തൃശൂർ: ഭർത്തൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവ വൈദികനെ സംരക്ഷിക്കാൻ സഭാ നേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപം. സി.എം.ഐ. സഭയ്ക്കു കീഴിലുള്ള തൃശൂർ ചിയ്യാരം പള്ളിയിലെ മുൻ വൈദികനാണ് കഴിഞ്ഞ ഓഗസ്റ്റിൽ പള്ളിയിലെ സൺഡേ സ്‌കൂൾ അദ്ധ്യാപികയായിരുന്ന വീട്ടമ്മയെയും കൂട്ടി നാടുവിട്ടത്. ഇവരെ കാണാനില്ലെന്നു ഭർത്താവ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് വൈദികനെതിരേ പൊലീസ് കേസെടുത്തു.

ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടുംബത്തിലെ അംഗമാണ് യുവതി. വൈദികൻ ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്താറുമുണ്ടായിരുന്നു. യുവതി സൺഡേ സ്‌കൂൾ അദ്ധ്യാപികയായിരുന്നതിനാൽ ഈ അടുപ്പം നാട്ടുകാരും സംശയിച്ചില്ല. എന്നാൽ, അനാശാസ്യം നടത്തുന്നതിനിടെ പള്ളിക്കുള്ളിൽനിന്ന് നാട്ടുകാർ വൈദികനെയും യുവതിയെയും പിടികൂടിയതോടെ കാര്യം വഷളായി.

ഭർത്താവ് യുവതിയെ അവരുടെ വീട്ടിലേക്കു മാറ്റി. വൈദികൻ പിന്നീട് യുവതിയുടെ വീട്ടിലെത്തി അവരെയും കൂട്ടി മുംബൈയിലേക്കു പോയി. തുടർന്നാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ യുവതി കുട്ടികളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസായതോടെ വൈദികൻ യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തു.

വൈദികൻ സി.എം.ഐ. സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായും സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റുഡിയോയുടെ ചുമതല വഹിക്കുകയും നിരവധി സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത വൈദികനെ സൗണ്ട് എൻജിനീയറിങ് പഠനത്തിനായി വിദേശത്ത് അയയ്ക്കാൻ സഭാനേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടെയായിരുന്നു ഒളിച്ചോട്ടം.

അതേസമയം യുവ വൈദികൻ പെണ്ണുകേസിൽപ്പെട്ടിട്ടും സഭാ നേതൃത്വം നടപടി എടുക്കാതെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന പരാതിയുമായി സഭയിലെ ഒരു വിഭാഗം വൈദികർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവ വൈദികനെ സംരക്ഷിക്കാൻ സഭാ നേതൃത്വം ശ്രമിക്കുന്നതായി പരക്കെ ആക്ഷേപം ശക്തമായിട്ടുണ്ട്.

സംഭവം പുറത്തറിയാതിരിക്കാൻ തൃശൂരിലെ ഉന്നതരായ വൈദികകർ ഇടെപട്ടെന്നും സഭയ്ക്കു ദുഷ്പേരുണ്ടാകുമെന്നതിനാൽ സഭാ നേതൃത്വം ഇടപെട്ട് എല്ലാം രഹസ്യമാക്കി വച്ചെന്ന് ഒരു വിഭാഗമാളുകൾ ആരോപിക്കുന്നു. സംഭവം വൻ വാർത്തയായി മാറിയതോടെ എങ്ങിനെയെങ്കിലും വിഷയം തണുപ്പിക്കാനുള്ള നീക്കത്തിലാണ് സഭ.

വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ സോണിയെ വൈദിക പദവിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നുമാണ് ഇവരുടെ ആരോപണം. കൊട്ടിയൂരുലെ റോബിൻ എന്ന വൈദികനെ സംരക്ഷിച്ചതു പോലെ സോണിയെയും സംരക്ഷിക്കുന്ന സഭാ നേതൃത്വത്തിനെതിരെ വിശ്വാസികൾക്കിടയിൽ അതൃപ്തി ശക്തമായിട്ടുണ്ട്.