തിരുവനന്തപുരം: ലോകരക്ഷക്കായി അവതരിച്ച യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മദിനമാണ് ലോകത്തിൽ ഡിസംബർ 25 ന്ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളുടെ രാവാണ്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലും പ്രാർത്ഥനാ നിർഭരമായ ചടങ്ങുകൾ നടന്നു. പ്രതീക്ഷയുടെ മനസുമായി വിശ്വാസികൾ പാതിരാ കുർബാനയ്ക്ക് ഒത്തു ചേർന്നു. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്‌ത്തുന്ന മുഹൂർത്തം. അൾത്താരിയിലെ ഉണ്ണിയേശുവിന്റെ രൂപം പുൽക്കൂട്ടിലെത്തിച്ച് പുരോഹിതർ ശശ്രൂശകൾ നടത്തി. ലളിത ജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്മസ് ദിന സന്ദേശം നൽകി. സഭകൾക്കിടയിലെ തർക്കം പരിഹരിക്കാൻ വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് കർദിനാൾ മാർ ക്ലീമീസ് ബാവ പറഞ്ഞു.

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൊച്ചി സെന്റ് മേരീസ് ബസിലിക്കയിൽ പാതിരാ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ലത്തീൻ കത്തോലിക്കാ സഭാ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറന്പിൽ സെന്റ് ഫ്രാൻസിസ് അസീസി കത്തിഡ്രലിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തിരുവനന്തപുരത്ത് ലത്തീൻ സഭയുടെ പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ്പ് എം സൂസപാക്യം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.സിറോ മലങ്കരാ സഭയുടെ കത്തീഡ്രൽ പള്ളിയായ പട്ടം സെന്റ് മേരീസ് ദേവാലയത്തിൽ പാതിരാ കുർബാനയക്ക് ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ 11.45 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫാദർ വർഗ്ഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. കേരളത്തിൽ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ തുടരുന്നു. തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ , കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഓഖിയും പ്രളയവുമടക്കം കഴിഞ്ഞ രണ്ടു വർഷക്കാലം വലിയ ദുരന്തങ്ങളാണ് കടന്നു പോയതെന്ന് കർദിനാൾ ക്ലിമ്മിസ് പറഞ്ഞു. പ്രത്യാശയുടെ ക്രിസ്മസാണ് കടന്നുവരുന്നത് എന്നും ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു.

ക്രിസ്തുമസ് നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങളിൽ പെടുന്നത്. പുൽക്കൂട് യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക് ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്. മതേതരമായ ആഘോഷങ്ങൾക്കാണ് ക്രിസ്തുമസ് നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കാറുണ്ട്.

കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ് സഭകൾ, ഗ്രീക്ക് ഓർത്തഡോക്സ് സഭ, റുമേനിയൻ ഓർത്തഡോക്സ് സഭ എന്നിവർ ഡിസംബർ 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭക്കളിൽ മിക്കവയും ജനുവരി ഏഴ് യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്, ജറുസലേം, റഷ്യൻ, സെർബിയൻ, മാസിഡോണിയൻ, ജോർജിയൻ, യുക്രേനിയൻ ഓർത്തഡോക്സ് സഭകൾ ഈ ഗണത്തിൽപ്പെട്ടവരാണ്. എങ്കിലും ഡിസംബർ 25ആണ് ക്രിസ്തുവിന്റെ ജനനമായി പൊതുവേ ആചരിക്കുന്നത്.

കലണ്ടർ രീതികളിൽ വരുത്തിയ പരിഷ്‌കാരങ്ങൾ മൂലമാണ് ഇത്തരത്തിൽ രണ്ടു തീയതികൾ ക്രിസ്തുമസ്സായി വന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്.മാംസം, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ് ദിനത്തിൽ തന്നെയാണ് കർമ്മങ്ങൾ.