ഭീകരരെ സഹായിക്കുന്ന നിലപാട് തുടർന്നാൽ പാക്കിസ്ഥാനുള്ള സഹായം നിർത്തിവെക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, പാക്കിസ്ഥാന് പിന്തുണയുമായി ചൈനയെത്തിയത് ഇന്ത്യയെ സമ്മർദത്തിലാഴ്‌ത്തുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണെന്ന് ഉറപ്പായിരുന്നു. പാക്കിസ്ഥാനുമായി ചേർന്ന് ഇന്ത്യക്കുമേൽ സമ്മർദം ശക്തമാക്കുകയെന്ന ചൈനീസ് തന്ത്രം വീണ്ടും ശക്തിപ്രാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ ചബഹാർ തുറമുഖത്തിന് സമീപം പാക്കിസ്ഥാൻ മണ്ണിൽ സൈനിക താവളം ഒരുക്കാൻ ചൈന ഭൂമി സ്വന്തമാക്കി.

ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും ചേർന്നാണ് ഛബഹാർ തുറമുഖം നിർമ്മിക്കുന്നത്. ചൈനയുടെ രണ്ടാമതത്തെ വിദേശ സൈനിക താവളമായിരിക്കും പാക്കിസ്ഥാനിൽ നിർമ്മിക്കുകയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ മേഖലയെന്നതി നെക്കാൾ, കടലിലൂടെയുള്ള നീക്കങ്ങൾ കൂടി മുന്നിൽക്കണ്ടുകൊണ്ടാണ് ഈ നീക്കം എന്ന് വ്യക്തമാണ്.

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ചൈന പാക്കിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. അമേരിക്ക സഹായം നിർത്തിയാലും കുഴപ്പമില്ലെന്ന സാഹചര്യമാണ് ഇതുണ്ടാ്്ക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും സാമ്പത്തിക ഇടപാടുകളിലും ചൈനീസ് കറൻസി ഉപയോഗിക്കാനുള്ള അനുമതി നൽകിയതും ചൈനയുടെ വിധേയ രാജ്യമായി മാറാനുള്ള പാക്കിസ്ഥാന്റെ സന്നദ്ധത വെളിപ്പെടുത്തുന്നതായിരുന്നു.

പാക്കിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിലുള്ള ജിവാനിയിലാണ് സൈനിക താവളം ഉയരുന്നത്. ബലൂചിസ്താൻ പ്രവിശ്യയിലെ ഗ്വാഡറിൽനിന്നും അടുത്താണിത്. ഇന്ത്യയിൽനിന്നും ഇറാൻ വഴി അഫ്ഗാനിസ്താനിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനാമ് ഛബഹാർ തുറമുഖത്തിന്റെ വികസനത്തിന് ഇന്ത്യയും അഫ്ഗാനും ഇറാനുമായി കൈകോർക്കുന്നത്.

ചൈനയ്ക്കും പാക്കിസ്ഥാനും സംയുക്തമായി നാവികശേഷി വർധിപ്പിക്കാനും അത് പാക്കിസ്ഥാനിൽനിന്ന് പ്രവർത്തിക്കാനും സാഹചര്യമൊരുക്കുകയാവും ജിവാനിയിലെ സൈനിക താവളം ചെയ്യുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ജിബൂട്ടിയിൽ ചൈനയ്ക്ക് സൈനിക താവളമുണ്ട്. കടൽക്കൊള്ളക്കാരെ നേരിടുന്നതിനായി വിന്യസിച്ചിട്ടുള്ള നാവിക സേനയുടെ ഇടത്താവളം മാത്രമാണിതെന്നാണ് ചൈന അവകാശപ്പെടുന്നതെങ്കിലും അടിയന്തര സാഹചര്യത്തിൽ പൂർണ സൈനി ക താവളമായി പ്രവർത്തിക്കാൻ ഇതിനാവും. ശ്രീലങ്കയിലെ ഹംബൻടോട്ടയിലും ഇതേ ആവശ്യത്തിനായി ചൈന ഭൂമി സ്വന്തമാക്കിയിട്ടുണ്ട്.