യേശുവിനെക്കുറിച്ച് ആദ്യമായി എഴുതപ്പെട്ടതെന്ന് കരുതുന്ന ഈയത്തകിടിലെ കുറിപ്പുകൾ കണ്ടെത്തി.2000 വർഷം മുമ്പ് ഉപയോഗിച്ചിരുന്ന ഈയത്തകിടിലെ കുറിപ്പുകൾ ക്രിസ്തു സങ്കൽപം പൊളിച്ചെഴുതുമോയെന്ന ചോദ്യം ഈ അവസരത്തിൽ ഉയരുന്നുണ്ട്. ഈ തകിട് സത്യമാണെന്നും യേശുവിനെ കുറിച്ചും ശിഷ്യന്മാരെക്കുറിച്ചുമാണ് പറയുന്നതെന്നും സ്ഥിരീകരിച്ച് ആർക്കിയോളജിസ്റ്റുകൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ജോർദാനിലെ ഒരു ഒറ്റപ്പെട്ട വിദൂരസ്ഥമായ ഗുഹയിൽ 2008ലായിരുന്നു ഈ ഈയത്തകിടുകൾ കണ്ടെത്തിയിരുന്നത്. ക്രിസ്തു തന്റേതായ മതം സ്ഥാപിച്ചിരുന്നില്ലന്നെും എന്നാൽ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള വിശ്വാസത്തെ ഡേവിഡ് രാജാവിന്റെ ഭരണകാലത്ത് പുനരുദ്ധരിക്കുകയായിരുന്നുവെന്നുമാണ് ഈ തകിട് വ്യക്തമാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്രിസ്തു സ്ത്രീരൂപത്തിലും പുരുഷരൂപത്തിലുമുള്ള ദൈവത്തെ ആരാധിച്ചിരുന്നുവെന്നും ഇതിൽ പരാമർശമുണ്ട്. പുതിയ പരിശോധനകളിലൂടെ ഈ തകിടിന്റെ യഥാർത്ഥ പ്രായം നിർണയിക്കപ്പെടുകയും ഇത് ക്രിസ്തുവിന്റെ കാലത്തിനോടടുത്തുള്ള സമയത്തുള്ളതാണെന്നും അതിനാൽ സംരക്ഷിക്കേണ്ടതാണെന്നും ആർക്കിയോളജിസ്റ്റുകൾ 2009ൽ നിർദേശിച്ചിരുന്നു. ഈ തകിടുകൾ ഒരു റിങ് ബൈൻഡറാൽ ബന്ധിപ്പിച്ച നിലയിലാണുള്ളത്. ഈ തകിടിലെ വാക്കുകളും ചിഹ്നങ്ങളും വിദഗ്ദ്ധർ വ്യാഖ്യാനിക്കുകയും ഇത് ക്രിസ്തു ജീവിച്ചിരുന്ന കാലത്തിനടുത്തുള്ള കാലത്തെ തകിടാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിലെ വിവരണങ്ങൾ ക്രിസ്തുമതത്തെക്കുറിച്ച് മാത്രമല്ല യഹൂദന്മാരെക്കുറിച്ചും മുസ്ലീങ്ങളെക്കുറിച്ചും പുതിയ വസ്തുതകൾ വെളിച്ചത്തുകൊണ്ടു വരുന്നുവെന്നും റിപ്പോർട്ടുണ്ട്.

സോളമന്റെ ദേവാലയത്തിലെ ആരാധനനെയ ക്രിസ്തു പ്രോത്സാഹിപ്പിച്ചിരുന്നുവെന്നാണീ തകിട് വ്യക്തമാക്കുന്നത്. ഇവിടെ വ്യത്യസ്തമായ മുഖങ്ങളിലുള്ള ദൈവങ്ങൾ ഉണ്ടായിരുന്നുവെന്നും പരാമർശമുണ്ട്. ഈ തകിടുകൾ കോഡിസെസ് എന്നാണറിയപ്പെടുന്നത്. ഇതിൽ ക്രിസ്തുവിന്റേതെന്ന് കരുതുന്ന ഒരു ചിത്രമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവ ഒറിജിനലാണെന്നും സംരക്ഷിക്കപ്പെടേണ്ടുന്ന അമൂല്യ രേഖയാണെന്നും ഇതിനെക്കുറിച്ച് പഠിച്ച ഗവേഷകരായ ഡേവിഡും ജെന്നിഫർ എൽകിങ്ടണും 2009ൽ നിർദേശിച്ചിരുന്നു. എന്നാൽ ഇവാൻജലിക്കൽ ക്രിസ്ത്യാനികൾ ഇതിനെ വ്യാജമാണെന്ന് ആരോപിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. ഇസ്രയേലി ഗോത്രവർഗത്തിൽ പെട്ട ഹസ്സൻ സായ്ദയെന്നയാളാണ് ഈ അമൂല്യരേഖകൾ വളരെ യാദൃശ്ചികമായി കണ്ടെത്തിയിരുന്നത്. ഇവയെക്കുറിച്ച് ചില സൂചനകൾ തന്റെ അപ്പൂപ്പനിൽ നിന്നും മറ്റ് ചിലരിൽ നിന്നുമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

കോഡിസെസ് കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നതിൽ നിന്നും പ്രതിരോധിക്കാൻ താൻ ഇപ്പോൾ പാടുപെടുകയാണെന്നാണ് ഡേവിഡ് എൽകിങ്ടൺ പറയുന്നത്. 2011ൽ ഇവയുടെ കണ്ടെത്തലിനെ കുറിച്ച് അദ്ദേഹം ബിബിസി ഡിസ്‌കവറിയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ലോകമാദ്ധ്യമങ്ങളിൽ ഇത് വൻ വാർത്തയായിത്തീരുകയും ചെയ്തിരുന്നു. എന്നാൽ ലോകമാകമാനമുള്ള നിരവധി പുരോഹിതർ ഈ രേഖ വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ യൂണിവേഴ്സിറ്റി ഓഫ് സറെയിലെ ലോംഗ് ബീം സെന്ററിലെ നോഡസ് ലബോറട്ടറിയിൽ വച്ച് പ്രഫ.റോഗർ വെബും പ്രഫ. ക്രിസ് ജെയ്നെസും പുതിയ പരിശോധനകൾ നടത്തുകയും ഇത് പുരാതന റോമൻ ലെഡ് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.