ചൈനയിൽ കാമുകിമാരെ അവരുടെ കാമുകന്മാരുടെ ഭാര്യയും സുഹൃത്തുക്കളും കൂടി വളഞ്ഞിട്ട് പിടിച്ച് പെരുമാറുന്ന വാർത്തകൾ കുറച്ച് കാലമായി കേട്ട് കൊണ്ടിരിക്കുന്നുണ്ട്. ഇവിടെ ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കന്മാർ പെരുകുന്ന സാഹചര്യമാണുള്ളതെന്നാണിത് വ്യക്തമാക്കുന്നത്. എന്നാൽ ഇപ്പോൾ ഇത്തരം കാമുകിമാരെ വേട്ടയാടുന്നതിനായി പുതിയ മിസ്ട്രസ് ഹണ്ടേർസ് ചൈനയിൽ പ്രവർത്തനമാരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഭാര്യമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണിവർ കാമുകിമാരുടെ അടുത്ത് കൈനോട്ടക്കാർ ചമഞ്ഞെത്തുന്നത്.കാമുകിമാർക്ക് കഷ്ടകാലം ഉറപ്പിച്ച് ചൈനയിൽ മിസ്ട്രസ് ഹണ്ടേർസ് വളരുന്നത് ഇങ്ങനെയാണ്.

ഇത്തരത്തിൽ മിസ്ട്രസ് ഹണ്ടേർസിനെ വിളിച്ച ഒരു ഭാര്യയാണ് ചൈനയിലെ വാൻഗ് എന്ന യുവതി. തന്റെ ഭർത്താവ് തന്നെ വർഷങ്ങളായി വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇവർ മിസ്ട്രസ് ഹണ്ടേർസിന്റെ സഹായം തേടിയത്. ഭർത്താവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയാൽ അത് തന്റെ സാമൂഹികവും സാമ്പത്തികവുമായ നിലയെ താളം തെറ്റിക്കുമെന്ന് ഭയമുള്ളതിനാലാണ് ഇവർ ഭർത്താവിന്റെ വിവാഹേതര ബന്ധം തകർക്കാൻ ഈ എലൈറ്റ് ടീമിന്റെ സഹായം തേടാൻ തീരുമാനിച്ചത്.വളരെക്കാലമായി തുടർന്നിരുന്ന ഭർത്താവിന്റെ ഈ രഹസ്യപ്രണയത്തെ വെറും രണ്ട് മാസങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ മിസ്ട്രേർസ് ഹണ്ടർമാരുടെ സഹായത്തോടെ വാൻഗിന് സാധിച്ചുവെന്നാണ് റിപ്പോർട്ട്.

ഈ സർവീസ് പ്രദാനം ചെയ്യുന്ന സ്ത്രീകൾക്കായി താൻ 60,000 ഡോളർ മുതൽ 75,000 ഡോളർ വരെ നൽകിയെന്നാണ് വാൻഗ് വെളിപ്പെടുത്തുന്നത്. ഇവർ നൽകിയ സേവനം കണക്കാക്കുമ്പോൾ ഇത്രയും തുക നൽകിയത് അധികമല്ലെന്നും താൻ സംതൃപ്തയാണെന്നും വാൻഗ് പറയുന്നു. ഇതിനെ തുടർന്ന് താനും ഒരു മിസ്ട്രസ് ഹണ്ടർ ആയാലോ എന്ന് ഈ യുവതി ആലോചിക്കുന്നുമുണ്ടത്രെ.... ഇതിലൂടെ തനിക്ക് വഞ്ചനയ്ക്കിരയാകുന്ന നിരവധി സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാൻ സാധിക്കുമെന്നും വാൻഗ് പറയുന്നു.തന്റെ ഭർത്താവിന്റെ രഹസ്യബന്ധം പൊളിക്കാൻ വാൻഗ് വെയ്കിങ് എന്ന മിസ്ട്രസ് ഹണ്ടേർസ് കമ്പനിയുടെ സഹായമാണ് തേടിയിരുന്നത്.ഇവർക്ക് രാജ്യമാകമാനം 59 ഓഫീസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ഇവർ സൗജന്യ നിയമോപദേശവും ക്ലാസുകളും നൽകി വരുന്നുമുണ്ട്. തന്റെ കീഴിൽ 300 ഏജന്റുമാർ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ ഫൗണ്ടറായ ഷു സിൻ വെളിപ്പെടുത്തുന്നത്. വിവാഹമോചനങ്ങൾ ഇല്ലാതാക്കുകയയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

ചൈനയിലെ മിസ്ട്രസ് ഹണ്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.സൈക്കോളജി, സോഷ്യോളജി, അല്ലെങ്കിൽ നിയമം എന്നീ വിഷയങ്ങളിലെ ഗ്രാജ്വേറ്റുകളാണീ മേഖലയിലേക്ക് എത്തുന്നത്. തങ്ങൾ ഓപ്പറേഷനിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഇവർ ഇത്തരം വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നതാണ്. അതിനായി അയൽക്കാർ, കൈനോട്ടക്കാർ, ബേബി സിറ്റേർസ് തുടങ്ങി ഏത് വേഷം ധരിച്ചും ഇവർ കാമുകിമാരെ സമീപിക്കുകയും ചെയ്യും. വഴി വിട്ട ബന്ധങ്ങൾ കാരണം ചൈനയിലെ വിവാഹമോചനങ്ങൾ വർധിച്ച് വരുന്നുവെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. 2007ൽ ഇത് 1000 പേരിൽ 1.59 ശതമാനമായിരുന്നുവെങ്കിൽ 2014 ആകുമ്പോഴേക്കും അത് 1000 പേരിൽ 2.67 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ യൂറോപ്പ്, ഫ്രാൻസ്, തുടങ്ങിയ സ്ഥലങ്ങളെ ചൈന കവച്ച് വയ്ക്കുകയാണ്. ഭർത്താക്കന്മാരെ വഴി തെറ്റിക്കുന്ന മിസ്ട്രസുമാർ എല്ലാ രാജ്യങ്ങളിലുമുണ്ടെങ്കിലും ചൈനയിൽ ഇത് കൂടുതലാണ്.ഇവിടുത്തെ ധനിക ഭർത്താക്കന്മാർക്ക് വഴി തെറ്റാനുള്ള ജീവിതസാഹചര്യങ്ങളേറെയാണെന്നും റിപ്പോർട്ടുണ്ട്.