കൊല്ലം: കുടുംബത്തോടൊപ്പമാണ് ഗെയ്ൽ കൊല്ലത്തെ റാവീസ് ഹോട്ടലിൽ എത്തിയത്. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യവും ആയുർവേദ ചികിൽസയുമാണ് ഗെയ്‌ലിന്റെ ലക്ഷ്യം. ഇന്നലെ കൊല്ലത്തെത്തിയ ഗെയ്ലും കുടുംബവും ഇന്ന് രാവിലെയാണു കായൽ യാത്ര നടത്തിയത്. 4-ാം തിയതി മുംബൈ ഇന്ത്യൻസുമായി മത്സരം നടക്കാനിരിക്കെയാണ് താരം കുടുംബ സമേതം കേരളത്തിലെത്തിയത്. ഭക്ഷണത്തിനായി മാത്രം താൻ തിരിച്ചു വരും എന്നാണ് ഗെയിൽ തന്റെ മലയാളിയായ സുഹൃത്തിനോട് പറഞ്ഞിരിക്കുന്നത്.

റാവിസ് ഹോട്ടൽ മുതൽ മൺറോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്ൽ ഒരുദിനം അഷ്ടമുടി കായലിൽ വഞ്ചിവീട്ടിൽ ചെലവഴിച്ചു. അഷ്ടമുടിയുടെയും മൺറോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്. ഭക്ഷണപ്രിയനായ ഗെയ്‌ലിന് കേരളരീതിയിലുള്ള ഭക്ഷണമൊരുക്കുന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ്. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതായും റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു.

ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ചക്ക, കരിമീൻ, മാമ്പഴം, കണവ, കൊഞ്ച്, എന്നവയും ഉൾപ്പെടുത്തിയിരുന്നു. ഒരു ദിവസത്തെ വഞ്ചീവീട് യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചു. യാത്രയ്ക്കിടയിൽ കണ്ട മൽസ്യബന്ധനത്തൊഴിലാളികളോട് സംസാരിക്കാനും ഒപ്പം സെൽഫിയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. കായൽ യാത്ര ഏറെ ഇഷ്ടപ്പെട്ടെന്നു ഗെയ്ലിന്റെ ഭാര്യ നതാഷ ബെറിജും പറഞ്ഞു. രണ്ടു വയസുകാരി മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഗെയ്ൽ കേരളം തിരഞ്ഞെടുത്തത്.

അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തിൽ ഏറെ വ്യത്യസ്ഥമായ കാര്യം പന്ത്രണ്ട് എന്ന സംഖ്യയാണ്. ഐപിഎല്ലിൽ പന്ത്രണ്ട് സിക്‌സുകൾ കൂടി അടിച്ചാൽ ഗെയ്‌ലിന് സിക്‌സുകളുടെ എണ്ണത്തിൽ സെഞ്ചുറി തികയ്ക്കാം. ആ നേട്ടം മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹത്തിന് പന്ത്രണ്ട് കരീമീൻ, പന്ത്രണ്ട് കൊഞ്ച് എന്നീ ക്രമത്തിലുള്ള അദ്ദേഹത്തിന് ഭക്ഷണമൊരുക്കിയത്. കായൽ കാറ്റേറ്റ് കേരളത്തിന്റെ തനത് ഭക്ഷണം നുകർന്ന് കളിക്കളത്തിലെ ഈ വെടിക്കെട്ട് ബാറ്റ്‌സ്മാൻ മൂന്നുനാൾ കൂടി കൊല്ലത്തുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.