ബ്രിട്ടനിലുടനീളമുള്ള ക്രിസ്മസ് ചന്തകളിൽ പൊലീസ് ഫോഴ്സുകൾ സുരക്ഷ ഇരട്ടിയാക്കി വർധിപ്പിച്ചിരിക്കുന്നുവെന്ന് പുതിയ റിപ്പോർട്ട്. ബ്രിട്ടനിലെ ക്രിസ്മസ് ചന്തകളിൽ ഐസിസും അൽ ഖ്വയ്ദയും ആക്രമണത്തിന് ഒരുക്കങ്ങൾ നടത്തുന്നതായി മുന്നറിയിപ്പ് ഉയർന്നതിനെ തുടർന്നാണീ മുൻകരുതലെടുത്തിരിക്കുന്നത്. ഇതിനെ തുടർന്ന് ബ്രിട്ടനിൽ എല്ലാ നഗരങ്ങളിലും ആയുധ ധാരികളായ പൊലീസുകാരുടെ കാവലേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ചന്തകൾക്ക് മുമ്പിൽ കോൺക്രീറ്റ് ബാരിക്കേഡുകളുമുയർത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനാൽ പ്രചോദിതമായി ബെർലിനിൽ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണങ്ങൾ ഇവിടെയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പുയർന്നിരിക്കുന്നത്. ക്രിസ്മസ് സീസണിൽ ആളുകൾ കൂടുന്ന ഇടങ്ങളിൽ ഭീകരർ കടുത്ത ആക്രമണങ്ങൾ നടത്തുമെന്നാണ് സെക്യൂരിറ്റി സർവീസുകൾ ആപത് സൂചനയേകുന്നത്.

ഈ ഒരു സാഹചര്യത്തിൽ യൂറോപ്പിലേക്ക് യാത്ര പോകുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒഫീഷ്യലുകൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. പ്രത്യേകിച്ചും ക്രിസ്മസ് ഇവന്റുകളിൽ പങ്കെടുക്കുന്നവർ മുൻകരുതലെടുക്കണമെന്നാണ് യുഎസ് നിർദ്ദേശം. ഷോപ്പിങ് സെന്ററുകൾ, ട്രാൻസ്പോർട്ട് ഹബുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പട്രോളിങ് നടത്താനും അതിലൂടെ തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളെ തിരിച്ചറിഞ്ഞ് അട്ടിമറിക്കാനും വിവിധ ഫോഴ്സുകൾ ആന്റി-ടെററിസം പൊലീസ് പട്രോൾ സ്‌ക്വാഡുകളെ അയച്ചിട്ടുണ്ട്. ഇത്തരം ആക്രമണഭീഷണികളുയർന്ന സാഹചര്യത്തിൽ പൊലീസ് ഫോഴ്സുകളെ സഹായിക്കുന്നതിനായി 200 എസ്എഎസ് സൈനികരെ ബ്രിട്ടനിലെ തെരുവുകളിൽ വിന്യസിച്ചിട്ടുണ്ടെന്ന വാർത്ത കഴിഞ്ഞയാഴ്ചയാണ് പുറത്ത് വന്നിരുന്നത്.

ഇത്തരം മുൻകരുതലുകളുടെ ഭാഗമായി ബെർമിങ്ഹാം സെന്ററിൽ കോൺക്രീറ്റ് ബാരിയറുകൾ ഉയർത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട ക്രിസ്മസ് മാർക്കറ്റിന് നേരെ ഭീകരർ കാർ ബോംബ്, അല്ലെങ്കിൽ ട്രക്ക് ബോംബ് ആക്രമണങ്ങൾ നടത്തുന്നതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണിത്. ന്യൂകാസിൽ സിറ്റി സെന്ററിൽ നോർത്തംബ്രിയ പൊലീസിൽ നിന്നുമുള്ള സായുധ ഓഫീസർമാരെ നിയോഗിച്ചിട്ടുമുണ്ട്. ഇത്തരത്തിൽ സായുധ പൊലീസിന്റെ ഇടപെടൽ വർധിച്ചതിനെക്കുറിച്ച് ചിലർ വിമർശനവുമുന്നയിക്കുന്നുണ്ട്. ബ്രിട്ടൻ സമീപകാലത്തായി ജിഹാദികളുടെ പ്രധാന ലക്ഷ്യമാണെന്നും എന്നാൽ ഭാഗ്യവശാൽ ഇത്തരം ആക്രമണശ്രമങ്ങളെ തുടക്കത്തിലെ കണ്ടെത്തി അട്ടിമറിക്കാൻ സാധിക്കുന്നുണ്ടെന്നും സെക്യൂരിറ്റി ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. ജിഹാദി ഗ്രൂപ്പുകളുടെ ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്താൻ യുകെ ഏജൻസികൾ വിജയിക്കുന്നുണ്ടെങ്കിലും മറ്റ് യൂറോപ്യൻ ഏജൻസികൾക്ക് ഇതിന് സാധിക്കുന്നില്ലെന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറയുന്നു.

ഈ ഒരു നിർണായക വേളയിൽ ഫ്രാൻസ്, ജർമനി, ബെൽജിയം എന്നിവിടങ്ങളിൽ ഇതിന് മുമ്പ് നടന്നത് പോലുള്ള ആക്രമണങ്ങൾ യൂറോപ്യൻ ഭൂഖണ്ഡമാകമാനം നടക്കാൻ ഈ ക്രിസ്മസ് വേളയിൽ സാധ്യതയേറെയാണെന്നും സെക്യൂരിറ്റി ഉറവിടങ്ങൾ മുന്നറിയിപ്പേകുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൂട്ടം ചേർന്ന് നിൽക്കുന്നവർ ഈ അവസരത്തിൽ ആക്രമണത്തിന് വിധേയമാകാൻ സാധ്യത കൂടുതലാണെന്നും സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജൂലൈയിൽ ബാസ്റ്റില്ലെ ദിനത്തിന്റെ ആഘോഷത്തിനിടെ തെക്കൻ ഫ്രാൻസിലെ നൈസിൽ ജനക്കൂട്ടത്തിന് നേരെ ലോറി ഇടിച്ച് കയറ്റി ജിഹാദി നടത്തി വെടിവയ്പിൽ 86 പേർ കൊല്ലപ്പെട്ടിരുന്നു. ഐസിസുമായി ബന്ധമുള്ള ആളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് തെളിയുകയും ചെയ്തിരുന്നു. യുകെയ്ക്ക് നേരെയുള്ള ഐസിസിന്റെ ആക്രമണഭീഷണി കണക്കാക്കാനാവില്ലെന്നാണ് എംഐ6 തലവൻ അലക്സ് യംഗർ ഈ മാസമാദ്യം മുന്നറിയിപ്പേകിയിരുന്നത്. യുകെയ്ക്ക് നേരെ കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ ജിഹാദികൾ ആസൂത്രണം ചെയ്ത 12 ആക്രമണങ്ങൾ സെക്യൂരിറ്റി ഏജൻസികൾ അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.