ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയായ ദോക് ലാമിൽ വീണ്ടും ചൈനയുടെ പ്രകോപനം.മേഖലയിൽ ചൈനീസ് സൈനികർ വീണ്ടും റോഡ് നിർമ്മാണം ആരംഭിച്ചു.നേരത്തെ തർക്കമുണ്ടായ മേഖലയിൽ നിന്ന് 10 കിലോമീറ്റർ അകലെ വടക്ക് -കിഴക്ക് ഭാഗത്താണ് നിലവിലുള്ള റോഡ് വീതി കൂട്ടാൻ നിർമ്മാണം തുടങ്ങിയിരിക്കുന്നത്.

സൈനികമായി തന്ത്രപ്രധാനമായ ജംബേരി മേഖല ലക്ഷ്യമാക്കിയല്ല റോഡ് നിർമ്മാണമെന്നതുകൊണ്ട് ഇന്ത്യ ശക്തമായ എതിർപ്പറിയിച്ചിട്ടില്ല. കുറെ വർഷങ്ങൾക്ക് മുമ്പ് ദോക്ലാമിന്റെ വടക്കൻ മേഖലയിൽ നിർമ്മിച്ച റോഡാണ് ചൈന വികസിപ്പിക്കുന്നത്. നേരത്തെ ദോക്ലാമിന്റെ തെക്കൻ മേഖലയിലാണ് റോഡ് നിർമ്മാണത്തെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തത്.

ഏതായാലും മേഖലയിലെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് ചൈന പിന്നോട്ടില്ല എന്നതിന്റെ സൂചനയായാണ് ഇന്ത്യ പുതിയ റോഡ് വികസനത്തെ നിരീക്ഷിക്കുന്നത്. നിലവിലുള്ള റോഡാണ് വികസിപ്പിക്കുന്നതെങ്കിലും മേഖലയിലെ തങ്ങളുടെ പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.കഴിഞ്ഞ ജൂണിലാണ് ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും സിക്കിം ഭൂട്ടാൻ ടിബറ്റ് ട്രൈജംഗ്ഷനിൽ മുഖാമുഖം നിൽക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തത്. 70 ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിൽ ടാങ്കുകൾ, മിസൈൽ-വ്യോമ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവ വിന്യസിച്ച് ഇരുരാഷ്ട്രങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ തർക്കം യുദ്ധത്തിലേക്ക് വഴുതി വീഴുമോയെന്ന് പോലും ഭയപ്പെട്ടിരുന്നുവെങ്കിലും, ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി സംഘർഷത്തിൽ അയവുവന്നു. ഇരുപക്ഷവും സൈനികരെ ദോക്ലാമിൽ നിന്ന് പിൻവലിക്കുകയും ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദർശനത്തിന് കളമൊരുക്കുകയും ചെയ്തു. നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ദോക്‌ലാം പോലുള്ള വിഷയങ്ങൾ ആവർത്തിക്കില്ലെന്ന് ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന വീണ്ടും റോഡ് പണി പുനരാരംഭിച്ചത്.

രാഷ്ട്രത്തലവന്മാരുടെ സംഭാഷണത്തെ തുടർന്ന് താൽക്കാലികമായി സംഘർഷം അവസാനിച്ചിരുന്നെങ്കിലും, ഇരുരാഷ്ട്രങ്ങളുടെയും സേനകൾ നിതാന്ത ജാഗ്രതയിലാണ്. ഈ മാസം 18 ന് ആരംഭിക്കുന്ന നിർണായകമായ ചൈനീസ് പാർട്ടി കോൺഗ്രസ് വരെ സ്ഥ്ിതിഗതികളിൽ കാര്യമായ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രണ്ടാം വട്ടവും അധികാരത്തിലേക്ക് വരുന്നത് വരെ കാര്യങ്ങൾ ഇങ്ങനെ തന്നെ തുടരാനാണ് സാധ്യത.ശൈത്യകാലമാകുന്നതോടെ, ചൈനീസ് സൈന്യം ദോക്ലാമിൽ നിന്ന് പിൻവാങ്ങുമെന്നാണ് ഇന്ത്യൻ പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.