ബെയ്ജിങ് : ഇന്ത്യ- ചൈന അതിർത്തിയിൽ ചൈന സൈനിക സന്നാഹം ശക്തമാക്കുന്നു. സിക്കിം അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് ടിബറ്റിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പടയൊരുക്കം. നിരവധി സൈനിക വാഹനങ്ങളും ഉപകരണങ്ങളും ടിബറ്റിലേക്കു മാറ്റിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമ ടിബറ്റിലെ കുൻലുൻ മലനിരകളുടെ ദക്ഷിണ ഭാഗത്തേയ്ക്ക് റോഡ്, റെയിൽ മാർഗങ്ങളിലൂടെയാണ് ഇവ മാറ്റിയിരിക്കുന്നത്.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ കമാൻഡാണ് സൈനിക നീക്കം നടത്തിയിരിക്കുന്നതെന്ന് ഗ്ലോബൽ ടൈംസ് വിവരിക്കുന്നു. സിൻജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതും ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതും വെസ്റ്റേൺ കമാൻഡാണ്.

എന്നാൽ അതിർത്തിയിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനാണോ ഇവ മാറ്റിയതെന്നു വ്യക്തമല്ല. ടിബറ്റിൽ ചൈനീസ് സേന സൈനികാഭ്യാസം നടത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സിക്കിം മേഖലയിൽ ദോക് ലായിൽ ഇന്ത്യ-ചൈന സൈനികർ മുഖാമുഖം നിൽക്കുന്നതു തുടരുന്നതിനിടെയാണു വടക്കുപടിഞ്ഞാറൻ ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) സൈനികാഭ്യാസം നടത്തിയത്. ദ്രുത സേനാ വിന്യാസം മുതൽ നവീന ആയുധങ്ങൾ വരെ അഭ്യാസത്തിൽ ഉപയോഗിച്ചു. ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ(എൽഎസി) കാവലുള്ള പിഎൽഎ ടിബറ്റ് കമാൻഡ് ആണ് അഭ്യാസത്തിൽ പങ്കെടുത്തത്.

ഇന്ത്യ- ചൈന അതിർത്തിയിൽ കഴിഞ്ഞ മൂന്നാഴ്ചയായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോൾ പ്രശ്‌നം. ചൈന ഇവിടെ സോംപെൽറി ഭാഗത്ത് റോഡ് നിർമ്മാണം തുടങ്ങിയതാണു പ്രശ്‌നത്തിന്റെ തുടക്കം. ആദ്യം ഭൂട്ടാനും പിന്നാലെ ഇന്ത്യയും ഇതിനെ എതിർത്തു. ദോക് ലാ ഭാഗത്ത് ഉടൻ തന്നെ ഇന്ത്യ കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു.

അതിർത്തിയിലെ തൽസ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യൻ സൈന്യമാണ് അതിർത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. മുമ്പ് 2013ൽ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ൽ ചുമാറിലും അതിർത്തിത്തർക്കം ഉണ്ടായപ്പോൾ മൂന്നാഴ്ച കൊണ്ടു പ്രശ്‌ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തൽസ്ഥിതി തുടരാൻ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിൻവലിക്കുകയുമാണു ചെയ്തത്. ഇത്തവണ പ്രശ്‌നം മൂന്നാഴ്ച കഴിഞ്ഞും നീളുകയാണ്.