ന്യൂഡൽഹി: ഡൽഹിയിലെ നജാഫ്ഗഢിൽ മനുഷ്യശരീരം വെട്ടിനുറുക്കി യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളാണ് വിജനമായ പ്രദേശത്ത് ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഏകദേശം 35 വയസ്സിനടുത്ത പ്രായം തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൈ കാലുകളും ശരീരത്തിന്റെ പല ഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലാണെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹത്തിന്റെ കയ്യിൽ പതിപ്പിച്ച 'ഓം' ചിഹ്നം അന്വേഷണത്തെ സഹായിക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം. ബാഗിന് സമീപം രക്തപ്പാടുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തി ഇവിടെ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്.