നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ( സിയാൽ) പുതിയ ടി3 ടെർമിനലിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഇതിനായി സിയാൽ എല്ലാ അർത്ഥത്തിലും തയ്യാറെടുത്തു കഴിഞ്ഞു. ലോകോത്തര വിമാനത്താവളമായി ഇതോടെ സിയാൽ മാറും. കേരളത്തിന്റെ തനതു വാസ്തുഭംഗിയും രാജ്യാന്തര നിലവാരത്തിലുള്ള സജ്ജീകരണങ്ങളും വിമാനത്താവളത്തിന് പുതിയ മാനം നൽകും.

ഇതോടൊപ്പം പുതിയ നാലുവരിപ്പാതയും റെയിൽവേ മേൽപാലവും , സൗരോർജ വൈദ്യുതി ഉൽപാദനശേഷി വർധിപ്പിക്കുന്നതിന്റെ ഒന്നാംഘട്ടവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിർമ്മാണം ആരംഭിച്ച് മൂന്നു വർഷം കൊണ്ടാണു 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ടി3 ടെർമിനൽ സിയാൽ സജ്ജമാക്കിയത്.

ചതുരശ്ര അടിക്ക് 4250 രൂപയ്ക്കു പൂർത്തിയാക്കിയതിന് എയർപോർട്ട് ഇക്കണോമിക് അഥോറിറ്റിയുടെ അംഗീകാരവും സിയാലിനു ലഭിച്ചിരുന്നു. 850 കോടി രൂപയാണു ചെലവ്. ഇതിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 637 കോടിയും വിമാനത്താവളത്തിനു വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കിയതിന് 213 കോടി രൂപയുമാണു ചെലവായത്.

25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഏപ്രണു ചെലവ് 175 കോടി രൂപയാണ്. ദേശീയപാതയിൽ അത്താണിയിൽ നിന്നു വിമാനത്താവളം വരെയാണു നാലുവരിപ്പാത. 4.3 കിലോമീറ്ററാണു ദൈർഘ്യം. മേൽപാലത്തിന്റെ നീളം 686 മീറ്റർ. മൊത്തം ചെലവ് 98 കോടി രൂപ. നിലവിൽ സിയാലിന്റെ സൗരോർജ പാനലുകളുടെ സ്ഥാപിത ശേഷി 15.5 മെഗാവാട്ട് ആണ്. ഇത് ആദ്യഘട്ടത്തിൽ 21.5 മെഗാവാട്ട് ആയാണു വർധിപ്പിക്കുന്നത്.