ന്യൂഡൽഹി: പാക് തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ സ്ഥാപക നേതാവ് മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു ചൈന വീണ്ടും തടയിട്ടു.

ചൈന കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് സംഭവത്തിൽ പ്രതികരിച്ച വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. തീവ്രവാദഭീഷണി നേരിടുന്ന ചൈന തന്നെ മസൂദ് അസിറിന്റെ കാര്യത്തിൽ തടസം സൃഷ്ടിക്കുന്നത് അദ്ഭുതപ്പെടുത്തുന്നകാര്യമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ചൈനയുടെ ഇരട്ട നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് അധീന കാശ്മീരിൽ കഴിയുന്ന മസൂദ് അസർ ഇന്ത്യ ഏറെ നാളായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന തീവ്രവാദിയാണ്. ഇദ്ദേഹം സ്ഥാപിച്ച ജെയ്ഷ് ഇ മുഹമ്മദിനെ ഐക്യരാഷ്ട്ര സംഘടന തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1994 ൽ ശ്രീനഗറിലെത്തിയ മസൂറ് അസറിനെ ഇന്ത്യ അറസ്റ്റ് ചെയ്തിരുന്നതാണ്. എന്നാൽ പിറ്റേവർഷം ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി കാണ്ഡഹാറിൽ ഇറക്കിയ സംഭവത്തിൽ യാത്രക്കാരെ വിട്ടയയ്ക്കാൻ അസറിനെ മോചിപ്പിക്കേണ്ടിവന്നു. 2008 ലെ മുംബൈ ഭീകരാക്രമണത്തിലടക്കം ഇയാൾക്കു പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

ന്യൂക്ലിയർ സപ്ലൈ ഗ്രൂപ്പിൽ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലും ചൈന എതിർപ്പ് ഉന്നയിക്കുന്നുണ്ട്.