- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്കിങ് കഴിഞ്ഞ് ബോധം കെട്ട് വീണ യാത്രക്കാരന് വേണ്ടി ആംബുലൻസ് വിളിക്കാൻ പോലും മടി; അനാഥനായി കിടന്ന പ്രവാസി മലയാളിക്ക് ദാരുണ മരണം; നെടുമ്പാശ്ശേരി വിമാനത്താവള അധികാരികൾക്കും ഒമാൻ എയർവേയ്സിനും എതിരെ ഒരു വിധവയുടെ പോരാട്ടത്തിന്റെ കഥ
കൊച്ചി: ഒമാനിലേക്ക് പോകാനായി ബോഡിങ് പാസ് എടുത്ത യാത്രക്കാരൻ കുഴഞ്ഞു വീണു. അതും വിമാനത്താവളത്തിൽ. നെടുമ്പാശ്ശേരിയിലെ അധികൃതർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒമാൻ എയർവെയ്‌സും കൈമലർത്തി. ഇതോടെ വീട്ടുകാർക്ക് കാറിൽ ആശുപത്രിയിൽ കൊണ്ടു പോകേണ്ടി വന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഈ അനാസ്ഥയെടുത്തത്. അതുകൊ
കൊച്ചി: ഒമാനിലേക്ക് പോകാനായി ബോഡിങ് പാസ് എടുത്ത യാത്രക്കാരൻ കുഴഞ്ഞു വീണു. അതും വിമാനത്താവളത്തിൽ. നെടുമ്പാശ്ശേരിയിലെ അധികൃതർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒമാൻ എയർവെയ്‌സും കൈമലർത്തി. ഇതോടെ വീട്ടുകാർക്ക് കാറിൽ ആശുപത്രിയിൽ കൊണ്ടു പോകേണ്ടി വന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഈ അനാസ്ഥയെടുത്തത്. അതുകൊണ്ട് തന്നെ ഭർത്താവിന്റെ മരണത്തിലെ വേദനകളിൽ നിന്ന് മുക്തി നേടിയ ശേഷം മിനി പോരാട്ടം തുടർന്നു. നിയമയുദ്ധത്തിലൂടെ വിമാനത്താവളങ്ങളിൽ ഇത്തരം അനാസ്ഥകൾ ആവർത്തിക്കില്ലെന്ന് ഉറപ്പിക്കാനും കഴിഞ്ഞു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിക്കാനിടയായ സംഭവത്തിൽ വിമാനത്താവള അധികാരികളും സ്വകാര്യ എയർലൈൻസ് കമ്പനിയും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. പ്രഥമശുശ്രൂഷ നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് ശിക്ഷ. ആംബുലൻസ് സൗകര്യം ഒരുക്കാത്തതിനേയും ഫോറം വിമർശിച്ചു. പ്രാഥമിക ഉത്തരവാദിത്തം പോലും വിമാനത്താവള അധികൃതരും ഒമാൻ എയർവേയ്‌സും ചെയ്തില്ലെന്നും കണ്ടെത്തി. ചാലക്കുടി കൊറ്റനല്ലൂർ കൈതവളപ്പിൽ കെ.എൻ. രാജന്റെ മരണമാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള വിധിക്ക് കാരണം. വിമാനത്താവളത്തിൽ ഇസിജിയെടുക്കാനുള്ള സൗകര്യവും ഓക്‌സിജൻ നൽകാനുള്ള യന്ത്രവും പോലുമില്ല. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു.
അമ്പത്തിനാലുകാരനായ രാജൻ 2011 ജൂൺ 22 നാണു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഒമാനിലേക്ക് 7.15 നുള്ള വിമാനത്തിലായിരുന്നു യാത്ര. ബന്ധുക്കളോടൊപ്പം പുലർച്ചെ നാലുമണിയോടെ എത്തിയ രാജൻ ചെക്ക് ഇൻ ചെയ്യാൻ കയറി. കുറച്ചു കഴിഞ്ഞപ്പോൾ മകളുടെ ഭർത്താവിന്റെ ഫോണിലേക്കു രാജന്റെ ഫോണിൽ നിന്നു മറ്റാരോ വിളിച്ചു. അടിയന്തരമായി വിമാനത്താവളത്തിലെത്താൻ പറഞ്ഞു. ടെർമിനലിൽ സ്വകാര്യ ആശുപത്രിയുടെ ചികിൽസാ കേന്ദ്രത്തിലെ കിടക്കയിൽ ആരും പരിചരിക്കാനില്ലാതെ അബോധാവസ്ഥയിൽ രാജൻ കിടക്കുന്നതാണ് കണ്ടത്. പ്രാഥമിക ശുശ്രൂഷ പോലും ആരും നൽകിയില്ല. ഉടൻ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു.
വിമാനത്താവള അധികാരികളോടും ഒമാൻ എയർവേസിന്റെ സ്റ്റാഫിനേയും കാര്യങ്ങൾ അറിയിച്ചു. രാജന് അതികഠിനമായ ഹൃദയാഘാതമാണെന്നും സൂചന നൽകി. മതിയായ പ്രാഥമിക ചികിൽസ പോലും ലഭിക്കാത്ത രാജനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആംബുലൻസിന് വേണ്ടി നെട്ടോട്ടമായി. അരമണിക്കൂറോളം ശ്രമം നടത്തി. അതിന് ശേഷം വിമാനത്താവള അധികാരികൾ സ്വന്തം വണ്ടിയിൽ തന്നെ കൊണ്ടു പോകുന്നതാണ് നല്ലതെന്ന് രാജന്റെ മരുമകനായ സഞ്ജു ഗോപിനാഥിനോട് പറഞ്ഞു. ഒടുവിൽ അത് ചെയ്യേണ്ടിയും വന്നു. അങ്ങനെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ രാജൻ മരിച്ചു.
ഇതേ തുടർന്നാണ് രാജന്റെ ഭാര്യ മിനി, മക്കളായ നീതു, ജിതിൻ എന്നിവർ കൊച്ചി വിമാനത്താവള അധികാരികളെയും എയർലൈൻസ് കമ്പനിയെയും എതിർകക്ഷികളാക്കി അഭിഭാഷകരായ സി.വി. മനു വിൽസൻ, പി.ജി. സുരേഷ് എന്നിവർ മുഖേന നഷ്ടപരിഹാര ഹർജി സമർപ്പിച്ചത്. വിചിത്രമായ വാദമാണ് സിയാൽ ഉയർത്തിയത്. വിമാനത്താവളത്തിലെ ആരോഗ്യ പരിചരണ വിഭാഗത്തെ തളർച്ചയുടെ കാര്യം സൂചിപ്പിച്ച് രാജൻ തന്നെയാണ് സമീപിച്ചത്. സംസാരിക്കുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. രാജനെ ആശുപത്രിയിൽ കൊണ്ടു പോകാൻ അപ്പോൾ തന്നെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ അവർ അത് അനുസരിക്കാത്തതാണ് മരണ കാരണമായതെന്ന് സിയാൽ വാദിച്ചു.
വിമാനത്താവളത്തിൽ യാത്രയ്ക്കായി എത്തുന്നവരുടെ മരണത്തിൽ സമാധാനം പറയേണ്ട ബാധ്യതയില്ലെന്നായിരുന്നു ഒമാൻ എയറിന്റെ നിലപാട്. അപകടത്തിൽ യാത്രികൻ മരിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാം. അതും യാത്രക്കാരൻ വിമാനത്തിൽ ആണെങ്കിൽ മാത്രമെന്നും വാദിച്ചു. ഇതൊന്നും കോടതി വിധിയിൽ പ്രതിഫലിച്ചില്ല. സിയാൽ കാട്ടിയത് ക്രൂരതയാണെന്ന് വിധി വ്യക്തമാക്കുന്നു. ഹൃദയാഘാതം വന്ന യാത്രക്കാരനെ നേഴ്‌സുമായി വേണമായിരുന്നു ആശുപത്രിയിലേക്ക് മാറ്റേണ്ടത്. വിമാനത്താവളത്തിൽ ഡ്യൂട്ടിയിലെ ഡോക്ടർ ഇതിന് ശ്രദ്ധിക്കണമായിരുന്നു. വീട്ടുകാരോട് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പറഞ്ഞതും ശരിയായില്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ്.
കേസിൽ വാദം കേട്ട ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്റ് ചെറിയാൻ കെ. കുര്യാക്കോസ്, അംഗങ്ങളായ ഷീൻ ജോസ്, വി.കെ. ബീനാകുമാരി എന്നിവരാണു രാജന്റെ ബന്ധുക്കൾക്ക് എതിർകക്ഷികൾ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 30 ദിവസത്തിനകം വിധി നടപ്പാക്കാനും ഫോറം ഉത്തരവിട്ടു. വിമാനത്താവളത്തിലെ ആരോഗ്യ പരിചരണ വിഭാഗത്തിലെ അടിസ്ഥാന സൗകര്യക്കുറവിലേക്കുള്ള വിരൽ ചൂണ്ടൽ തന്നെയാണ് ഉത്തരവ്.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ