ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തിയിൽ വീണ്ടും സംഘർഷം. ലഡാക് സെക്ടറിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികർ ഇന്ത്യൻ അതിർത്തി ലംഘിച്ചെന്ന് റിപ്പോർട്ടിനെ തുടർന്നാണ് ഇത്.

പാൻഗോങ് തടാകത്തിന് സമീപമുള്ള ഇന്ത്യയുടെ ആറ് കിലോ മീറ്റർ ദൂരമാണ് ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയത്. മാർച്ച് എട്ടിനാണ് സംഭവം ഉണ്ടായത്. ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കേണൽ റാങ്കിലുള്ള സൈനികന്റെ നേതൃത്വത്തിൽ 11 സൈനികരാണ് അതിക്രമിച്ച് കടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യഥാർഥ നിയന്ത്രണരേഖ ഇവർ ലംഘിച്ചു. ഇന്ത്യയും ശക്തമായ നിലപാട് എടുത്തതോടെ ഇവർ പിന്മാറി. ഇതേ തുടർന്ന അതിർത്തിയിൽ ഇന്ത്യ ജാഗ്രത കർശനമാക്കി.

പാൻഗോങ് തടാകത്തിനോട് ചേർന്നുള്ള പ്രദേശത്താണ് കയ്യേറ്റം. ലഡാക്കിൽ സ്ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്. നാല് വാഹനങ്ങളിലായാണ് ചൈനീസ് സൈന്യം അതിർത്തി കടന്നത്. വാഹനങ്ങളിൽ രണ്ടെണ്ണം ചെറുതും ഒരെണ്ണം മീഡിയവും ഒരു വലിയ വാഹനത്തിലുമാണ് ഇവർ ഇന്ത്യൻ അതിർത്തി കടന്ന് 5.5 കിലോമീറ്റർ അകത്തേക്ക് വന്നത്. വിവരമറിഞ്ഞ് ഇന്തോ ടിബറ്റൻ പൊലീസ് ഉടൻ തന്നെ പെട്രോളിങ് നടത്തി. തുടർന്ന് മണിക്കൂറുകളോളം ഇരു കൂട്ടരും നേർക്കു നേർ നിലയുറപ്പിച്ചെങ്കിലും പിന്നീട് ചൈനീസ് സംഘം പിന്മാറുകയായിരുന്നു.

കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചൈനീസ് സംഘത്തെ നയിച്ചത് എന്നാണ് സൂചന. രണ്ട് മേജർമാരും സംഘത്തിലുണ്ടായിരുന്നു. ശക്തമായ ആയുധങ്ങളുമായാണ് ചൈനീസ് സംഘം അതിർത്തി കടന്നത്. ഇന്തോ ടിബറ്റൻ പൊലീസും ആയുധങ്ങൾ കരുതിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ 4057 കിലോമീറ്റർ അതിർത്തിയുള്ളതിൽ പലേടത്തും കൃത്യമായ വേലികളോ അതിരുകളോ ഇല്ല. ഇത് മുതലെടുത്താണ് ചൈനീസ് നുഴഞ്ഞുകയറ്റം.