ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: 2008 ലെ ചിത്രം സ്ലം ഡോഗ് മില്യണയറിലെ ജയ് ഹോ എന്ന ഗാനം എ ആർ റഹ്മാന് ഓസ്കർ, ഗോൾഡൻ ഗ്ലോബ്, ബാഫ്ത, ഗ്രാമി എന്നിവ അടക്കം നിരവധി പുരസ്കാരങ്ങൾ നേടി കൊടുത്തിരുന്നു. സംജീതജ്ഞൻ എന്ന നിലയിലും റഹ്മാന്റെ പ്രശസ്തി ഈ ഗാനം വാനോളം ഉയർത്തി. ഈ ഗാനം 2008 ലെ മറ്റൊരു ചിത്രം യുവരാജിന് വേണ്ടി ചിട്ടപ്പെടുത്തിയതാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഈ ഗാനം റഹ്മാനല്ല ചിട്ടപ്പെടുത്തിയെതെന്നും, പ്രതിഭാശാലിയായ ഗായകൻ സുഖ്വിന്ദർ സിങ്ങാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രംഗോപാൽ വർമ്മ.
ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് പഴയ സംഭവം രാംഗോപാൽ വർമ്മ ഓർത്തെടുത്തത്. സൽമാൻ ഖാൻ, കത്രീന കൈഫ് ചിത്രമായ യുവരാജിന് ജയ്ഹോ ഗാനം ചേർന്നതല്ലെന്ന് സംവിധായകനായ സുഭാഷ് ഘായിക്ക് തോന്നി. പിന്നീട് റഹ്മാൻ അത് സ്ലംഡോഗ് മില്യണയറിന് ഉപയോഗിച്ചു.
'2008ൽ സുഭാഷ് ഘായ്യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ 'യുവരാജ്' എന്ന സിനിമയ്ക്കായാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്വിന്ദർ സിങ് ആണ് ഇതു ചെയ്തത്. പാട്ടൊരുക്കുന്ന വേളയിൽ റഹ്മാൻ ലണ്ടനിലായിരുന്നു. സുഭാഷ് ഘായ് എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അദ്ദേഹം തിരക്ക് കൂട്ടിയതിനാൽ റഹ്മാൻ പാട്ട് ചിട്ടപ്പെടുത്താൻ സുഖ്വിന്ദറിനെ ഏൽപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്. എന്നാൽ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമ്മാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു"- രാം ഗോപാൽ വർമ പറഞ്ഞു.
കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ, സുഖ്വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണ് തനിക്ക് നൽകിയതെന്നറിഞ്ഞപ്പോൾ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചു. 'എനിക്ക് സുഖ്വിന്ദർ സിങ്ങിനെ വേണമെങ്കിൽ ഞാൻ അദ്ദേഹവുമായി കരാറിൽ ഒപ്പിടും. എന്റെ കയ്യിൽ നിന്ന് കാശ് മേടിച്ചിട്ട് എനിക്ക് വേണ്ടി സുഖ്വിന്ദറിനെ കൊണ്ട് സംഗീതം ചെയ്യിക്കാൻ നിങ്ങരാളാണ്? സുഭാഷ് ഘായ് ചോദിച്ചു.
റഹ്മാൻ ഘായിക്ക് നൽകിയ മറുപടി തന്റെ ജീവിതത്തിൽ താൻ കേട്ട മഹത്തായ ഒന്നായിരുന്നുവെന്നും രാംഗോപാൽ വർമ പറഞ്ഞു. 'സർ, എന്റെ പേരിനാണ്, എന്റെ സംഗീതത്തിന് വേണ്ടിയല്ല നിങ്ങൾ പണംമുടക്കുന്നത്. എനിക്കുവേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്ന് ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയാകും. 'താൾ' ഗാനത്തിന്റെ സംഗീതം ഞാൻ എവിടെ നിന്നാണ് എടുത്തതെന്ന് താങ്കൾക്ക് എങ്ങനെ അറിയാം? ചിലപ്പോൾ എന്റെ ഡ്രൈവറോ, മറ്റാരെങ്കിലുമോ ആവാം' റഹ്മാൻ ഘായിയോട് പറഞ്ഞു.
2009ലാണ് 'സ്ലം ഡോഗ് മില്യണയർ' പുറത്തിറങ്ങിയത്. ഗുൽസാർ, തൻവി എന്നിവർ ചേർന്നായിരുന്നു ഗാനരചന. എ ആർ റഹ്മാൻ, സുഖ്വിന്ദർ സിങ്, തൻവി, മഹാലക്ഷ്മി അയ്യർ, വിജയ് പ്രകാശ് എന്നിവർ ചേർന്നു ഗാനം ആലപിച്ചു. പാട്ടൊരുക്കുന്ന വേളയിൽ കോവിഡ് ലോക്ഡൗണിന് സമാനമായ സാഹചര്യമായിരുന്നുവെന്നും താൻ ലണ്ടനിലും ഗാനരചയിതാക്കളും ഗായകരും മറ്റു പല ഇടങ്ങളിലുമായിരുന്നുവെന്നും റഹ്മാൻ വെളിപ്പെടുത്തിയിട്ടുണ്ട്. 2009ൽ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് 'ജയ് ഹോ' ഓസ്കർ നേടിയത്.