- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണത്തിലും അഭിനയത്തിലും തിരക്കഥയിലും കൂടി കയ്യൊപ്പ് ചാർത്താൻ ഒരുങ്ങി അഡ്വ. ബിഎ ആളൂർ; ചെറുപ്പത്തിൽ നാടകത്തിൽ വേഷമിട്ട ബിജു ആന്റണി ചലച്ചിത്ര ലോകത്ത് ഇറങ്ങുന്നത് നൂറുകോടി മുടക്കി സിനിമാ കമ്പനി തുടങ്ങിക്കൊണ്ട്; മമ്മുട്ടിയെ ഉൾപ്പെടെ അഭിനയിപ്പിക്കുന്ന സിനിമയുടെ സംവിധായകൻ ദിലീപിന്റെ വലംകൈയായ സലീം ഇന്ത്യ: സിനിമാ മംഗളം പുറത്തുവിട്ട റിപ്പോർട്ട് പൾസർ സുനിയുടെ വക്കീൽ ശരിവയ്ക്കുമ്പോൾ ഉയരുന്നത് നടി ആക്രമിച്ച കേസിന്റെ ഭാവി ഇനി എന്തെന്ന ചോദ്യം
കൊച്ചി: നടി ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകനായ അഡ്വ. ബി എ ആളൂർ സിനിമാ കമ്പനി തുടങ്ങുന്നുവെന്ന വാർത്ത പുറത്തുവരുന്നു. നൂറുകോടി മുതൽമുടക്കുന്ന കമ്പനി രൂപീകരിച്ചുകഴിഞ്ഞതായും ഇതിന്റെ ഡയറക്ടറാണ് അഡ്വ. ആളൂരെന്നുമാണ് വിവരം. നിർമ്മാണം, അഭിനയം, തിരക്കഥ എന്നീ മൂന്ന് മേഖലകളിലും ആളൂർ കൈവയ്ക്കും. ചെറുപ്പത്തിലേ അഭിനയത്തിൽ താൽപര്യം ഉണ്ടായിരുന്ന ആളാണ് ബിജു ആന്റണി എന്ന ബിഎ ആളൂർ. അങ്ങനെയാണ് ഇപ്പോൾ സിനിമയിലും ഒരു കൈനോക്കാൻ ഇറങ്ങുന്നത്. ആദ്യചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ നടി ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ ദിലീപിന് വേണ്ടി വാദങ്ങളുമായി മുന്നിൽ നിൽക്കുകയും നടന്റെ വലംകൈയെന്ന് അറിയപ്പെടുകയും ചെയ്യുന്ന സലീം ഇന്ത്യയും. ഇരുവരും കൈകോർത്ത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ ചർച്ചകൾ നടന്നുകഴിഞ്ഞതായാണ് വിവരം. സിനിമാ മംഗളം പുതിയ ലക്കത്തിൽ പുറത്തുവിട്ട റിപ്പോർട്ട് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഇത്തരമൊരു സിനിമാ സംരംഭത്തിന്റെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി അഡ്വ. ആളൂര
കൊച്ചി: നടി ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകനായ അഡ്വ. ബി എ ആളൂർ സിനിമാ കമ്പനി തുടങ്ങുന്നുവെന്ന വാർത്ത പുറത്തുവരുന്നു. നൂറുകോടി മുതൽമുടക്കുന്ന കമ്പനി രൂപീകരിച്ചുകഴിഞ്ഞതായും ഇതിന്റെ ഡയറക്ടറാണ് അഡ്വ. ആളൂരെന്നുമാണ് വിവരം. നിർമ്മാണം, അഭിനയം, തിരക്കഥ എന്നീ മൂന്ന് മേഖലകളിലും ആളൂർ കൈവയ്ക്കും.
ചെറുപ്പത്തിലേ അഭിനയത്തിൽ താൽപര്യം ഉണ്ടായിരുന്ന ആളാണ് ബിജു ആന്റണി എന്ന ബിഎ ആളൂർ. അങ്ങനെയാണ് ഇപ്പോൾ സിനിമയിലും ഒരു കൈനോക്കാൻ ഇറങ്ങുന്നത്. ആദ്യചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ നടി ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ ദിലീപിന് വേണ്ടി വാദങ്ങളുമായി മുന്നിൽ നിൽക്കുകയും നടന്റെ വലംകൈയെന്ന് അറിയപ്പെടുകയും ചെയ്യുന്ന സലീം ഇന്ത്യയും. ഇരുവരും കൈകോർത്ത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ ചർച്ചകൾ നടന്നുകഴിഞ്ഞതായാണ് വിവരം. സിനിമാ മംഗളം പുതിയ ലക്കത്തിൽ പുറത്തുവിട്ട റിപ്പോർട്ട് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഇത്തരമൊരു സിനിമാ സംരംഭത്തിന്റെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി അഡ്വ. ആളൂരും മറുനാടനോട് സ്ഥിരീകരിച്ചു.
മുമ്പ് സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി രംഗത്തെത്തുകയും പ്രതിക്ക് തൂക്കുകയർ ഒഴിവാക്കി ജീവപര്യന്തമാക്കി ശിക്ഷാ ഇളവ് നേടിക്കൊടുക്കുകയും ചെയ്തതിലൂടെ ആണ് അഡ്വ. ആളൂർ മാധ്യമ വാർത്തകളിൽ നിറയുന്നത്. ഇതിന് പിന്നാലെ കേരളത്തെ ഞെട്ടിച്ച് ജിഷ കേസിലും പ്രതി അമീറുളിന് വേണ്ടി ആളൂർ തന്നെ രംഗത്തെത്തി. അതിന് ശേഷമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകന്റെ റോളും ആളൂർ തന്നെ ഏറ്റെടുക്കുന്നത്.
നടൻ ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നയിച്ചത് പൾസർ സുനിയുടെ വെളിപ്പെടുത്തലാണ്. ക്വട്ടേഷൻ ദിലീപാണ് ഏൽപിച്ചതെന്ന സുനിയുടെ വെളിപ്പെടുത്തലാണ് നടനെ കുടുക്കിയത്. കാര്യങ്ങൾ ഇങ്ങനെ നീങ്ങുകയും കേസിന്റെ വിചാരണ തുടങ്ങുകയും ചെയ്യുന്നതിനിടെ ദിലീപിന്റെ വലംകൈയായി അറിയപ്പെടുന്ന സലീം ഇന്ത്യയും കേസിൽ എതിർപക്ഷത്തുള്ള പൾസറിന്റെ അഭിഭാഷകൻ ആളൂരും സിനിമയുടെ പേരിൽ കൈകോർക്കുന്നതോടെ കേസിൽ ഇനി എന്തൊക്കെ ട്വിസ്റ്റുകൾ ഉണ്ടാകുമെന്ന ചോദ്യം ഉയരുകയാണിപ്പോൾ. നല്ലൊരു സംവിധായകനാവുക എന്ന മോഹവുമായി സർവവും ദിലീപ് എന്ന് പറഞ്ഞ് നടക്കുന്നയാളാണ് സലീം ഇന്ത്യ. ആളൂരിനെ അടുത്തിടെ ഒരു യോഗത്തിൽ പങ്കെടുപ്പിക്കാൻ സലീം ഇന്ത്യ ഉത്സാഹവും കാട്ടി. കഴിഞ്ഞ ദിവസം എറണാക്കുളം ബി.ടി.എച്ച്. ദർബാർ ഹാളിൽ നടന്ന സ്ത്രീശാക്തീകരണ സെമിനാറിൽ ബി.എ ആളൂരിനെ അദ്ധ്യക്ഷനാക്കി ഒരു താരത്തെ പോലെ പങ്കെടുപ്പിച്ചാണ് സലീം ഇരുവരും തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്.
മംഗളം സിനിമ റിപ്പോർട്ട് ഇങ്ങനെ:
ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയുടെ വക്കീലുമായ അഡ്വ. ബി.എ ആളൂർ എന്ന ബിജു ആന്റണി സിനിമയിലേക്ക് എന്ന് വ്യക്തമാക്കിയാണ് മംഗളം സിനിമ റിപ്പോർട്ട്. നിർമ്മാണം, അഭിനയം, തിരക്കഥരചന ഈ മൂന്നു മേഖലകളിലാണ് അഡ്വ. ആളൂർ തന്റെ കൈയൊപ്പ് പതിക്കാൻ തുടങ്ങുന്നത്. ഇന്ത്യയിലെത്തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗം വക്കീൽ ആയി ഹാജരയതോടെയാണ് ആളൂർ മാധ്യമങ്ങളുടെ ശ്രദ്ധകേന്ദ്രമായത്.
സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വക്കാലത്ത്, ജിഷയുടെ വധക്കേസിൽ അമീറുൾ ഇസ്ലാമിന്റെ വക്കാലത്ത്, ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിക്കു വേണ്ടിയും ആളൂർ ഹാജരായിരുന്നു. പൾസർ സുനിയുടെ വെളിപ്പെടുത്തലാണ് ജനപ്രിയ നായകൻ ദിലീപിന്റെ 85 ദിവസത്തെ ജയിൽവാസത്തിനും ദിലീപ് എന്ന നടന്റെ പതനത്തിനും കാരണമായത്. പൾസറിന്റെ മൊഴിക്ക് ഈ കേസിൽ ഏറെ പ്രാധാന്യമുണ്ടെന്നിരിക്കേ പൾസറിന്റെ അഭിഭാഷകന്റെ ഓരോ ചലനത്തിനും വലിയ മുഴക്കമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് ട്രയൽഘട്ടത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ അഡ്വ. ആളൂരിന്റെ സിനിമാപ്രവേശനം ഏരെ സൂക്ഷ്മതയോടെ വേണം നോക്കികാണാൻ. ആളൂർ ഒരു നേരം പോക്കിനു വേണ്ടിയല്ല വലിയ പ്രോജക്ടുകൾ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് സിനിമയിലേക്ക് വരുന്നത് എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ.
ആളൂർ ഡയറക്ടറായി ഒരു പുതിയ സിനിമാ കമ്പനി രൂപീകരിച്ചുകഴിഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും നാളിൽ ഉണ്ടാവും. നിർമ്മാണം, വിതരണം എന്നീ മേഖലകൾക്കു പുറമെ ഒരു ചലച്ചിത്ര ചിത്രീകരണ യൂണിറ്റ് കൂടി സ്ഥാപിക്കുക എന്നതാണ് ആളൂരിന്റെ സ്വപ്നം. എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സിനിമയുടെ സകല സാധ്യതകളുടെയും സമന്വയം. എറണാക്കുളം, ബോംബെ, പൂണെ എന്നവിടങ്ങളിലായി പ്രവർത്തനം വ്യാപിപ്പിക്കും. ഇതിന്റെ ആദ്യത്തെ ഓഫീസും സ്റ്റുഡിയോ ഫ്ളോറും എറണാക്കുളത്ത് ഒരുങ്ങുന്നു.
100 കോടിയാണ് ഈ സംരഭത്തിന്റെ മുടക്കുമുതൽ. ആളൂർ ഡയറക്ടറായി ആരംഭിക്കുന്ന നിർമ്മാണ-വിതരണ കമ്പനിയുടെ ആദ്യചിത്രം ഒരുക്കുന്നത് എഴുത്തുക്കാരനും ഫെഫ്ക മെമ്പറും ഷാജി കൈലാസിന്റെ ശിഷ്യനുമായ സലിം ഇന്ത്യയാണ്. നടൻ ദിലീപ് കേസിൽ തടഞ്ഞുവീണപ്പോൾ ഓടിയെത്തിയ ആളാണ് സലിം. ദിലീപിനു വേണ്ടി, ദിലീപിന്റെ ഡിസിനിമാസ് തുറക്കുന്നതിനു വേണ്ടി ചാലക്കുടി നഗരസഭയുടെ മുമ്പിൽ ശയനപ്രദിക്ഷണവും നിരാഹാരസമരവും നടത്തി. ദിലീപിനെ കുടുക്കിയാതാണെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിക്കും ഹർജി നൽകി. ടെലിവിഷൻ ഡിബേറ്റ് ഹവർ ചർച്ചകളിലും ഓൺലൈൻ മാധ്യമങ്ങളിലും ഈ ദിലീപ് ഭക്തൻ നിറഞ്ഞുനിൽക്കുന്നു.
ഉൾക്കാമ്പുള്ള സാഹിത്യസൃഷ്ടികൾ മലയാളസിനിമയ്ക്കു നൽകിയ ഈ എഴുത്തുക്കാരൻ സിനിമാമോഹം തലയ്ക്കുപിടിച്ചാണ് ഗൾഫിൽ നല്ല ശമ്പളം കിട്ടിയിരുന്ന സൺ മൈക്രോ സിസ്റ്റംസ് എന്ന അമേരിക്കൻ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നത്. നാട്ടിലേത്തിയതിനു ശേഷം ലോഹിതദാസ്, കമൽ, രഞ്ജിത്ത്, ഷാജി കൈലാസ്എന്നിവരോടൊപ്പം പ്രവർത്തിച്ചു. ആ പ്രവർത്തനപരിചയം കൈമുതലാക്കി സലിം ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ദിലീപ് ജയിലിൽ കിടന്ന 85 ദിവസവും ആലുവ സബ്ജയിലിന്റെ പരിസത്തുണ്ടായിരുന്നു. ദിലീപിനുവേണ്ടി വീടുവിട്ടിറങ്ങിയ സലിം ഇന്ത്യയുടെ അസാന്നിധ്യത്തിൽ ബന്ധുകൾ ആരൊക്കെയോ പാര വച്ച് സലിമിന്റെ കുടുംബം തകർത്തു. ഭാര്യയും മൂന്നു കുട്ടികളും സലിമിനെ ഉപേക്ഷിച്ചു.
ഈ കടുത്ത മനോവേദനയിലും ഒരു സിനിമ എന്ന സ്വപ്നത്തെ അദ്ദേഹം താലോലിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് കാക്കക്കാലിന്റ തണലിൽ നിൽക്കുന്ന ദിലീപിനെ ഓടിച്ചെന്നു സഹായിച്ച സലിമിനെ കണ്ടു സംസാരിക്കാൻ പോലും ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് ശ്രമിച്ചില്ല. ദിലീപ് കമ്മാരസംഭവത്തിന്റെ തിരക്കുകളിൽ ഊളയിട്ടു. ഏകാന്തതയുടെ പൊരിവെയിലത്തു നിൽക്കുമ്പോഴാണ് ചാനൽ ചർച്ചകൾക്കിടയിൽ സൗഹൃദത്തിലായ അഡ്വ. ആളൂർ സലിമിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകാൻ ഒരു ദൈവദൂതനെ പോലെ അവതരിച്ചിരിക്കുന്നത്.
പാരവെപ്പിൽ വിരുതരായ മലയാളികൾ പാരവെച്ച് അഡ്വ. ആളൂരിന്റെ സിനിമയും സലിമിൽ നിന്നും തട്ടിത്തെറിപ്പിക്കുമോ എന്ന് വരും നാളുകളിൽ കണ്ടറിയണം. ഇവൻ വെറും ദിലീപ് ഭക്തൻ. ഇവന് സിനിമയെടുക്കാനറിയില്ല. സിനിമ ഞാൻ ചെയ്തു തരാം എന്നു പറഞ്ഞ് വലിയ വലിയ സംവിധായകർ ആളൂരിനെ സമീപിക്കാനും ഇടയുണ്ട്. പക്ഷെ ആളൂർ അത്തരം പാരകളിൽ ഒന്നും വീഴുന്ന ആളല്ല. നല്ല നിശ്ചയദാർഢ്യവും ഉറച്ച തീരുമാനമുള്ള ആളാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം എറണാക്കുളം ബി.ടി.എച്ച്. ദർബാർ ഹാളിൽ നടന്ന സ്ത്രീശാകതീകരണ സെമിനാറിൽ ബി.എ ആളൂരിനെ അദ്ധ്യക്ഷനും മിന്നുന്ന താരവുമാക്കി പങ്കെടുപ്പിച്ചുകൊണ്ട് സലിം ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചത് ആളൂർ-സലിം സൗഹൃദത്തിന്റെ ആഴങ്ങളിലെക്ക് വിരൽ ചൂണ്ടുന്നു.
ആളൂർ എന്നെ കൈവിടില്ല. ദൈവം അനുഗ്രഹിച്ചാൽ ഈ സിനിമ നടക്കും. വെറുതെ ഒരഭിനയമോഹവുമായി രംഗത്തുവന്ന പുത്തൻ കൂറ്റുകാരനല്ല ആളൂർ എന്ന് ആളൂർ എന്ന അഭിഭാഷകന്റെ പൂർവ്വചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു. നിയമവിദ്യാർത്ഥിയാകുന്നതിനു മുമ്പേ അഭിനയത്തോടും മറ്റു കലാരൂപങ്ങളോടുമുള്ള ആഭിമുഖ്യം ബിജു ആന്റണിയുടെ മനസ്സിലുണ്ടായിരുന്നു, ജീവിതത്തിലും.
ചെറുപ്പംതൊട്ടെ നാടകങ്ങളിൽ അഭിനയിച്ച അനുഭവം ആളൂരിന് സിനിമാജീവിതത്തിൽ മുതൽക്കൂട്ടാവും. പള്ളിനാടകങ്ങളിൽ കലോത്സവ വേദികളിൽ ആടിത്തിമിർത്ത ഒരു കാലം ആളൂർ ഓർത്തെടുക്കുന്നുണ്ട്. അന്ന് ആളൂരല്ല ബിജു ആന്റണിയാണ്. കേരളോത്സവത്തിൽ ഒരു നാടകത്തിൽ ഇന്ദ്രൻ മച്ചാടിന്റെ സംവിധന മികവിൽ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ആളൂർ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
പള്ളിയിൽ അവതരിപ്പിച്ച ഒരു നാടകത്തിൽ പാപ്പച്ചൻ എന്ന ഒരു ഗുണ്ടയെ അവതരിപ്പിച്ചത് ഏരെ പ്രശംസ നേടിയ അനുഭവം. അഭിനയത്തിൽ മാത്രമല്ല കഥാപ്രസംഗ കലയിലും ആളൂർ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. സാംബശിവന്റെ കടുത്ത ആരാധകനായിരുന്നു ആളൂർ. സാംബശിവനിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ആളൂർ ദാവൂദും ഗോലിയാത്തും എന്ന കഥാപ്രസംഗം സ്വന്തമായി എഴുതിയുണ്ടാക്കി വേദിയിൽ അവതരിപ്പിച്ചത്.
പലരും ഗോവിന്ദച്ചാമിയുടെയും പൾസർ സുനിയുടെയും അഭിഭാഷകൻ മാത്രമായിട്ടാണ് ആളൂരിനെ കാണുന്നത്. ആളൂർ ഒരു അഭിഭാഷകൻ മാത്രമല്ല, ഒരു വലിയ കലാകാരൻ കൂടിയാണ്. ഒരു ഹ്യൂമനിസ്റ്റ്, അതെല്ലാം പുറത്തുവരേണ്ടത് കാലത്തിന്റെ അവശ്യമാണെന്ന് ഞാൻ കരുതുന്നു. കേരളത്തെ പിടിച്ചുക്കുലുക്കിയ ഒരു കേസിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന സിനിമയുടെ കാതൽ. കഥ സലീം ഇന്ത്യയുടേതാണെങ്കിലും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ആളൂർ ആണെന്നും മംഗളം സിനിമ റിപ്പോർട്ടിൽ പറയു്ന്നു.