ബീജിങ്: ഇന്ത്യയിലെത്തുന്ന ചൈനീസ് സഞ്ചാരികൾക്ക് ഇ-വിസ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചത് ആവേശമായിപ്പോയോ എന്ന് സംശയിക്കുന്നവരേറെ. ഇന്ത്യക്കാർക്ക് എളുപ്പത്തിൽ വിസ നൽകുന്ന കാര്യത്തിൽ ചൈന യാതൊരു തീരുമാനവും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ്, മോദിയുടെ നടപടി തിരക്കിട്ടുള്ളതായിപ്പോയെന്ന വിമർശനമുയരുന്നത്.

മൂന്നുദിവസത്തെ ചൈനാ സന്ദർശനത്തിനിടെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് ചൈനീസ് സഞ്ചാരികൾക്ക് ഇ-വിസ നൽകുന്ന കാര്യം മോദി പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള അകലം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ നടപടിയെന്നും മോദി പറഞ്ഞു. എന്നാൽ, ഇന്ത്യക്കാർക്ക് ഇത്തരത്തിൽ വിസ നടപടികൾ ലളിതമാക്കുന്ന കാര്യത്തിൽ ചൈനീസ് സർക്കാർ യാതൊരു വാഗ്ദാനവും നൽകിയിട്ടുമില്ല.

സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി ഇന്ത്യക്കാർക്ക് ചൈനീസ് വിസ വൈകുന്നത് സാധാരണയാണ്. മോദിയുടെ പ്രഖ്യാപനം ഈ നടപടികൾ ലളിതമാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയല്ലാതെ പകരം എന്ത് നടപടികളുണ്ടാവുമെനന് അവർ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യക്കാർക്ക് ഇ-വിസ അനുവദിക്കുമോ എന്ന ചോദ്യത്തിന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലി തൃപ്തികരമായ മറുപടിയല്ല നൽകിയത്.

ഇരുരാജ്യങ്ങൾക്കിടയിലുള്ള പൗരന്മാരുടെ വിനിമയത്തെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ ഹോങ് ലി, ചൈനയുടെ നടപടികൾ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. മോദിയുടെ ചൈനീസ് സന്ദർശനം വൻവിജയമായിരുന്നുവെന്നും ഹോങ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തമാക്കുന്നതിനും സന്ദർശനം വഴിയൊരുക്കി. 24 കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.