന്നാണ് കേംബ്രിഡ്ജ് കൗൺസിൽ സോഷ്യൽ സർവീസ് കുടുംബകോടതിയെ സമീപിച്ചത്. കുട്ടികളെ ദത്തുനൽകുന്നതിനുള്ള അനുമതി ജഡ്ജി പീറ്റർ ഗ്രീൻ നൽകുകയും ചെയ്തു. 2014-ലും 2015-ലും ജനിച്ച രണ്ട് കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായത്. കുട്ടികളുടെ ഭാവിയെക്കരുതിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് പീറ്റർ ഗ്രീൻ വ്യക്തമാക്കി.

രണ്ടാമത്തെ കുഞ്ഞിന് ഏതാനും മാസം മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന്റെ കാലിൽ അടിയേറ്റ പാട് കണ്ടത്. മനപ്പൂർവമല്ലെങ്കിലും ശക്തിയെടുത്ത് അടിച്ചതുകൊണ്ടാണിതെന്ന് ജഡ്ജി പറഞ്ഞു. കുട്ടികളെ ഒപ്പം കിടത്തരുതെന്ന നിർദ്ദേശം തുടർച്ചയായി അവഗണിക്കുകയാണ് അമ്മ ചെയ്തതെന്നും ജഡ്ജി പറഞ്ഞു. സോഷ്യൽ വർക്കർമാരോട് കുടുംബത്തെയും കുട്ടികളെയും നിരീക്ഷിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് അവർ റിപ്പോർട്ട് നൽകിയത്. 

കുഞ്ഞിന്റെ കാലിൽ പാടുവന്നതും ഒരു കുട്ടിയുടെ കൈയൊടിഞ്ഞതും മാതാപിതാക്കളുടെ ശ്രദ്ധക്കുറവായി വിലയിരുത്തപ്പെട്ടു. കുഞ്ഞിനെ മുലയൂട്ടണമെന്ന ന്യായം പറഞ്ഞാണ് അതിനെ ഒപ്പം കിടത്താൻ അമ്മ തയ്യാറായത്. എന്നാൽ, ഇത്തരം വാദങ്ങളൊന്നും സോഷ്യൽ വർക്കർമാർ അംഗീകരിച്ചില്ല. കുട്ടികൾ ഇവർക്കൊപ്പം സുരക്ഷിതരല്ലെന്നും ഉത്തരവാദിത്തമുള്ള രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ദത്തുനൽകൽ മാത്രമാണ് പ്രതിവിധിയെന്നും ജഡ്ജി വിധിച്ചു.