ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ പുരോഗതി ഉണ്ടായെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്നാൽ, കാര്യങ്ങൾ അത്രയ്ക്ക് സുഖകരമല്ലെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. പാക്കിസ്ഥാനോട് പിന്തുണക്കുന്ന കാര്യത്തിൽ ചൈന യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ തെളിവായി മാറി മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരനെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന ആവശ്യത്തിന് യുഎന്നിൽ ചൈന തടയിട്ടത്.

ലഷ്‌കറെ തയ്ബ ഭീകരനുമായ സക്കിയൂർ റഹ്മാൻ ലഖ്വിയെ മോചിപ്പിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭയിൽ നടപടി ആവശ്യപ്പെടാനുള്ള ഇന്ത്യയുടെ നീക്കമാണ് ചൈന തടഞ്ഞു. ലഖ്‌വിയ്‌ക്കെതിരെ നടപടി എടുക്കുന്നതിന് ആവശ്യമായ വിവരങ്ങളോ തെളിവുകളോ ഇന്ത്യ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ഇടങ്കോലിട്ടത്.

ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ലഖ്‌വിയുടെ മോചനത്തെ കുറിച്ച് പാക്കിസ്ഥാനോട് വിശദീകരണം ആവശ്യപ്പെടാൻ യു.എൻ തീരുമാനിച്ചിരുന്നു. എന്നാൽ, ചൈനയുടെ പ്രതിനിധികളുടെ ഇടപെടൽ മൂലം ഇത് തടസപ്പെടുകയായിരുന്നു.

ലഖ്‌വിയെ മോചിപ്പിച്ചതിനെ കുറിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അശോക് മുഖർജി ഐക്യരാഷ്ട്ര സഭാ ഉപരോധ സമിതിയുടെ ചെയർമാൻ മക് ലേയ്ക്ക് കത്തു നൽകിയിരുന്നു. യു.എന്നിന്റെ പ്രമേയം 1267ന്റെ ലംഘനമാണ് ലഖ്‌വിയുടെ മോചനമെന്ന് കത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. അൽക്വഇദ, ലഷ്‌കറെ തയ്ബ തുടങ്ങിയ ഭീകര സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്തുന്ന ഈ പ്രമേയത്തിന്റെ അന്തസത്തയ്ക്ക് യോജിച്ചതല്ല പാക്കിസ്ഥാൻ കോടതിയുടെ നടപടിയെന്നും മുഖർജി വ്യക്തമാക്കിയിരുന്നു. ഉപരോധം സംബന്ധിച്ച കമ്മിറ്റിയിൽ അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളുമാണുള്ളത്.

ലഖ്‌വിയുടെ മോചനം അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളേയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. ലഖ്‌വിയെ വീണ്ടും ജയിലിൽ അടയ്ക്കണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബയ് ആക്രമണകേസിൽ ലഖ്‌വി അടക്കം ഏഴു പ്രതികളാണുള്ളത്. പാക്കിസ്ഥാനിൽ ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് മോചിപ്പിക്കപ്പെടുകയായിരുന്നു.