- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരയ്ക്കാർ അറബിക്കടലിന്റെ സിഹം മികച്ച ചിത്രം; മികച്ച സംവിധായകൻ പ്രിയദർശനും; ധനുഷും മനോജ് വാജ്‌പേയിയും മികച്ച നടന്മാർ; കങ്കണ റാവത്ത് മികച്ച നടി; ധനുഷിന് പുരസ്‌കാരം നൽകുന്നത് അസുരനിലെ മികവ്; പിന്തള്ളിയത് മോഹൻലാലിനേയും പ്രാർത്ഥിപനേയും അടക്കമുള്ള പ്രതിഭകളെ; വീണ്ടും മലയാള തിളക്കം
ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 11 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മിന്നും നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.ബിരിയാണി സംവിധാനം ചെയ്ത സജിൻ ബാബു ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി.
തമിഴ് നടൻ ധനുഷും ഹിന്ദി അഭിനേതാവ് മനോജ് വാജ്‌പേയും മികച്ച നടന്മാർക്കുള്ള പുരസ്‌കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. മണികർണിക, പങ്ക എന്നി സിനിമകളിലെ അഭിനയത്തിനാണ് കങ്കണാ റണാവത്തിന് അംഗീകാരം. അസുരനിലെ മികവാർന്ന അഭിനയമാണ് ധനുഷിനെ പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്. മോഹൻലാലും പ്രാർത്ഥിപനുമടക്കമുള്ള പ്രതിഭകളെ പിന്തള്ളിയാണ് ധനുഷും മനോജ് വാജ്‌പേയിയും അവാർഡ് പങ്കിടുന്നത്. വിജയ് സേതുപതിയും പല്ലവി ജോഷിയും മികച്ച സഹ നടിനടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പനിയ സിനിമയ്ക്കുള്ള പുരസ്‌കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്ക്കാണ്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരൻ നേടി.
അവസാന റൗണ്ടിൽ 17 മലയാള ചലച്ചിത്രങ്ങളാണ് ഇടംപിടിച്ചത്.മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിമിന് ലഭിച്ചു. സഞ്ജയ് സൂരിയുടെ എ ഗാന്ധിയൻ അഫയർഃ ഇന്ത്യാസ് ക്യൂരിയസ് പോർട്രയൽ ഓഫ് ലവ് ഇൻ സിനിമ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു.
സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്‌കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാനപുരസ്‌കാരവും സിദ്ധാർഥിനായിരുന്നു. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരത്തിന് അർഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്‌കാരനേട്ടമുണ്ട്.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംഗീത സംവിധായകൻ ബിശാഖ് ജ്യോതി. മികച്ച എഡിറ്റിങ്ങ് അർജുൻ ഗോരിസരിയ. രാധ എന്ന ആനിമേഷൻ ചിത്രത്തിനാണ് മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്‌കാരം. സപർഷി സർക്കാറിന് ഓൺ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് പുരസ്‌കാരം. മികച്ച ഛായാഗ്രഹക സവിതാ സിങ്. മികച്ച സംവിധായകൻ നോക്ക് നോക്ക് സംവിധാനം ചെയ്ത സുധാൻഷു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ആൻ എഞ്ചിനീയർഡ് ഡ്രീം ആണ് മികച്ച നോൺ ഫീച്ചർ സിനിമ. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിം നേടി.
ഒറ്റനോട്ടത്തിൽ
മികച്ച ചിത്രം- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം
മികച്ച നടി- കങ്കണ റണാവത്ത് (പങ്ക, മണികർണിക)
മികച്ച നടൻ- മനോജ് ബാജ്‌പേയി (ഭോൻസ്ലെ), ധനുഷ് (അസുരൻ)
മികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻ (ജല്ലിക്കട്ട്)
മികച്ച സഹനടൻ- വിജയ് സേതുപതി (സൂപ്പർ ഡിലക്‌സ്)
മികച്ച സഹനടി - പല്ലവി ജോഷി
മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) - ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ
പ്രത്യേക ജൂറി പരാമർശം- ബിരിയാണി
സ്‌പെഷ്യൽ എഫക്ട്- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ
ഗാനരചന: പ്രഭാവർമ്മ( കോളാമ്പി)
മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച തമിഴ്ചിത്രം- അസുരൻ
മികച്ച ഹിന്ദി ചിത്രം; ഛിഛോരെ
മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
മികച്ച നിരൂപണം: സോഹിനി ചതോപാധ്യായ
കുടുംബബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കഥേതതര ചിത്രം: ഒരു പാതിരാസ്വപ്നം പോലെ ( ശരൺ വേണുഗോപാൽ)
കഥേതര വിഭാഗത്തിൽ വിപിൻ വിജയിയുടെ സ്‌മോൾ സ്‌കെയിൽ സൊസൈറ്റിക്ക് പ്രത്യേക ജൂറി പരാമർശം
കഥേതര വിഭാഗത്തിൽ മികച്ച വിദ്യാഭ്യാസ ചിത്രം: ആപ്പിൾസ് ആൻഡ് ഓറഞ്ചസ്
മികച്ച പാരിസ്ഥിതിക ചിത്രംഃ ദ് സ്റ്റോർക്ക് സേവിയേഴ്‌സ്
പണിയ ഭാഷയിലെ മികച്ച ചിത്രം: മനോജ് കാനയുടെ കെഞ്ചിറ
മേക്കപ്പ്: ഹെലൻ ( രഞ്ജിത്ത്)
നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം: മാത്തുക്കുട്ടി സേവ്യർ ( ഹെലൻ)
വസ്ത്രാലങ്കാരം: മരക്കാർ ( സുജിത് സുധാകരൻ, വി. സായ്)
മറുനാടന് മലയാളി ബ്യൂറോ