ന്യൂഡൽഹി: എൻഎസ്ജിയിൽ (ആണവ വിതരണ രാജ്യങ്ങളുടെ സമിതി) അംഗത്വം നേടുന്നതിനുള്ള ഇന്ത്യുടെ ശ്രമത്തിന് ചൈന എതിരു നിൽക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന് സമിതിയിൽ അംഗത്വം നൽകുന്നതിനെ ഇന്ത്യ എതിർക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ഊർജ്ജ നയത്തിന് എൻഎസ്ജി അംഗത്വം പ്രധാനമാണ്. ഇന്ത്യയുടെ അംഗത്വത്തിലെ മാനദണ്ഡങ്ങൾ പരിശോധിക്കുക മാത്രമാണ് ചൈന ചെയ്തത്. അവർ അംഗത്വത്തിന് എതിരഭിപ്രായം പ്രകടിപ്പിച്ചില്ലെന്നും സുഷമ പറഞ്ഞു. ഒരു രാജ്യത്തിനും അംഗത്വം നൽകുന്നതിനെ ഇന്ത്യ എതിർക്കില്ലെന്നും പാക്കിസ്ഥാന് അംഗത്വം നൽകുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിനു മറുപടിയായി സുഷമ പറഞ്ഞു.

ആണവനിർവ്യാപന കരാറിൽ ഒപ്പു വയ്ക്കാത്ത രാജ്യങ്ങൾക്ക് എൻഎസ്ജി അംഗത്വം പാടില്ലെന്നാണു ചൈന അടക്കം ഏതാനും രാജ്യങ്ങളുടെ നിലപാട്. എന്നാൽ, പാക്കിസ്ഥാന്റെ അംഗത്വ അപേക്ഷയെ ചൈന പിന്തുണച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചൈനയെ കൂടാതെ തുർക്കി, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രവേശനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചത്. 20നു ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുന്ന എൻഎസ്ജി യോഗം ഇന്ത്യയ്ക്ക് നിർണായകമാണ്. എൻഎസ്ജി അംഗത്വം ലഭിച്ചാൽ ആണവസാങ്കേതികവിദ്യയുടെ കയറ്റുമതിക്ക് ഇന്ത്യക്കു കഴിയും. ഐകകണ്ഠ്യേന മാത്രമേ എൻഎസ്ജി അംഗത്വം സാധ്യമാകൂ. ചൈന മാത്രം എതിർത്താൽപ്പോലും ഇന്ത്യയുടെ അംഗത്വമോഹം ഇല്ലാതാകും.

ഈ വർഷം അവസാനത്തോടെ ഇന്ത്യയ്ക്ക് എൻഎസ്ജിയിൽ ഇടം നേടാനാകുമെന്നു പ്രതീക്ഷയാണു സുഷമ സ്വരാജ് പ്രകടിപ്പിച്ചത്. ഇന്ത്യ-പാക് ബന്ധത്തിൽ കൂടുതൽ പുരോഗതി കൈവരിക്കാനായെന്നും വിദേശകാര്യമന്ത്രി അവകാശപ്പെട്ടു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറി തല ചർച്ചകൾ റദ്ദാക്കിയിട്ടില്ല. പത്താൻകോട്ട് ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ ശരിയായ വിധത്തിൽ അന്വേഷണം നടത്തുന്നതിന് കാത്തിരിക്കുകയാണ്. എൻഐഎ സംഘത്തിന് പാക്കിസ്ഥാൻ സന്ദർശിക്കാൻ അനുമതി നിഷേധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം, ഇന്ത്യയെ എൻഎസ്ജിയിൽ ഉൾപ്പെടുത്തുന്ന വിഷയം ചർച്ച ചെയ്യാൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ രണ്ടു ദിവസത്തെ ചൈനീസ് സന്ദർശനം നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 16, 17 തീയതികളിലായിരുന്നു ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായുള്ള ജയശങ്കറിന്റെ കൂടിക്കാഴ്ച. എൻഎസ്ജി ഉൾപ്പെടെയുള്ള പല വിഷയങ്ങളും ചർച്ച ചെയ്തെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് എൻഎസ്ജി അംഗത്വം നൽകുന്നതിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ചൈനയുടെ നിലപാട്. ഇക്കാര്യത്തിൽ അഭിപ്രായഐക്യം ഉണ്ടാകാൻ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ചൈന വ്യക്തമാക്കിയിരുന്നു. 48 രാജ്യങ്ങൾ അംഗങ്ങളായ ഗ്രൂപ്പിൽ ഇന്ത്യയുടെ അംഗത്വത്തിന് യുഎസ് സമ്മർദം ശക്തമായിരിക്കെയാണു വിയോജിപ്പു പരസ്യമാക്കി ചൈന രംഗത്തെത്തിയത്.