ചെന്നൈ : തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള സ്വകാര്യ ബോർഡിങ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രദേശത്ത് വൻ സംഘർഷം. വിദ്യാർത്ഥിനിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂൾ ആക്രമിച്ചു. സ്‌കൂൾ കെട്ടിടം തല്ലിത്തകർത്തു.30 സ്‌കൂൾ ബസ് ഉൾപ്പെടെ 50 ലേറെ വാഹനങ്ങൾ അഗ്‌നിക്കിരയാക്കി.ചില ബസുകൾ ട്രാക്ടർ ഉപയോഗിച്ചാണ് തകർത്തത്.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

സംഘർഷത്തിനിടെ നിരവധി പേർക്ക് പരുക്കേറ്റു.സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും സംഘർഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. ആക്രമണത്തിൽ ഒട്ടേറെ പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. പ്രതിഷേധക്കാരിൽ വിദ്യാർത്ഥികൾ മാത്രമല്ല മറ്റു നാട്ടുകാരും ഉൾപ്പെടുന്നതായും വിവരങ്ങളുണ്ട്.ഞായറാഴ്ച രാവിലെ, പോസ്റ്റ്‌മോർട്ടത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായില്ല.സംഭവത്തിൽ നടപടി സ്വീകരിക്കാതെ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതകളുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കഴിഞ്ഞദിവസം വിദ്യാർത്ഥിനിയുടെ നാട്ടിൽനിന്നെത്തിയവരും ബന്ധുക്കളും കല്ലാക്കുറിച്ചിയിൽ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരേ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിലെ റോഡ് ഉപരോധിച്ചു.

കഴിഞ്ഞദിവസങ്ങളിൽ നൂറുകണക്കിന് നാട്ടുകാരാണ് പ്രതിഷേധത്തിന്റെ ഭാഗമായി കല്ലാക്കുറിച്ചിയിൽ റോഡ് ഉപരോധിച്ചത്. സ്‌കൂളിലേക്ക് വന്ന അദ്ധ്യാപകരെ തടയാനും ശ്രമമുണ്ടായി. ഇതേത്തുടർന്ന് സ്‌കൂളിന് പുറത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സംഘർഷം ഉടലെടുത്തത്.

പിന്നീട് സ്‌കൂളിനു മുന്നിലെത്തിയും പ്രതിഷേധിക്കുകയായിരുന്നു.കുറ്റക്കാരായ അദ്ധ്യാപകരെയും ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്ന വിദ്യാർത്ഥികളെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം.ഇന്നലെ മുതൽ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായിരുന്നു. പ്രദേശത്തു കൂടുതൽ പൊലീസിനെ വിന്യസിച്ചു.

കല്ലാക്കുറിച്ചി ചിന്നസേലത്തെ ശക്തി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയെ ബുധനാഴ്ച രാവിലെയാണ് ഹോസ്റ്റൽ വളപ്പിൽ ഗുരുതര നിലയിൽ കണ്ടെത്തിയത്.ജൂലൈ 12ന് ചൊവ്വാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് നൽകുന്നവിവരം. വിദ്യാർത്ഥിനിയുടെ ബാഗിൽനിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.സ്‌കൂളിലെ രണ്ട് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും മറ്റുകുട്ടികളുടെ മുന്നിൽവെച്ച് അവഹേളിച്ചെന്നുമാണ് വിദ്യാർത്ഥിനിയുടെ കുറിപ്പിലുണ്ടായിരുന്നത്.

സുഹൃത്തുക്കളുടെ മുന്നിൽവെച്ച് നേരിട്ട അവഹേളനം ഏറെ വിഷമിപ്പിച്ചു. മാതാപിതാക്കളും സുഹൃത്തുക്കളും ക്ഷമിക്കണം. സ്‌കൂൾ മാനേജ്മെന്റ് നേരത്തെ വാങ്ങിയ തന്റെ ട്യൂഷൻ ഫീസ് മാതാപിതാക്കൾക്ക് തിരികെ നൽകണമെന്നും കുറിപ്പിലുണ്ടായിരുന്നു.രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ സുരക്ഷാ ജീവനക്കാരൻ വിദ്യാർത്ഥിനിയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ കള്ളക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച ഉച്ചയോടെ മരിച്ചു.

പഠിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ രണ്ട് അദ്ധ്യാപകർ മാനസിക പീഡനം നടത്തിയെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സ്‌കൂളിലെ മറ്റു കുട്ടികളും ഇതേരീതിൽ പെരുമാറിയെന്നും കുറിപ്പിലുണ്ട്. കത്തിൽ സൂചിപ്പിച്ചിരുന്ന രണ്ട് അദ്ധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.എന്നാൽ, കുട്ടിയോട് പഠിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് അദ്ധ്യാപകരുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം അദ്ധ്യാപകരെ വിട്ടയച്ചു.