കോട്ടയം : കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനിൽ അംഗങ്ങൾ ആയ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് 50 ശതമാനം ഫീസിളവുമായി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ. ഈ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിൽ അഞ്ച് ചൊവ്വാഴ്‌ച്ച കോട്ടയം പൊലീസ് ക്ലബ് ഹാളിൽ നടന്നു.പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും എൻട്രൻസ് കോച്ചിങ് സെന്റർ ഉടമകളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു ഫീസിളവ് പദ്ധതിക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.

എന്നാൽ, ഔദ്യോഗിക സ്ഥാനത്തിരുന്ന് സ്വകാര്യ സ്ഥാപനങ്ങളുടെ ഇളവ് കൈപ്പറ്റുന്നത് അഴിമതിയും കൈക്കൂലിയും ആണെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സ്ഥാപനത്തിനെതിരെ ഇനിയൊരു പരാതി ഉയർന്നാൽ അതേക്കുറിച്ച് പൊലീസ് അന്വേഷണം നിഷ്പക്ഷമാകുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. സർക്കാർ ഇടപെട്ട് ഇത്തരമൊരു നീക്കത്തിന് തടയിടണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.

ഫീസിളവിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്‌ച്ച കോട്ടയം പൊലീസ് ക്ലബ് ഹാളിൽ നടന്നു.ഇന്റലിജൻസ് ഐ.ജിയായ സേതുരാമൻ ഐ.പി.എസാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ഐ.പി.എസ് ബ്രില്ല്യന്റ് സ്റ്റഡി സെന്റർ മേധാവികളെ ആദരിച്ചു. വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്‌പി വി.ജി. വിനോദ് കുമാറാണ് ചടങ്ങിലെ മുഖ്യപ്രഭാഷണം നിർവ്വഹിച്ചത്.ഇങ്ങനെ സംസ്ഥാനത്തെ പൊലീസ് ഉന്നതർ ചേർന്ന് തുടങ്ങുന്ന സംരംഭത്തെക്കുറിച്ച് സർക്കാർ അറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല.

പാർട്ടി കോൺഗ്രസ് വേദിയിൽ തിരക്കിലായ മുഖ്യമന്ത്രി മുതൽ താഴോട്ടുള്ള ഭരണകർത്താക്കൾ അറിയാതെയാണ് ഉദ്ഘാടന ചടങ്ങ് നടത്തി പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്നും ആരോപണമുണ്ട്.ഇതിനെതിരെ നിയമനടപടികൾ പൊലീസ് അധികൃതർക്ക് നേരിടേണ്ടി വരാനും സാധ്യതയുണ്ട്. എന്നാൽ, ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.