- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരിൽ നിറയ്ക്കുന്ന ജീവകാരുണ്യം; ഫീസിൽ നിറയുന്നതു കൊള്ളപ്പലിശയും; സ്‌കൂളുകൾ ഷൈലോക്കിനെ പോലെയാകരുതെന്ന പരമാർശവുമായി ഇടപെട്ട് ഹൈക്കോടതിയും; ഓൺലൈൻ വഴി നീന്തൽ പഠിപ്പിച്ചവർക്ക് കോവിഡിലെ സാമ്പത്തിക ബുദ്ധിമുട്ടിലും താൽപ്പര്യം പണത്തോട് മാത്രം; തൃപ്പുണ്ണിത്തുറയിലെ ചോയിസ് സ്‌കൂൾ വിവാദത്തിൽ
കൊച്ചി: ഓൺ ലൈൻ ക്ലാസിന്റെ പേരിൽ സ്‌ക്കൂൾ മാനേജ്‌മെന്റ് കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതായി പരാതി നേരത്തെ തൃപ്പൂണിത്തുറ ചോയിസ് സ്‌ക്കൂളിനെതിരെ ഉയർന്നിരുന്നു. ഇപ്പോഴിതാ ഫീസിന്റെ പേരിലെ പീഡനവും. ഈ പരാതിയിൽ ചോയിസ് സ്‌കൂളിനോട് ഹൈക്കോടതി വിശദീകരണം തേടി. യുപി സ്‌കൂൾ വിദ്യാർത്ഥിനിക്ക് ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ ഓൺലൈൻ ക്ലാസ് നിഷേധിച്ചിരുന്നു. ഇതിനെതിരെ കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധികാരണം കുട്ടിയുടെ ഫീസ് കെട്ടാൻ വൈകിയതാണ് പ്രശ്‌നമായത്. ഇതിന്റെ പേരിൽ രക്ഷിതാവിനെ അവഹേളിച്ചുവെന്നാണ് പരാതി. ഇതിനൊപ്പം കുട്ടിക്ക് ഓൺലൈൻ ക്ലാസ് നിഷേധിക്കുകയും ചെയ്തു. പ്രതിസന്ധി കാരണം ഫീസ് അടയ്ക്കാൻ വൈകിയതിന് 24.600 രൂപ പിഴ വേണമെന്നും ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധികാലത്ത് എല്ലാ സ്‌കൂളുകളും ഫീസ് കുറയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം ചോയിസ് സ്‌കൂളിൽ നടപ്പാക്കിയില്ല. ഇതിന് പുറമേയാണ് ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ ഓൺലൈൻ ക്ലാസ് നിഷേധിക്കുന്നതും.
ഈ കേസിൽ വളരെ ഗുരതരമായ നിരീക്ഷണങ്ങൾ ഹൈക്കോടതി നടത്തി കഴിഞ്ഞു. പരാതിക്കാരന്റെ മകൾ ആറം ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂൾ വെബ്‌സൈറ്റിൽ ഫീസായി കാട്ടിയത് പൂജ്യം തുകയായിരുന്നു. അതുകൊണ്ട് അടച്ചതുമില്ല. പിന്നീട് സ്‌കൂളിലെ ക്കൗണ്ട് വിഭാഗത്തിൽ തിരിക്കി. അപ്പോഴാണ് പിഴയായി 24,600 രൂപ ചുമത്തിയത് മനസ്സിലായത്. ഇതിനെതിരെ ലോക് അദാലത്തിൽ പരാതിയും നൽകി. ഇതോടെ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് നൽകി. ഇതിനൊപ്പം കുട്ടിയെ ഓൺലൈൻ ക്ലാസിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഫീസ് അടയ്ക്കാത്ത 150ഓളം കുട്ടികളെ ഇത്തരത്തിൽ മാറ്റി നിർത്തിയെന്നും സൂചനയുണ്ട്. ഇവരെ അനുനയത്തിലൂടെ മാനേജ്‌മെന്റ് അടുപ്പിച്ചു. എന്നാൽ ഒരു ക്ുട്ടിയുടെ പിതാവ് ഹർജിയുമായി കോടതിയിലും എത്തി.
ജീവകാരുണ്യ സ്ഥാപനം എന്ന രീതിയിലാണ് സ്‌കൂൾ മാനേജ്‌മെന്റ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലൊരു സ്‌കൂൾ അമിത ഫീസ് ഈടാക്കുന്നതിനെ ഹൈക്കോടതിയും ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഷൈലോക്കിനെ പോലെ പ്രവർത്തിക്കാൻ സ്‌കൂളുകൾ ശ്രമിക്കരുതെന്ന താക്കീതും ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നൽകിയിട്ടുണ്ട്. നേരത്തേയും ഈ സ്‌കൂളിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത് മറുനാടൻ വാർത്തയാക്കുകയും ചെയ്തു. ഓൺ ലൈൻ ക്ലാസിന്റെ പേരിൽ സ്‌ക്കൂൾ മാനേജ്‌മെന്റ് കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതായിട്ടായിരുന്നു ആ പരാതികൾ. കഴിഞ്ഞ അധ്യയന വർഷമായിരുന്നു ഈ പരാതികൾ ഉയർന്നത്.
കഴിഞ്ഞ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ രാവിലെ 7.30 ന് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് 1.30 വരെയാണ് നടത്തിയത്. ആറുമണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസ്സിൽ കുട്ടികൾ മൊബൈൽ സ്‌ക്രീനിൽ തന്നെ നോക്കിയിരിക്കുന്നതിനാൽ കണ്ണിന് പ്രശ്‌നങ്ങൾ ഉണ്ടാകുന്നെന്നും ലോക്ക് ഡൗൺ കാലത്ത് അമിതമായി ഫീസ് വാങ്ങിയെന്നുമായിരുന്നു പരാതി. പ്രധാന മന്ത്രി, മുഖ്യമന്ത്രി, സി.ബി.എസ്.ഇ ഡയറക്ടർ, നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് എന്നിവർക്കാണ് സ്‌ക്കൂളിനെതിരെ അന്ന് പരാതി നൽകിയത്.
എറണാകുളത്തെ പ്രശസ്തമായ സി.ബി.എസ്.ഇ സ്‌ക്കൂളാണ് ചോയിസ്. അന്നത്തെ പരാതിയിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം ഇവിടെ ഓൺലൈൻ വഴി നീന്തൽ പരിശീലനം നടത്തുന്നുണ്ട് എന്നതാണ്. ഓൺ ലൈൻ വഴി എങ്ങനെയാണ് നീന്തൽ പഠിക്കാൻ പറ്റുന്നതെന്നാണ് മാതാപിതാക്കൾ ഉയർത്തുന്ന മറ്റൊരു ചോദ്യം. നീന്തൽ മാത്രമല്ല, ബാഡ്മിന്റൺ, വോളിബോൾ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ തുടങ്ങിയവയും പരിശീലിപ്പിച്ചിരുന്നു. അന്ന് ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറായിരുന്നു ഓൺലൈനിൽ സ്പോർട്സ് പരിശീലനം.
മറുനാടന് മലയാളി ബ്യൂറോ