പത്തനംതിട്ട: ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ പള്ളി പുതുക്കി പണിയണമെന്ന വിശ്വാസി സമൂഹത്തിന്റെ നീണ്ടകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. കേരളത്തിലെ പ്രാചീന പള്ളികളിൽ ഒന്നായ മാർത്തോമ ഇമ്മാനുവേൽ പള്ളി പുതുക്കി പണിയുമ്പോഴും അതിന്റെ പൈതൃകം നിലനിര്ത്തുമെന്ന് ഫാദർ ഡാനിയൽ വർഗ്ഗീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ആയിരത്തോളം ആളുകൾ ആരാധനയ്ക്ക് വരേണ്ട ദൈവാലയം കേവലം 250 ആളുകളെ മാത്രമേ ഉൾകൊള്ളുന്നുള്ളു. അതുകൊണ്ട് ഇടവകയായി കഴിഞ്ഞ 25 വർഷമായി ദൈവാലയം വലുതാക്കണമെന്ന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു വരികയായിരുന്നു.

ക്രിസോസ്റ്റം തിരുമേനിയുടെ ഈ അടുത്ത കാലത്തെ കത്തിൽ തന്റെ മാതൃഇടവകയായ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് താൻ ജീവിച്ചിരിക്കുമ്പോൾ കാലാനുസൃതമായി പുതുക്കി പണിയുവാൻ സാധിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഞായാറാഴ്‌ച്ച ആരാധനയ്ക്ക് ഒരുങ്ങിവരുന്നവരിൽ മൂന്നിലൊന്ന് പേർക്ക് മാത്രമാണ് പള്ളിക്കുള്ളിൽ ഇരിക്കുവാൻ സാധിക്കുന്നത്. ബാക്കിയുള്ളവർ പള്ളിക്ക് പുറത്ത് വെയിലത്തു ചിതറി നിൽക്കുകയാണ്.

ശരാശരി പത്തു കുഞ്ഞുങ്ങൾ പോലും ആലയത്തിൽ സ്ഥലമില്ല എന്ന കാരണത്താൽ ആരാധനയിൽ പങ്കെടുക്കുന്നില്ല എന്ന സത്യം ഇതെഴുതുമ്പോൾ കണ്ണ് നിറയ്ക്കുകയാണ്. ഇടവകയിലെ യുവജനങ്ങൾ മുതിർന്നവർക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നതിനാൽ ആലയത്തിന് പുറത്ത് കറങ്ങി നടക്കുകയോ,ചിലരെങ്കിലും യുവജനസഖ്യം മീറ്റിംഗിന് വേണ്ടി മാത്രം വരുകയോ ചെയ്യുന്ന ദുരവസ്ഥ ഞങ്ങളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു. മദ്ഹബഹാ കണ്ട് ആരാധിക്കുവാൻ സാധിക്കാത്ത,പ്രസംഗിക്കുന്നയാളുടെ ശബ്ദം മാത്രം ശ്രവിക്കുവാൻ മാത്രം ഭാഗ്യം സിദ്ധിച്ചിട്ടുള്ള സാധാരണക്കാരായ സ്ത്രീകളുടെ സങ്കടം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന തീരുമാനവും ഇടവക കൈക്കൊണ്ടു.

ഇടവക സംഘം ഏകാഭിപ്രായമായി എടുത്ത തീരുമാനമാണ് ദൈവാലയം പുതുക്കി പണിയുക എന്നത്. പുതുക്കി പണിയുമ്പോൾ ദൈവാലയത്തിന്റെ നിലവിലുള്ള മുഖവാരവും തട്ടും നിലനിർത്തി വശങ്ങളിലേക്ക് വികസിപ്പിക്കുക എന്നത് മാത്രമാണ് ആഗ്രഹിച്ചത് ഈ ഒരു താല്പര്യത്തോടെ പഴയ കെട്ടിടങ്ങൾ പുതുക്കി പണിയുന്ന കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജിന്റെ ആർകിടെക്ടച്ചറൽ വിഭാഗം ഹെഡ് രാമസ്വാമിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പള്ളിയുമായോ ഇടവകയുമായോ ഒരു അടുപ്പവുംപുലർത്താത്തവരും ഇപ്പോൾ ഇത് പുതുക്കി പണിയുന്നതിനെതിരെയും രംഗത്തുണ്ട്. എന്നാൽ അതൊന്നും തടസ്സങ്ങളാകില്ലെന്ന വിശ്വാസത്തിലാണ് സഭാംഗങ്ങളും വിശ്വാസി സമൂഹവും.

അതേസമയം വിശ്വാസികളുടെ ആവശ്യമായ ആരാധനാലയം വിപുലീകരിക്കണമെന്നത് നിലനിൽക്കുമ്പോഴും പൈതൃകവും പഴമയും നിലനിർത്തി തന്നെയാവണം അത് എന്നും പുനർനിർമ്മാണത്തിന്റെ പേരിൽ ഇപ്പോഴുള്ള പള്ളി തകർക്കരുത് എന്ന ആവശ്യവും ശക്തമാണ്. ഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലത്ത് മണിമല ആറിലൂടെയാണ് പള്ളിനിർമ്മാണത്തിന് ആവശ്യമായ തടികൾ ഉൾപ്പടെ എത്തിച്ചത്.