- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ 'വലി'ക്കാരെ കണ്ടെത്താൻ കമ്പനികളുടെ ഹൈടെക് തന്ത്രം; സൗജന്യമായി സിഗരറ്റ് നൽകി പുകവലിക്കാരെ വലവീശാൻ ഡൽഹി ആസ്ഥാനമായുള്ള കമ്പനി, ജില്ലകൾ തോറും സർവേ പുരോഗമിക്കുന്നു
പാലക്കാട്: സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉല്പന്നങ്ങളുടെ പരസ്യത്തിനും പ്രചരണത്തിനും നിയമം മറികടന്ന് പുതിയ ഹൈടെക് തന്ത്രം. പുകയില ഉല്പന്നങ്ങളുടെ പരസ്യങ്ങൾക്ക് സർക്കാർ നിയന്ത്രണം നിലനിൽക്കുമ്പോഴാണ് നിയമത്തെ മറികടക്കാൻ യുവാക്കളിലൂടെ പുതിയ ഹൈടെക് തന്ത്രവുമായി ഒരു കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കളെ നേരിട്ടു കണ്ടെത്
പാലക്കാട്: സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉല്പന്നങ്ങളുടെ പരസ്യത്തിനും പ്രചരണത്തിനും നിയമം മറികടന്ന് പുതിയ ഹൈടെക് തന്ത്രം. പുകയില ഉല്പന്നങ്ങളുടെ പരസ്യങ്ങൾക്ക് സർക്കാർ നിയന്ത്രണം നിലനിൽക്കുമ്പോഴാണ് നിയമത്തെ മറികടക്കാൻ യുവാക്കളിലൂടെ പുതിയ ഹൈടെക് തന്ത്രവുമായി ഒരു കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കളെ നേരിട്ടു കണ്ടെത്തുന്നതിനു പുറമേ അവരുടെ വിവരങ്ങൾ ശേഖരിക്കാനും ഇതുവഴി കഴിയും.
ഡൽഹി ആസ്ഥാനമായുള്ള ഒരു സിഗരറ്റ് കമ്പനിയാണ് കേരളത്തിൽ ഈ തന്ത്രവുമായി പുതിയ പുകവലിക്കാരെ ഉണ്ടാക്കുന്നത്. പുകവലിക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്ന സർവേ എന്ന പേരിലാണ് ഈ പരസ്യപ്രചരണവും വില്പനയും നടക്കുന്നത്. ഇതിനായി പാലക്കാട് ജില്ലയിൽനിന്ന് നിരവധി യുവാക്കളെ കമ്പനി തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ ജില്ലയിലെ ജോലിക്കും മറ്റു ജില്ലകളിൽ നിന്നു യുവാക്കളെയാണ് കമ്പനി നിയമിക്കുന്നത്.
തുടക്കത്തിൽ തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് പുതിയ രീതി പരീക്ഷിച്ചത്. മൂന്നു മാസം തിരുവനന്തപുരത്തു തുടങ്ങിയ സർവേ ഇപ്പോൾ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി വീണ്ടും റിക്രൂട്ട്‌മെന്റ് തുടങ്ങിയിട്ടുണ്ട്. സർവേ എന്ന പേരിലാണ് യുവാക്കളെ കമ്പനിയിലേക്ക് എടുക്കുന്നത്. പതിനഞ്ചുപേരിൽനിന്ന് സിഗരറ്റ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ഒരാളുടെ ഒരു ദിവസത്തെ ജോലി. കമ്പനി ഇറക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഇനത്തിന്റെ രുചി, വലിപ്പം, വില തുടങ്ങിയവ ഏതു വിധത്തിലായിരിക്കണം എന്ന് ചോദിച്ചറിയുന്നതിനോടൊപ്പം നിലവിലുള്ള പുതിയ സിഗരറ്റ് സൗജന്യമായി നൽകുകയും ചെയ്യും.
ഒരാഴ്ചത്തേക്ക് ആവശ്യമായ സിഗരറ്റ് നൽകിയ ശേഷം സിഗരറ്റ് വലിച്ചു തീരുമ്പോൾ വീണ്ടുമെത്തി ഒരാഴ്ചക്കുള്ളതുകൂടി സൗജന്യമായി നൽകും. ഇങ്ങിനെ നാലുതവണയായി ഒരു മാസം സൗജന്യമായി സിഗരറ്റ് നൽകും. ഇതോടെ സിഗരറ്റ് ലഭിക്കുന്ന വ്യക്തി പുതിയ ബ്രാൻഡിന്റെ അടിമയായി തീരും. ഒരാൾക്ക് സൗജന്യമായി സിഗരറ്റ് നൽകുന്നതിനോടൊപ്പം ഇയാൾ വഴി പുതിയ പുകവലിക്കാരെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. നിലവിലുള്ള പുകവലിക്കാർ ഏതെങ്കിലും ബ്രാൻഡിന്റെ സ്ഥിരം ഉപയോക്താക്കൾ ആയതിനാൽ അവരെ മാറ്റിയെടുക്കുന്നതിനേക്കാൾ പുതിയ വലിക്കാരിലേക്ക് ഇവ എത്തിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരത്ത് പരീക്ഷിച്ചു വിജയിച്ച ഇതേ ശൈലിയാണ് മറ്റു സ്ഥലങ്ങളിലും നടത്തുന്നത്.
സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ഇനവും ഇവർ പരീക്ഷിക്കുന്നുണ്ട്. കേരളത്തിലെ സ്ത്രീകളിൽ പൊതുവേ പുകവലിശീലം കുറവായതിനാൽ അവരിലൂടെ പുതിയ ബ്രാൻഡ് പ്രചരിപ്പിക്കാമെന്നാണ് കമ്പനി കണക്കാക്കുന്നത്. പുതിയ ഉല്പന്നം അപകടരഹിതമാണെന്നും, ഉന്മേഷം നൽകുന്നതാണെന്നും തെറ്റിധരിപ്പിച്ചാണ് പ്രചരണം. കോളേജുകൾ കേന്ദ്രീകരിച്ചും പുതിയ ഇനം സിഗരറ്റ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഉന്മേഷം ലഭിക്കാൻ തികച്ചും അപകടരഹിതമായ സിഗററ്റ് എന്ന നിലയിലാണ് പ്രചരണം. എന്നാൽ ഈ പുതിയ സിഗററ്റ് മറ്റു സിഗററ്റുകളിൽനിന്ന് വ്യത്യസ്തമല്ല. സർവേ ജോലിക്ക് എത്തിയ യുവാക്കളും പുതിയ ഉത്പ്പന്നത്തിന് അടിമയായി തീരുന്നുണ്ട്.
യുവാക്കളിൽ പ്രായം കുറഞ്ഞവർക്ക് കാമ്പസുകൾ കേന്ദ്രീകരിച്ചാണ് ജോലി. ദിവസേന പതിനഞ്ചു പേരെ കണ്ടെത്തുന്നതിന് കമ്പനി ഉയർന്ന പ്രതിഫലമാണ് യുവാക്കൾക്ക് നൽകുന്നത്. നിലവാരമുള്ള ലോഡ്ജുകളിൽ താമസസൗകര്യം, നല്ല ഭക്ഷണം എന്നിവ സൗജന്യമായി നൽകും. തുടക്കക്കാർക്ക് ദിവസേന 700 മുതൽ ആയിരം രൂപയാണ് പ്രതിഫലം. മൂന്നു മാസം കമ്പനിയിൽ തുടരുന്നവർക്ക് വില കൂടിയ മൊബൈൽ ഫോണും തുടർന്ന് സൗജന്യമായി ലാപ്‌ടോപും നൽകുന്നുണ്ട്. തികച്ചും സർവ്വേ എന്ന നിലയിൽ നടത്തുന്ന ഈ ജോലിയുടെ അപകടവശത്തെക്കുറിച്ച് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ഭൂരിഭാഗം യുവാക്കൾക്കും അറിയില്ലെന്നതാണ് വാസ്തവം.
പരസ്യത്തിന് നിയന്ത്രണമുള്ളതിനാൽ അതുവഴി ചെലവാക്കാൻ ഉദ്ദേശിക്കുന്ന കോടിക്കണക്കിനു രൂപ സർവ്വേ ലേബലിൽ ചെലവഴിച്ച് പുതിയ ഉപയോക്താക്കളെ കണ്ടെത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഓരോ ഉപയോക്താവും പുതിയ ബ്രാൻഡിന്റെ അടിമകളായി തീരുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനിക്ക് ലഭിക്കുകയും ചെയ്യുമെന്നതാണ് പുതിയ രീതിയുടെ പ്രയോജനം. നിലവിലെ നിയമങ്ങൾ ഇത്തരം സർവ്വേകൾ നടത്തുന്നതിന് തടസ്സമല്ല എന്നതും ഇവർക്ക് അനുകൂല സാഹചര്യമാണ് ഉണ്ടാക്കുന്നത്.