ജലന്ധർ: ഭർത്താവിന് അവിഹിതബന്ധമുണ്ടെന്നറിഞ്ഞാൽ ഭാര്യ എങ്ങനെ പ്രതികരിക്കും? ജലന്ധറിലെ വീട്ടമ്മയുടെ പ്രതികരണം അൽപം കടന്നുപോയെന്ന് പറയാതെ വയ്യ. ഉറങ്ങിക്കിടന്ന ഭർത്താവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയ അവർ, ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ടോയ്‌ലറ്റിലിട്ട് ഫ്‌ളഷ് ചെയ്തു. 40 വയസ്സുള്ള ആസാദ് സിങ് എന്നയാളെയാണ് ഭാര്യ സുഖ്‌വന്ത് കൗർ ഈ രീതിയിൽ ശിക്ഷിച്ചത്. സ്വകാര്യാശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ആസാദ് സിങ് ഇപ്പോൾ.

മറ്റൊരു സ്ത്രീയുമായി ആസാദ് സിങ്ങിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് സുഖ്്‌വന്ത് ഈ കൊടുംക്രൂരത ചെയ്തത്. ഉറങ്ങിക്കിടക്കുമ്പോൾ വടികൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷമാണ് ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ചെടുത്തതെന്ന് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ സതീന്ദർ കുമാർ പറഞ്ഞു. ആസാദ് സിങ് അതിഗുരുതരാവസ്ഥയിലാണെന്നും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രക്തം വാർന്ന് അവശനിലയിലായ ആസാദ് സിങ്ങിനെ അയാളുടെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആസാദിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഖ്‌വന്ത് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. രണ്ടുമക്കളുടെ അമ്മയായ സുഖ്‌വന്ത് ഏറെനാളായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു.

ഇതിന്റെ പേരിൽ അവർ തമ്മിൽ പതിവായി വഴക്കടിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ സത്യാവസ്ഥയുണ്ടോ എന്നും അന്വേഷിക്കുമെന്ന് എ.സി.പി. പറഞ്ഞു.