കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡി(സിയാൽ)ന് പതിനേഴാം വർഷത്തിലും മികച്ച നേട്ടം. 2014-15 സാമ്പത്തിക വർഷം 413.96 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 144.58 കോടിയും. 21 ശതമാനമാണ് ലാഭവിഹിതം. കമ്പനിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിലെ റൺവെയുടെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ ഈ വർഷം ഹജ്ജിനുപോകുന്ന വിമാനങ്ങൾ കൊച്ചി വിമാനത്താവളത്തിൽ നിന്നായിരിക്കും. ഹജ്ജ് ക്യാമ്പ് കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ ചെലവ് സിയാൽ കമ്പനി വഹിക്കുവാൻ ബോർഡ് യോഗം തീരുമാനിച്ചു. 25 ലക്ഷം രൂപ ഇതിനായി ചെലവഴിക്കുന്നതാണ്. സെപ്റ്റംബർ രണ്ടു മുതലാണ് ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നത്.

മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മൊത്തം വരുമാനത്തിൽ 14.55 ശതമാനവും ലാഭത്തിൽ 16.25 ശതമാനവും വളർച്ച സിയാൽ രേഖപ്പെടുത്തി. 2013-14-ൽ 361.39 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 124.42 കോടി ലാഭവും. 36 രാജ്യങ്ങളിൽ നിന്നായി 18000-ൽപ്പരം പേർക്ക് സിയാലിൽ നിക്ഷേപമുണ്ട്. 2003-04 മുതൽ കമ്പനി തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 18 ശതമാനം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവിലെ ബോർഡ് നിർദ്ദേശം വാർഷിക പൊതുയോഗം അംഗീകരിച്ചാൽ മൊത്തം 153 ശതമാനം ലാഭവിഹിതം ഓഹരിയുടമകൾക്ക് തിരിച്ചുനൽകാൻ കമ്പനിക്ക് കഴിയും. നൂറുകോടി രൂപയുടെ ഓഹരിവിഹിതമുള്ള കേരള സർക്കാരിന് ഈ വർഷം ലാഭവിഹിതം ലഭിക്കുമ്പോൾ 153 കോടി രൂപ തിരികെക്കിട്ടും.

2000-ലും 2006 ലും 1:1 കണക്കിൽ അവകാശ ഓഹരി കമ്പനി വിതരണം ചെയ്തു. നാലിനൊന്ന് എന്ന അനുപാതത്തിൽ വീണ്ടും അവകാശ ഓഹരി നൽകാൻ കഴിഞ്ഞ വാർഷിക പൊതുയോഗം തീരുമാനമെടുത്തിരുന്നു. ഓഗസ്റ്റ് പതിനെട്ടിന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിലാണ് ഈ വർഷത്തെ പൊതുയോഗം. കഴിഞ്ഞ സാമ്പത്തികവർഷം 64 ലക്ഷത്തിലധികം പേർ കൊച്ചി വിമാനത്താവളത്തിലൂടെ യാത്രചെയ്തു. യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനമാണ് വളർച്ചാനിരക്ക്. കമ്പനിയുടെ ആകെ വരുമാനത്തിന്റെ അറുപതു ശതമാനത്തോളം കൊമേഴ്‌സ്യൽ, ഡ്യൂട്ടി ഫ്രി തുടങ്ങിയ വ്യോമഗതാഗതേതര മാർഗത്തിലൂടെയാണ് ലഭിച്ചത്. കാർഗോ വിഭാഗവും മികച്ച വളർച്ച രേഖപ്പെടുത്തി. 64,935 ടൺ ചരക്കാണ് 2014-15-ൽ സിയാൽ കാർഗോ കൈകാര്യം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 19.28 ശതമാനം വളർച്ച.

1050 കോടിരൂപ ചെലവിട്ട് നിർമ്മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെർമിനൽ, ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമാക്കാനുള്ള പ്രവർത്തനങ്ങൾ, ജലവൈദ്യുതോൽപ്പാദനം എന്നിങ്ങനെ വൻകിട പദ്ധതികൾക്ക് സിയാൽ തുടക്കം കുറിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബാബു, ചീഫ് സെക്രട്ടറി ജിജി തോംസൺ, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.എ.യൂസഫലി, സി.വി.ജേക്കബ്, ഇ.എം.ബാബു, എൻ.വി.ജോർജ്, കെ.റോയ് പോൾ, രമണി ദാമോദരൻ, സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, കമ്പനി സെക്രട്ടറി സജി കെ.ജോർജ്, ചീഫ് ഫിനാഷ്യൽ ഓഫീസർ സുനിൽ ചാക്കോ, ഡി.ജി.എം. ലെനി സെബാസ്റ്റ്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.