ബെയ്ജിങ്: ലോകത്ത് ഏതുകോണിലും പറന്നിങ്ങാനും വൻനാശം വിതയ്ക്കാനും കഴിയുന്ന ആണവ ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഭാഗമാക്കാൻ ചൈന ഒരുങ്ങുന്നു. അമേരിക്കയും ജപ്പാനും ആസ്‌ട്രേലിയയും ഇന്ത്യയും ചേർന്ന് ഇൻഡോ- പസഫിക് മേഖലയിലെ സൈനികസുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താൻ ചതുർരാഷ്ട്ര സഖ്യം രൂപീകരിച്ച് ദിവസങ്ങൾക്കമാണ് ചൈനയുടെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. മേഖലയിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് എതിരെ ശക്തമായ താക്കീത് നൽകി ചൈന രംഗത്തെത്തിയിരുന്നു. റഷ്യയുടെ പിന്തുണയും ഇക്കാര്യത്തിൽ ചൈനയ്ക്കുണ്ട്.

ഇത്തരത്തിൽ മേഖലയിൽ ഇന്ത്യയുടെ സൈനിക സഖ്യങ്ങൾ മാറുകയും പുതിയ രാഷ്ട്രീയ ചേരി ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താൻ പോന്ന മിസൈൽ സേനയുടെഭാഗമാക്കി വിന്യസിക്കാൻ ചൈന തീരുമാനിച്ചിട്ടുള്ളത്.

ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലായ ഡോംഗ് ഫെങിന്റെ പുതിയ സീരീസ് ചൈനീസ് സേനയുടെ ഭാഗമാകുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ അടുത്ത വർഷത്തോടെ ചൈനീസ് സേനയുടെ ഭാഗമാക്കാനും വിന്യസിക്കാനുമാണ് തീരുമാനം. ശത്രുസേനകളുടെ പ്രതിരോധ സംവിധാനത്തിലേക്കു നുഴഞ്ഞുകയറാൻ സഹായകരമാണ് ഇത്തരം മിസൈലുകളെന്ന് മുമ്പുതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എട്ടു തവണ പരീക്ഷണങ്ങൾ നടത്തിയ മിസൈൽ 2018 ആദ്യ പകുതിയോടെ പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ)യുടെ ഭാഗമാക്കും. ത്രീ സ്റ്റേജ് സോളിഡ് ഫ്യുവൽ മിസൈലായ ഡോങ്‌ഫെങ് 41ന്റെ ദൂരപരിധി 12,000 കിലോ മീറ്ററാണ്. ഇതിന്റെ പരിധി 15,000 കിലോമീറ്റർവരെ ദീർഘിപ്പിച്ചുള്ള പരീക്ഷണങ്ങളും അന്തിമഘട്ടത്തിലാണ്. വിക്ഷേപണത്തറയിൽനിന്ന് ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഇതുപയോഗിച്ച് ആക്രമണം നടത്താമെന്ന് ചൈനയുടെ ആയുധ നിയന്ത്രണ അഡൈ്വസർ ഷു ഗ്വാൻഗ്യു പറഞ്ഞു.

പത്തു ആണവ പോർമുനകൾ വഹിക്കാനും ഓരോന്നായി തൊടുക്കാനും ഇതിനു സാധിക്കും. നവംബർ ആദ്യം ചൈനയുടെ പടിഞ്ഞാറൻ മരുഭൂമിയിൽ മിസൈലിന്റെ പരീക്ഷണം നടത്തിയിരിക്കാമെന്ന് ദക്ഷിണ ചൈന മോണിങ് പോസ്റ്റ് അറിയിച്ചു. 2016 ഏപ്രിലിൽ ഇത്തരം മിസൈൽ ഉപയോഗിച്ച് ചൈന പരീക്ഷണം നടത്തിയതായി യുഎസ് കണ്ടെത്തിയിരുന്നു.

പരീക്ഷണ, നിരീക്ഷണങ്ങൾക്കു ശേഷം പുറത്തിറക്കുന്ന മിസൈൽ ചൈനയുടെ ആയുധശേഷിക്കു മുതൽകൂട്ടാകുമെന്നാണു കരുതുന്നത്. യുഎസിനെയും യൂറോപ്പിനെയും ലക്ഷ്യമിട്ടാണ് ചൈനയുടെ മിസൈൽ പരീക്ഷണമെന്നാണ് റഷ്യൻ വിദഗ്ധരുടെ വിലയിരുത്തൽ.

പിഎൽഎയുടെ റോക്കറ്റ് ഫോഴ്‌സ് ഞായറാഴ്ച ചൈനയുടെ സ്വന്തം ആണവ മിസൈലുകളുടെ മാതൃകകൾ പുറത്തുവിട്ടിരുന്നു. ഡെങ്‌ഫെങ്26 ബാലിസ്റ്റിക് മിസൈൽ, ഡോങ്‌ഫെങ്21ഡി കപ്പൽവേധ ബാലിസ്റ്റിക് മിസൈൽ, ഡോങ്‌ഫെങ്16 എന്നിവ നിലവിൽ ചൈനീസ് സേനയുടെ ഭാഗമാണ്.

ഇന്തോ-പസഫിക്ക് പ്രദേശത്തെ ചൈനയുടെ മേധാവിത്തം ഇന്ത്യയെ അലോസരപ്പെടുത്തുന്ന സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ സൈനിക സഹകരണത്തിനായി അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ രാജ്യങ്ങളുമായി കൈകോർത്ത് പുതിയ ചതുർരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായത്.

മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായാണ് ഈ നാല് രാജ്യങ്ങളും ഒരുമിക്കുന്നതെന്ന പ്രഖ്യാപനത്തോടെ ആയിരുന്നു ഇത്. ഇതിനായി ആസിയാൻ ഉച്ചകോടിക്കിടെ ഇന്ത്യയുൾപ്പെടെ നാലു രാജ്യങ്ങളുടെയും പ്രതിനിധികൾ മനിലയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

ചതുർരാഷ്ട്ര കൂട്ടായ്മയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി പ്രണയ് വർമ, ജോയിന്റ് സെക്രട്ടറി വിനയ് കുമാർ എന്നിവരാണ് പങ്കെടുത്തത്. യു.എസ് പ്രതിനിധിയായി എത്തിയത് ആലിസ് വെൽസായിരുന്നു.

യു.എസ്-ഇന്ത്യ-ജപ്പാൻ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസത്തിൽ ഓസ്‌ട്രേലിയയും ചേരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സഖ്യത്തിൽ തങ്ങളോടൊപ്പം ഓസ്‌ട്രേലിയ അണിചേരണമെന്ന് യു.എസും ആവശ്യപ്പെട്ടിരുന്നു ഇതോടെയാണ് ഓസ്ട്രേലിയയും ചേർന്ന് അതി ശക്തമായ ചതുർരാഷ്ട്ര കൂട്ടായ്മ രൂപീകരിച്ചത്.

ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനിക ഇടപെടൽ വർധിച്ച പശ്ചാത്തലത്തിൽ, സഖ്യത്തിന്റെ ഓരോ നീക്കവും നിർണായകമാകുമെന്ന വിലയിരുത്തലും ഇതോടൊപ്പം പുറത്തുവന്നിരുന്നു. സ്വതന്ത്രവും തുറന്നതും സമൃദ്ധിയുള്ളതും ഏവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്ക് പ്രദേശമാണ് ലക്ഷ്യമെന്ന് ചർച്ചയ്ക്ക് ശേഷം പ്രതിനിധികൾ വ്യക്തമാക്കുകയും ചെയ്തു. സഖ്യത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ചതുർരാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ചൈന അവരുടെ ഏറ്റവും ശക്തമായ ആയുധം സേനയുടെ ഭാഗമാക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇത് മേഖലയിൽ ആയുധ മത്സരം കൂടുന്നതിന് വഴിവയ്ക്കുമെന്ന ചർച്ചകളും ഇതോടെ സജീവമായിട്ടുണ്ട്. ചൈനയ്ക്ക് പിന്തുണയുമായി റഷ്യയും എത്തുന്നുവെന്ന നിലയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകളും വന്നിരുന്നു. ഇതോടെ യുദ്ധ-പ്രതിരോധ സഹകരണങ്ങളിൽ ലോകത്ത് പുതിയ ചേരിതിരിവ് ഉണ്ടാകുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.