ന്യൂയോർക്ക്: ലോക മഹായുദ്ധത്തിന് തയ്യാറെടുത്ത് അമേരിക്കയും ഉത്തര കൊറിയയും; യു.എസ് പടക്കപ്പൽ കാൾ വിൻസന്റെ നീക്കങ്ങൾ ചോർത്താൻ ചാരക്കപ്പലുകൾ അയച്ച് റഷ്യയും ചൈനയും; ആണവയുദ്ധത്തിന് സാധ്യതയെന്ന തിരിച്ചറിഞ്ഞവിൽ യുഎൻ; സമവായ നീക്കങ്ങൾക്ക് വഴങ്ങാതെ ട്രംപും പുട്ടിനും; യുദ്ധസാഹചര്യം തിരിച്ചറിഞ്ഞ് ലോകരാഷ്ട്രങ്ങൾ

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ഭിന്നത മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കെ കൊറിയയുടെ സമുദ്രമേഖലയിൽ യു.എസ് വിമാനവാഹനി കപ്പൽ നങ്കൂരമിട്ടു. അതേസമയം ഈ കപ്പലിനെ റഷ്യയും ചൈനയും പിന്തുടരുന്നെന്ന വാർത്തയും ലോകയുദ്ധത്തിന്റെ സാധ്യതയിലേക്ക് വിരൽ ചൂണ്ടിന്നതാണ്.

യുഎസ് വിമാനവാഹിനി യുഎസ്എസ് കാൾ വിൻസന്റെ നേതൃത്വത്തിലുള്ള പടക്കപ്പൽവ്യൂഹമാണ് കൊറിയൻ തീരത്തെത്തിയിരിക്കുന്നത്. കാൾ വിൻസന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ റഷ്യയും ചൈനയും ചാരക്കപ്പലുകളെ അയച്ചിട്ടുണ്ടെന്ന് ജാപ്പനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കാൾ വിൻണിന്റെ ഓരോ നീക്കങ്ങളും മനസിലാക്കാൻ അവ ചോർത്തിയെടുക്കാനും അത്യാധുനിക സാങ്കേതിക വിദ്യയാണ് റഷ്യയും ചൈനയും ഒരുക്കിയിരിക്കുന്നത്.

ലോകരാജ്യങ്ങളുടെ എതിർപ്പു മറികടന്ന് ആണവപരീക്ഷണവുമായി ഉത്തരകൊറിയ മുന്നോട്ടു പോകാൻ തീരുമാനിച്ചതോടെയാണ് അണ്വായുധങ്ങൾ ശേഖരമുള്ള കാൾ വിൻസൺ എന്ന വിമാനവാഹിനിക്കപ്പൽ കൊറിയൻ തീരത്തേക്ക് അമേരിക്ക അയച്ചത്. ഓസ്‌ട്രേലിയയിലേക്ക് പോകുകയായിരുന്ന ഈ കപ്പലിനെ ഉത്തര കൊറിയ നടത്തിയ ആയുധപരേഡിനു പിന്നാലെ തിരിച്ചുവിളിക്കുകയായിരുന്നു. ഏതു സമയത്തും അടുത്ത ആണവപരീക്ഷണത്തിന് ഉത്തര കൊറിയ മുതിർന്നേക്കാമെന്ന വിലയിരുത്തലിനെത്തുടർന്നാണ് കാൾ വിൻസണെ തിരിച്ചു വിളിച്ച് കൊറിയയിലേക്കയച്ചത്.

കൊറിയൻ ഉപദ്വീപുകൾക്കു സമീപമാണ് കാൾ വിൻസൺ നങ്കുരമിട്ടിരിക്കുന്നത്. സിറിയയ്ക്കു പിന്നാലെ ഉത്തര കൊറിയയ്ക്കു നേരേയും അമേരിക്ക അപ്രതീക്ഷിത ആക്രമണം നടത്തുമെന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ ലോകരാഷ്ട്രങ്ങൾ വിലയിരുത്തിയിരുന്നത്. കഴിഞ്ഞ മാസം ദക്ഷിണ കൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും വിൻസൺ പങ്കെടുത്തിരുന്നു.

ഉത്തരകൊറിയയെ നിലയ്ക്കു നിർത്താൻ ചൈന സഹകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൈന സഹകരിച്ചില്ലെങ്കിലും ഉത്തരകൊറിയയ്ക്ക് എതിരേ അമേരിക്ക ഒറ്റയ്ക്ക് നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാൾ വിൻസന്റെ സാന്നിധ്യം ഭീതിയോടെയാണ് മറ്റ് രാജ്യങ്ങൾ നോക്കിക്കാണുന്നത്. അതിനിടെ ഏറെ സംഭ്രമജനകമായ സാഹചര്യത്തിലും ഉത്തരകൊറിയ അണ്വായുധ പരീക്ഷണം നടത്തിയെങ്കിലും അത് പരാജയപ്പെട്ടെന്നാണ് അമേരിക്ക വിശദീകരിച്ചിരിക്കുന്നത്. യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ള സിൻപോയിലായിരുന്നു പരീക്ഷണം. സൗഹൃദരാജ്യമായ ചൈനയുടെ ഉപദേശം പോലും തള്ളിയായിരുന്നു കൊറിയയുടെ ബാലിസ്റ്റിക് പരീക്ഷണം.

ഇതിനിടെ കൊറിയൻ ഉപഭൂഖണ്ഡത്തെ യുദ്ധസമാന സാഹചര്യത്തിലേക്കു തള്ളിവിടുന്നത് യുഎസ് ആണെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ ഉത്തരകൊറിയയുടെ ഉപ അംബാസഡർ ആരോപിച്ചു. ഇത്തരം അപകടകരമായ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും ഒരു ആണവ യുദ്ധം ഉണ്ടായേക്കാമെന്നും ഉപ അംബാസഡർ കിം ഇൻ റ്യോങ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് സൈനിക നടപടി ആരംഭിച്ചാൽ ഏതറ്റംവരെ പോകാനും ഉത്തര കൊറിയ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൊറിയൻ ഉപഭൂഖണ്ഡത്തിലേക്ക് യുഎസിന്റെ വിമാനവാഹിനി കപ്പൽ വിന്യസിച്ചത് ഉത്തര കൊറിയയെ കീഴടക്കാമെന്ന യുഎസിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയുടെ തെളിവാണ്. യുഎസ് ദക്ഷിണ കൊറിയ സൈനിക അഭ്യാസങ്ങൾ തങ്ങളുടെ രാജ്യത്തിനുനേരെയുള്ള പ്രകോപനമായ യുദ്ധപരിശീലനമാണ്. ഇത്തരം സാഹചര്യങ്ങളെത്തുടർന്നാണ് ഉത്തരകൊറിയ സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള സൈനിക ശേഷി വർധിപ്പിക്കുന്നത്. യുഎസിനെതിരെ ഏതു തരത്തിലെ യുദ്ധ പ്രതികരണത്തിനും ഉത്തര കൊറിയ തയാറാണ് റ്യോങ് വ്യക്തമാക്കി.

അതേസമയം, ഉത്തര ദക്ഷിണ കൊറിയകളുടെ ഇടയ്ക്കുള്ള സൈനികരഹിത മേഖല യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു റ്യോങിന്റെ വാർത്താസമ്മേളനം.യു.എസ് സൈന്യത്തിന്റെ ശക്തിപരീക്ഷിക്കരുതെന്ന് പെൻസ് ഉത്തര കൊറിയയ്ക്കു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. അതേസമയം യുദ്ധമുണ്ടായാൽ എക്കാലത്തും അമേരിക്കയുടെ സഖ്യകക്ഷിയായി നിലകൊള്ളാറുള്ള ബ്രിട്ടൻ ഒപ്പമുണ്ടാകുമോയെന്നും വ്യക്തമല്ല. പ്രശ്‌നത്തിലിടപെടാതെ മാറി നിൽക്കുകയെന്ന സമീപനമാണ് ബ്രിട്ടൻ സ്വീകരിക്കുന്നതെന്നും കഴിഞ്ഞ ദിവസം അമേരിക്കൻ മാധ്യമങ്ങൾ തന്നെ വ്യക്തമാക്കിയിരുന്നു.