പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം ചൈന സന്ദർശിക്കാനിരിക്കെ, അദ്ദേഹത്തിന്റെ നേതൃഗുണത്തെ പ്രശംസിച്ച് ചൈനീസ് അധികൃതർ രംഗത്തെത്തിയത് അതിർത്തി പ്രശ്‌നങ്ങളിലുള്ള തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷകൾ ശക്തമാക്കി. ഇരുരാജ്യങ്ങളിലെയും ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രവർത്തന ഫലമായി അതിർത്തി പ്രശ്‌നങ്ങളിൽ കാര്യമായ മുന്നേറ്റമുണ്ടായതായാണ് ചൈനയുടെ ഏഷ്യൻകാര്യ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഹുവാങ് സിയാൻ പ്രഖ്യാപിച്ചത്.

ഏഷ്യയിലെ രണ്ട് വലിയ രാജ്യങ്ങളെന്ന നിലയിൽ അയൽരാജ്യങ്ങളുടെ വികസനത്തിന് ഇന്ത്യയും ചൈനയും പാലം പോലെ പ്രവർത്തിക്കുമെന്ന് ഹുവാങ് പറഞ്ഞു. നേപ്പാളിന്റെയും ശ്രീലങ്കയുടെയും വികസനകാര്യത്തിലാണ് ഇരുരാജ്യങ്ങൾക്കും നിർണായക പങ്ക് വഹിക്കാനാവുക. അതിർത്തി സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കും വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇരുരാജ്യങ്ങളിലെയും ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഇതുവരെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടുപോയട്ടുമുണ്ട്.

ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിർത്തി പ്രശ്‌നങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയിരുന്നു. അതിനുശേഷം ഈ ചർച്ചയുടെ ചുവടുപിടിച്ച് ഇരുരാജ്യങ്ങളിൽനിന്നുമുള്ള പ്രത്യേക പ്രതിനിധി സംഘം ന്യൂഡൽഹിയിൽ കൂടുതൽ ചർച്ചകളും നടത്തിയിരുന്നു. ഈ ചർച്ചകൾ ഫലവത്തായിരുന്നുവെന്നാണ് ഹുവാങ് അഭിപ്രായപ്പെട്ടത്.

അരുണാചൽ പ്രദേശിന്റെ അവകാശവാദമുൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ യോജിച്ച തീരുമാനത്തിലെത്താൻ ഇരു രാജ്യങ്ങൾക്കുമായേക്കുമെന്ന സൂചനയാണ് ഹുവാങ്ങിന്റെ വാക്കുകളിലുള്ളത്. ഇതിനകം 18 തവണയെങ്കിലും ഇക്കാര്യം പല തലങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്. ജിൻപിങ്ങിന്റെയും മോദിയുടെയും ശക്തമായ നിലപാടുകൾ പ്രശ്‌ന പരിഹാരത്തിന് സഹായിക്കുമെന്നും ഹുവാങ് പറഞ്ഞു.

അരുണാചൽ പ്രദേശിലെ അക്‌സായി ചിൻ ഉൾപ്പെടെയുള്ള അരുണാചലിലെ തർക്കപ്രദേശത്ത് സമാധാനം കാത്തുസൂക്ഷിക്കാൻ ഇരുരാജ്യങ്ങൾക്കുമായിട്ടുണ്ടെന്ന് ഹുവാങ് പറഞ്ഞു. മോദിയുടെ വരവോടെ ഇന്ത്യയോടുള്ള മറ്റുരാജ്യങ്ങളുടെ കാഴ്ചപ്പാടിലും മാറ്റം വന്നു. അത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെയും സ്വാധീനിച്ചിട്ടുണ്ട്. മെയ്ഡ് ഇൻ ചൈനയും മെയ്ക്ക് ഇൻ ഇന്ത്യയും ഒരുമിച്ച് പോകുമെന്നും ഹുവാങ് പറഞ്ഞു.