കൊച്ചി: പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടു ജീവിതം 150 കോടി ക്ലബ്ബിൽ. 25 ദിവസംകൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പൃഥ്വിരാജാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. 150 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ആടുജീവിതം. 2018, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ആഗോളതലത്തിൽ ഈ നേട്ടം കൈവരിച്ചത്. പ്രേമലു, ലൂസിഫർ, പുലിമുരുകൻ എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷനും ചിത്രം മറികടന്നിട്ടുണ്ട്.

16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. കേരളത്തിന് പുറത്ത് നിന്നും മികച്ച കളക്ഷൻ നേടിയിരുന്നു.

2008-ൽ ആരംഭിച്ച 'ആടുജീവിതം' 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിലെ നായികഅമല പോളായിരുന്നു. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.