ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ചൈനീസ് അധികൃതർ. ന്യൂഡൽഹിയിലെ ചൈനീസ് സ്ഥാനപതി കാര്യാലയമാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ചൈനീസ് പൗരന്മാർ വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശത്തെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

ജർമനിയിലെ ഹാംബർഗിൽ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും നേരിട്ടുകണ്ട് അഭിവാദ്യമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള ചൈനീസ് കമ്പനികളുടെ ഓഫീസുകളിൽ നിരവധി ചൈനക്കാർ ജോലിചെയ്യുന്നുണ്ട്.

ഓരോ വർഷവും രണ്ട് ലക്ഷത്തിലേറെ ചൈനീസ് വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. 2013 നുശേഷം ഇന്ത്യയിലെത്തുന്ന ചൈനീസ് വിനോദ സഞ്ചാരികളുടെയെണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഭൂട്ടാൻ, ഇന്ത്യ, ചൈന എന്നിവയുടെ അതിർത്തിയിലുള്ള ഡോക്ലാമിൽ ചൈനീസ് സൈന്യം റോഡ് നിർമ്മിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്.