ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കാലപരിധിയില്ലാതെ പദവി വഹിക്കാൻ കളമൊരുങ്ങുന്നു. പ്രസിഡന്റ് പദവി രണ്ടു തവണയാക്കി ചുരുക്കിയിട്ടുള്ള ഭരണഘടനാ വകുപ്പ് പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചു. പാർട്ടി സെൻട്രൽ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. വൈസ് പ്രസിഡന്റ് പദവിക്കുള്ള രണ്ടുതവണ പരിധിയും പരിഷ്‌കരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഭരണഘടന അനുവദിച്ചിട്ടുള്ള രണ്ടുതവണ പരിധിയിലാണ് അറുപത്തിനാലുകാരനായ ഷി ഇപ്പോൾ പദവി വഹിക്കുന്നത്. പ്രസിഡന്റ് പദത്തിൽ ആദ്യ അഞ്ചുവർഷ കാലാവധി അവസാനിച്ചതോടെ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതോടെ അടുത്ത അഞ്ചു വർഷംകൂടി അദ്ദേഹത്തിനു പദവിയിൽ തുടരാൻ കഴിയും.

ഭരണഘടനാ ഭേദഗതി പാർലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. പാർട്ടിയോട് കൂറുള്ളവർ മാത്രം പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ ഭേദഗതി പാസാകാൻ അധികം ബുദ്ധിമുട്ടേണ്ടിവരില്ലെന്നാണു സൂചന.