കൊച്ചി: സീറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തുന്ന സൂചനകൾ നൽകി ഇന്ന് നടന്ന വൈദിക സമിതി യോഗം. സഭയിൽ ഉണ്ടായ പ്രശ്‌നങ്ങളിൽ വിവാദങ്ങൾ ഒഴിവാക്കാനും വിഷയം മാർപാപ്പയുടെ പരിഗണനയ്ക്ക് വിടാനുമാണ് ഇന്ന് ചേർന്ന വൈദികസമിതി യോഗത്തിൽ തീരുമാനമായത്. ഇന്നലെ കെസിബിസിയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിലെ തീരുമാന പ്രകാരം ഇന്ന് വൈദികസമിതി യോഗം വിളിച്ചുചേർക്കുകയും സഭയിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനും പരസ്യമായ വിഴുപ്പലക്കൽ ഒഴിവാക്കാനും ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇന്ന് വൈദിക സമിതി ചേർന്നു. ഇരു പക്ഷവും നിലപാടുകൾ വിശദീകരിച്ചു. സഭയിൽ ഉണ്ടായ പ്ര്ശ്‌നങ്ങളെല്ലാം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭൂമി പ്രശ്‌നത്തിൽ കർദ്ദിനാൾ മാപ്പുപറയേണ്ടതില്ലെന്ന് ഇന്നത്തെ സമിതി യോഗത്തിൽ ഭൂരിഭാഗം വൈദികരും അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായി. യോഗം നടക്കുന്നതിനിടെ പുറത്ത് കർദ്ദിനാൾ അനുകൂലികളും എതിർപക്ഷവും ഏറ്റുമുട്ടിയത് അൽപനേരം സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

സഭയിലെ പ്രശ്‌നങ്ങൾ സഭയ്ക്കകതത്തുതന്നെ ചർച്ചചെയ്ത് പരിഹരിക്കാനും പുറത്ത് വിവാദങ്ങൾക്ക് നിൽക്കരുതെന്നുമാണ് ഇന്നത്തെ വൈദികസമിതി യോഗത്തിലുണ്ടായ തീരുമാനം. വൈദികർ പരസ്യ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചു. 49 വൈദികരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ആലഞ്ചേരി പിതാവും ഫാദർ ജോഷി, ഫാദർ വടക്കുമ്പാട് തുടങ്ങിയവരെല്ലാം ഉൾപ്പെട്ട ഭൂമി ഇടപാടുകളിൽ വ്യക്തമായ ഒരു ധാരണ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സഭാ വക്താവ് പറഞ്ഞു. പൂർണമായും ഒരു പ്രശ്‌നപരിഹാരം അല്ല ഇന്നുണ്ടായത്. എന്നാൽ പ്രശ്‌ന പരിഹാര ശ്രമത്തിന് തുടക്കംകുറിക്കാൻ ഇന്നത്തെ യോഗത്തിലൂടെ കഴിഞ്ഞു. കർദ്ദിനാൾ തന്നെ ഇന്ന് സമിതിയെ അഭിസംബോധന ചെയ്ത് കാര്യങ്ങൾ ബോധിപ്പിച്ചു. ഈ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപതയിലെ വൈദികരിൽ നിന്നും വിശ്വാസികളിൽ നിന്നുമെല്ലാം പിതാവും സഭയുമെല്ലാം അകൽച്ച നേരിട്ടു. ആശയവിനിമയത്തിന്റെ കുറവുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. ആ അകൽച്ച മാറ്റി മുന്നോട്ടുപോകണമെന്നായിരുന്നു കർദ്ദിനാളിന്റെ ആഹ്വാനം. തനിക്കുവേണ്ടി സംസാരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആവശ്യമെങ്കിൽ വക്താക്കൾ മാത്രം പ്രതികരിക്കേണ്ടതാണെന്നും കർദ്ദിനാൾ തന്നെ വ്യക്തമാക്കി.

പ്രശ്‌നങ്ങൾ വളരെ ഗുരുതരമാക്കിയത് സോഷ്യൽ മീഡിയയിലൂടെ പലരും നടത്തിയ പ്രസ്താവനകളാണ്. സഭയ്ക്കുവേണ്ടി സംസാരിക്കുന്നു എന്നും അല്ലെങ്കിൽ പിതാവിന് വേണ്ടി സംസാരിക്കുന്നു എന്നും പറഞ്ഞ് പലരും പല അഭിപ്രായങ്ങളുമായി രംഗത്തെത്തി. ആവശ്യമില്ലാതെ പിതാക്കന്മാരേയും വൈദികരേയും വിശ്വാസിസമൂഹത്തേയും അപമാനിക്കുന്ന വിധത്തിലാണ് പ്രചരണം നടന്നത്. ഇത്തരത്തിൽ നടന്ന പ്രതികരണങ്ങളോടെല്ലാം കർദ്ദിനാൾ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇന്നത്തെ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ആലഞ്ചേരി പിതാവും മറ്റു രണ്ട് പ്രധാന വൈദികരും ചേർന്ന് പത്രക്കുറിപ്പും പുറത്തിറക്കിയതായി സഭാ വക്താവ് വ്യക്തമാക്കി. ഇപ്പോഴത്തെ പ്രശ്‌നം എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ഇത് പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത് ചിലരുടെ ഗൂഢതാൽപര്യം മൂലമാണെന്ന വിലയിരുത്തലാണ് ഇന്ന് യോഗത്തിൽ ഉണ്ടായത്. അങ്ങനെയാണ് ഈയൊരു വിവാദം കത്തിപ്പടർന്നത്.

തനിക്ക് വേണ്ടി സംസാരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പിതാവ് യോഗത്തിൽ വ്യക്തമാക്കി. ഇത്തരത്തിൽ പറയുന്നതെല്ലാം വ്യാജമാണ്. ഔദ്യോഗിക വക്താക്കളിലൂടേയേ പിതാവ് സംസാരിക്കൂ. അത്തരം കാര്യങ്ങളിൽ പിതാവ് ശക്തമായ വിയോജിപ്പ് അറിയിച്ചു. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സന്യസ്ത സമൂഹവും വിശ്വാസികളും കൂട്ടായി യത്‌നിക്കണമെന്നും കർദ്ദിനാൾ വ്യക്തമാക്കി. അതേസമയം പൊതു പ്രതിഷേധങ്ങൾ ഒഴിവാക്കാനും പൊതു പ്രതികരണങ്ങൾ ഒഴിവാക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി

വൈദിക സമിതി ചേരുന്നതിനിടെ സംഘർഷം

അതിനിടെ പുറത്ത് വൈദിക സമിതി യോഗത്തിനിടെ വലിയ പ്രതിഷേധം ഉണ്ടായി.. കെസിബിസി കൂടി പ്രശ്‌നത്തിൽ ഇടപെട്ട് ഇന്നലെ മധ്യസ്ഥ ചർച്ചയ്ക്ക് ശ്രമം നടത്തിയതോടെയാണ് ഇന്ന് വൈദികസമിതി യോഗം തീരുമാനിച്ചത്. ഇന്ന് യോഗത്തിനിടെ കർദ്ദിനാളിനെ അനുകൂലിച്ചവർക്ക് എതിരെ പ്രതിഷേധവുമായി എഎംടി വിഭാഗം രംഗത്തെത്തിയതോടെയാണ് ബഹളം തുടങ്ങിയത്. സ്ഥിതിഗതികൾ കൈവിട്ടുപോകാതിരിക്കാൻ കൂടുതൽ പൊലീസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

സീറോ മലബാർ സഭയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ ശ്രമവുമായി കെസിബിസി എത്തിയതോടെയാണ് ഇന്ന് ചർച്ചയ്ക്ക് വഴിതെളിഞ്ഞത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാനും പറ്റിയ തെറ്റുകൾ ഏറ്റുപറയാനും ഇരുപക്ഷവും സന്നദ്ധത അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ബിഷപ്പ് ഹൗസിൽ ഗോയം വിളിച്ചത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് യോഗം. വൈദികസമിതി യോഗം ചേർന്ന് പ്രശ്‌നം ചർച്ച ചെയ്യ്ണമെന്ന് കർദ്ദിനാൾ വിരുദ്ധ പക്ഷം ഇന്നലെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദിക സമിതിയോഗം വിളിച്ചുചേർത്തത്.

കർദിനാൾ മാർ ആലഞ്ചേരി, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർക്കൊപ്പം കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് സൂസപാക്യം, മലങ്കര സഭാ അധ്യക്ഷൻ മാർ ക്ളിമീസ്, ഫാദർ ജോസ് പുത്തൻ വീട്ടിൽ തുടങ്ങിയവരും സ്ഥിരം അംഗങ്ങളും ഇന്നലെ മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കുകയും ഇന്ന് അടിയന്തിര വൈദികസമിതി ചേരാനും പ്രശ്നം വിശദമായി ചർച്ചചെയ്ത് പരിഹാരം കാണാനും തീരുമാനിക്കുകയുമായിരുന്നു. വിഷയം സഭയ്ക്കുള്ളിൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും പുറത്തേക്ക് കാര്യങ്ങൾ ചർച്ചയാവാൻ ഇടയാവുന്നത് ദൗർഭാഗ്യകരമാണെന്നും ഇന്നലെ അഭിപ്രായവും ഉയർന്നു.

ഈസ്റ്ററിന് മുമ്പ് സന്തോഷമുള്ള വാർത്ത വരുമെന്ന് മലങ്കര സഭാ അധ്യക്ഷൻ മാർ ക്ളിമീസ് ഇന്നലെ യോഗത്തിന് ശേഷം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇരു പക്ഷത്തിനും പറയാനുള്ള കാര്യങ്ങൾ സഭയ്ക്കുള്ളിൽ തന്നെ ചർച്ചചെയ്ത് പരിഹരിക്കപ്പെടണമെന്ന നിർദ്ദേശമാണ് മധ്യസ്ഥ ശ്രമത്തിന് എത്തിയവരിൽ നിന്ന് ഉയർന്നത്. ഇതോടെ സഭാ വിഷയം ഇന്നത്തോടെ ചർച്ചയിൽ പരിഹൃതമാകുമെന്ന ധാരണയും ഉയർന്നിരുന്നു. എന്നാൽ അതിന് വിപരീതമായി ഇന്ന് യോഗം നടക്കുന്നതിനിടെ വിശ്വാസികൾ ചേരിതിരിഞ്ഞ് ബഹളം തുടങ്ങുകയായിരുന്നു.