- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാംഗോങ് തടാകത്തിന്റെ തെക്കൻ തീരങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് വടിവാളും കുന്തവും അടക്കം വൻ ആയുധശേഖരവുമായി; സംയമനം പാലിക്കുന്ന ഇന്ത്യയെ പ്രകോപിപ്പിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള അടവുമായി ഇറങ്ങിയിരിക്കുന്നത് 50ഓളം ചൈനീസ് പട്ടാളക്കാർ: ചൈനയുടെ ലക്ഷ്യം ഗൽവാൻ താഴ്‌വരയിൽ നടന്നതിന് സമാനമായ സംഘർഷാവസ്ഥ സൃഷ്ടിക്കൽ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് തോക്കുകളും കുന്തവും വടിവാളും അടക്കമുള്ള ആയുധങ്ങളുമായി. 40 മുതൽ 50 വരെ ചൈനിസ് പട്ടാളക്കാരാണ് (പീപ്പിൾസ് ലിബറേഷൻ ആർമി) ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി തിങ്കളാഴ്ച സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യൻ സൈനികർക്കുനേരെ വെടിയുതിർക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ഏതു വിധേനയും ഇന്ത്യയെ പ്രകോപിപ്പിച്ച് സംഘർഷാവസ്ഥ ഉണ്ടാക്കാനാണ് പിഎൽഎയുട ശ്രമം.
ഇന്ത്യൻ സൈനികരെ ബലംപ്രയോഗിച്ച് നീക്കാനുള്ള പുതിയ ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തു. ഇതേത്തുടർന്ന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും പലതവണ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിർത്തിയിലെ സാഹചര്യം വിലയിരുത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെ അദ്ദേഹത്തെ സ്ഥിതിഗതികൾ ധരിപ്പിച്ചു.
ജൂൺ 15ന് ഗൽവാൻ താഴ്‌വരയിൽ നടന്നതിനു സമാനമായ ഒരു സംഘർഷത്തിനുള്ള പ്രകോപനം സൃഷ്ടിക്കലാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. പാംഗോങ് തടാകത്തിന്റെ തെക്കൻ മേഖലയിലാണ് തിങ്കളാഴ്ച ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായത്. പാംഗോങ് തടാകത്തിന് സമീപമുള്ള റെസാങ് ലായ്ക്ക് സമീപമാണ് തിങ്കളാഴ്ച സംഘർഷാവസ്ഥ ഉണ്ടായത്. വെടിവയ്‌പ്പ് നടന്നതായി ചൈനയാണ് ആദ്യം സ്ഥിരീകരിച്ചത്. അതിനിടെ, ഇന്ത്യൻ സൈനികരാണ് വെടിവെപ്പ് നടത്തിയതെന്ന ആരോപണം ചൈന ഉന്നയിച്ചിരുന്നു.
ഷെൻപാവോയിൽ ഇന്ത്യ നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി പടിഞ്ഞാറൻ മേഖല കമാൻഡ് വക്താവ് കേണൽ ഷാങ് ഷൂലി ആരോപിച്ചു. അതിർത്തി ലംഘനം തടയാൻ ആകാശത്തേയ്ക്ക് വെടിവച്ച് മുന്നറിയിപ്പ് നൽകിയെന്നാണ് ചൈനയുടെ വാദം. എന്നാൽ ചൈന തെറ്റിദ്ധാരണ പരത്തുകയാണെന്ന് സൈന്യം പ്രതികരിച്ചു.എന്നാൽ ചൈനയുടെ ഭാഗത്തുനിന്ന് തുടർച്ചയായ പ്രകോപനം ഉണ്ടാകുന്നുവെന്നും പിഎൽഎയാണ് ആദ്യംവെടിവെപ്പ് നടത്തിയതെന്നും ഇന്ത്യൻ ആർമി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
പീപ്പിൾസ് ലിബറേഷൻ ആർമി നിയന്ത്രണരേഖയുടെ അടുത്തേയ്ക്കുവന്ന് ആകാശത്തേയ്ക്ക് പലതവണ വെടിയുതിർത്ത് ഇന്ത്യൻ സൈനികരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്തതായും ഇന്ത്യയുടെ ഭാഗത്തു നിന്നും വെടിവയ്‌പ്പുണ്ടായിട്ടില്ലെന്നും സൈന്യം വാർത്തക്കുറിപ്പിൽ അറിയിച്ചു. റെസാങ് ലയിൽ ഇരു സേനകളും മുഖാമുഖം നിൽക്കുകയാണ്. പ്രതിരോധമന്ത്രി മൂന്ന് സേനാമേധാവിമാരുമായും സംയുക്ത സേനാ മേധാവിയുമായും ചർച്ച നടത്തി. ഇന്ത്യചൈന വിദേശകാര്യമന്ത്രിമാർ മറ്റെന്നാൾ മോസ്‌കോയിൽ ചർച്ച നടത്താനിരിക്കെയാണ് സ്ഥിതി കൂടുതൽ വഷളായത്. ഇന്ത്യ ചൈന അതിർത്തിയിൽ വെടിവയ്‌പ്പുണ്ടാകുന്നത് 45 വർഷത്തിനിടെ ആദ്യമായാണ്.
ഇന്ത്യൻ സൈന്യം യാഥാർഥ നിയന്ത്രണരേഖ മറികടക്കുകയോ വെടിവെപ്പ് അടക്കമുള്ളവ നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ ആർമി വക്താവ് പറഞ്ഞിരുന്നു. ചൈനയുടെ ഭാഗത്തുനിന്ന് ശക്തമായ പ്രകോപനം ഉണ്ടായിട്ടും ഇന്ത്യൻ സൈന്യം സംയമനത്തോടെ പെരുമാറി. സമാധാനവും സ്വസ്ഥതയും നിലനിർത്താൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണെങ്കിലും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും കരസേന വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പുതിയ നീക്കങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ